മൂർക്കനാട് ഇരട്ടക്കൊലക്കേസ് നാലാം പ്രതി അനുമോദിനെ ബെംഗളൂരുവിലെ ഒളിയിടത്തിൽ നിന്നും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു

തൃശ്ശൂർ: മൂർക്കനാട് ഇരട്ടക്കൊലപാതക കേസിൽ ഒരു വർഷമായി ഒളിവിലായിരുന്ന പ്രതിയെ പ്രത്യേക അന്വേഷണ സംഘം ബെംഗളൂരുവിൽ നിന്നും പിടികൂടി. കരുവന്നൂർ സ്വദേശി കറുത്തുപറമ്പിൽ അനുമോദ് (27) എന്നയാളെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. അറസ്റ്റിലായ അനുമോദ് കൊലപാതക ശ്രമം അടക്കം 10 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സ്റ്റേഷൻ റൗഡിയുമാണ്. കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നാം തിയ്യതി മൂർക്കനാട് ശിവക്ഷേത്ര ഉത്സവ വെടിക്കെട്ടിനു ശേഷം ആലുംപറമ്പിൽ വച്ചാണ് രണ്ടു യുവാക്കൾ കുത്തേറ്റ് മരിച്ചത്. 

തൃശൂർ വെളുത്തൂർ സ്വദേശി അക്ഷയ്, ആനന്ദപുരം സ്വദേശി സന്തോഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. നിരവധി കേസ്സുകളിൽ പ്രതിയായ കരുവന്നൂർ കറത്തുപറമ്പിൽ മാൻഡ്രൂ എന്നറിയപ്പെടുന്ന അഭിനന്ദിൻ്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റിരുന്നു. ഒന്നാം പ്രതി മാൻഡ്രുവിൻ്റെ അനുജനാണ് ഇപ്പോൾ പിടിയിലായ അനുമോദ്. ഈ കേസ്സിൽ നാലാം പ്രതിയാണ് ഇയാൾ. കൊലപാതകത്തിന് ശേഷം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ ഇയാൾ നാടുവിടുകയായിരുന്നു. ഒഡീഷയിൽ ഒളിവിൽ കഴിഞ്ഞ പ്രതി മൂന്ന് മാസം മുൻപാണ് ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലുള്ള ഒരു കടയിൽ ജോലി ചോദിച്ചെത്തിയത്. ആരുമറിയാതെ ഇവിടെ ഒളി ജീവതം നയിച്ചു വരുന്നതിനിടെയാണ് നാട്ടിലുള്ള പൊലീസ് സംഘത്തിന് പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്. ഇതോടെ പ്രത്യേക അന്വേഷണ സംഘം പ്രതിയെ തിരഞ്ഞ് ബെംഗളൂരുവിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.