ഒത്താശ ചെയ്തവരും ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരുമായ ഏഴ് പ്രതികളെ കേസന്വേഷിച്ച ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ സ്വര്‍ണ്ണം കൊണ്ടുപോയ പ്രധാനപ്പെട്ട മൂന്നു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇവരെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനുള്ള ശ്രമം ഉണ്ടായില്ല
തൃശൂര്‍: തൃശൂര്‍ കൊക്കാല സ്വര്‍ണക്കവര്‍ച്ച കേസിൽ അന്വേഷണം വഴിമുട്ടി. മുഖ്യ പ്രതികളിപ്പോഴും ഒളിവിലാണ്. കുറച്ചൊന്നുമല്ല മോഷണം പോയത്, ഒന്നേമുക്കാല്‍ കോടിയുടെ സ്വര്‍ണമായിരുന്നു. സെപ്റ്റംബര്‍ 28 നാണ് കൊക്കാലയില്‍ നിന്ന് മാര്‍ത്താണ്ഡത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നു കിലോ സ്വര്‍ണ്ണമാണ് കാറിലെത്തിയ ക്രിമിനല്‍ സംഘം കവര്‍ന്നത്. സ്വര്‍ണക്കടയിലെ മുന്‍ ജീവനക്കാരനായിരുന്നു ഒറ്റുകാരന്‍. ജ്വല്ലറിയില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു പോകുമ്പോഴായിരുന്നു ആക്രമണം. ഒത്താശ ചെയ്തവരും ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരുമായ ഏഴ് പ്രതികളെ കേസന്വേഷിച്ച ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു.
എന്നാല്‍ സ്വര്‍ണ്ണം കൊണ്ടുപോയ പ്രധാനപ്പെട്ട മൂന്നു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇവരെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനുള്ള ശ്രമം ഉണ്ടായില്ല. നേരായ രീതിയില്‍ പോയിരുന്ന അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്നാണ് സ്വര്‍ണ്ണക്കട ഉടമകളുടെ ആരോപണം. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ പെട്ടന്ന് സ്ഥലം മാറ്റിയത് കേസ് അന്വേഷണം അട്ടിമറിക്കാനെന്നാണ് സ്വര്‍ണ്ണക്കട ഉടമകളുടെ ആരോപണം. രണ്ടര കിലോ സ്വര്‍ണമാണ് ഇനിയും വീണ്ടെടുക്കാനുള്ളത്. സ്വര്‍ണ്ണക്കടയിലെ ജീവനക്കാരായിരുന്നു കുന്നംകുളം സ്വദേശി ജോസഫും എല്‍ത്തുരുത്ത് സ്വദേശി പ്രസാദും. വായ്പയെടുത്താണ് സംരംഭം തുടങ്ങിയത്. ഒന്നേമുക്കാല്‍ കോടിയുടെ സ്വര്‍ണ്ണം നഷ്ടപ്പെട്ടതോടെ സംരംഭം രൂക്ഷമായ പ്രതിസന്ധിയിലാതി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഒന്നാം പ്രതി അന്തിക്കാട് പടിയം വന്നേനിമുക്ക് കണ്ണമ്പുഴ വീട്ടില്‍ ബ്രോണ്‍സണ്‍ (33), തൊട്ടിപ്പാള്‍ തൊട്ടാപ്പില്‍ മടപ്പുറം റോഡ് പുള്ളംപ്ലാവില്‍ വിനില്‍ വിജയന്‍ (23), മണലൂര്‍ കാഞ്ഞാണി മോങ്ങാടി വീട്ടില്‍ അരുണ്‍ (29), അരിമ്പൂര്‍ മനക്കൊടി കോലോത്തുപറമ്പില്‍ നിധിന്‍, മണലൂര്‍ കാഞ്ഞാണി പ്ലാക്കല്‍ മിഥുന്‍ (23), കാഞ്ഞാണി ചാട്ടുപുരക്കല്‍ വിവേക് (23), ഒളരി ബംഗ്ലാവ് റോഡ് കൊച്ചത്ത് വീട്ടില്‍ രാജേഷ് (42) ചാലക്കുടി കുറ്റിച്ചിറ മൂത്തേടത്ത് സുമേഷ് (38) എന്നിവരെയാണ് തൃശൂര്‍ ടൌണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി അലവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന സൂത്രധാരന്‍മാരായ രണ്ടാം പ്രതി നിഖില്‍, മൂന്നാം പ്രതി ജിഫിന്‍ എന്നിവരെയും ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുത്തവരും കണ്ടാലറിയാവുന്നവരുമായ മറ്റ് നാല് പേരെയും കൂടി പിടികൂടാനുണ്ട്.
അറസ്റ്റിലായ ബ്രോണ്‍സണ്‍ മുന്‍പ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കമ്മീഷന്‍ വ്യവസ്ഥയില്‍ ഇയാളായിരുന്നു സ്വര്‍ണാഭരണങ്ങള്‍ വിതരണം ചെയ്തിരുന്നത്. ഈയിനത്തില്‍ 15 ലക്ഷം രൂപയോളം സ്ഥാപനത്തില്‍ നിന്നും ബ്രോണ്‍സണ് ലഭിക്കാനുണ്ടെന്ന് പറയുന്നു. ചില പ്രശ്‌നങ്ങള്‍ മൂലം ഇയാളെ ജോലിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. പണം ലഭിക്കാത്തതിലുള്ള വൈരാഗ്യത്തിലാണ് ബ്രോണ്‍സണ്‍ നിഖില്‍, ജെഫിന്‍ എന്നിവരുമായി ചേര്‍ന്ന് സ്വര്‍ണം തട്ടിയെടുക്കുന്നതിന് പദ്ധതി തയ്യാറാക്കിയത്. സ്വര്‍ണാഭരണങ്ങള്‍ ഏതെല്ലാം ദിവസങ്ങളില്‍, ഏതെല്ലാം സമയത്താണ് കൊണ്ടുപോയിരുന്നത് എന്ന് ബ്രോണ്‍സണ് അറിയാമായിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പ്ലാന്‍ തയ്യാറാക്കിയത്.
പ്രതികള്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച അഞ്ച് വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രധാന പ്രതികളായ നിഖില്‍, ജെഫിന്‍ എന്നിവരെ അറസ്റ്റ് ചെയ്യാനും കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കാനുമുള്ള ശ്രമത്തിലാണ് പൊലീസ്. ഇപ്പോള്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാളായ സുമേഷ് ചാലക്കുടി എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസിലെ പ്രതിയാണ്. ആറാം പ്രതി നിധിന്‍ പുതുക്കാട് കൊലപാതക കേസിലും ഒമ്പതാം പ്രതി രാജേഷ് ടൌണ്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച കേസിലും പ്രതികളാണ്.
