സ്റ്റേഷനിൽ കയറി എഎസ്ഐയുടെ തല ഇടിച്ചുപൊട്ടിച്ചു; പൊലീസുകാരെ ആക്രമിച്ചത് എംഡിഎംഎ കേസ് പ്രതികളെ കാണാനെത്തിയവര്‍
സ്റ്റേഷനിലെ എ എസ് ഐ യുടെ തല ഇടിച്ചുപൊട്ടിച്ചു. മെഡിക്കൽ ലീവിലുള്ള പട്ടാളക്കാരനും സഹോദരനും ചേർന്നാണ് അക്രമം നടത്തിയത്.
കൊല്ലം : എംഡിഎംഎയുമായി അറസ്റ്റിലായ പ്രതികളെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയവര്‍ പൊലീസുകാരനെ ആക്രമിച്ചു. കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനുള്ളിൽ കയറിയാണ് രണ്ടംഗ സംഘം ആക്രമണം നടത്തിയത്. സ്റ്റേഷനിലുണ്ടായിരുന്ന എ എസ് ഐയുടെ തല ഇടിച്ചുപൊട്ടിച്ചു. മെഡിക്കൽ ലീവിലുള്ള പട്ടാളക്കാരനും സഹോദരനും ചേർന്നാണ് ആക്രമണം നടത്തിയത്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദമ്പതികൾ ഉൾപ്പെടെ നാല് പേർ പോലീസിന്റെ പിടിയിൽ
കൊല്ലത്ത് മാരക ലഹരി മരുന്നായ എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ നാല് പേർ പൊലീസിന്റെ പിടിയിൽ. സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘത്തിലുള്ളവരാണ് അറസ്റ്റിലായത്. കരിക്കോട്, ലോഡ്ജിൽ മുറിയെടുത്തായിരുന്നു ഇവരുടെ കച്ചവടം. കിളികൊല്ലൂര്‍ സ്വദേശി അഭിനാഷ്, പുന്തലത്താഴം സ്വദേശി അഖില്‍, പേരൂര്‍ സ്വദേശി അജു , ഭാര്യ ബിന്‍ഷ എന്നിവരെയാണ് കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കരിക്കോട് ഷാപ്പ്മുക്കിന് സമീപത്തുള്ള ലോഡ്ജില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍നിന്നും 19 ഗ്രാം എംഡിഎംഎയും 30 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിളികൊല്ലൂർ പൊലീസും കൊല്ലം സിറ്റി ഡാൻസാഫ് ടീമും സംയുക്തമായാണ് ലോഡ്ജിൽ പരിശോധന നടത്തിയത്. രണ്ട് മാസമായി ഇവർ ഷാപ്പ് മുക്കിലെ ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് കച്ചവടം ചെയ്ത് വരികയായിരുന്നു. എംഡിഎംഎക്ക് ഗ്രാമിന് 1500 രൂപ മുതൽ 2000 രൂപ വരെയാണ് ഇവർ വാങ്ങിയിരുന്നത്. ഗൂഗിൾ പേ വഴിയായിരുന്നു പണമിടപാടുകൾ. ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തിൽ ഇവരുടെ അക്കൗണ്ടിലേക്കെത്തിയത്. പ്രതികൾക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.