Asianet News MalayalamAsianet News Malayalam

ജോളിയുമായി അടുത്ത ബന്ധം, ലീഗ് നേതാവ് ഇമ്പിച്ചി മൊയ്ദീന്‍റെ വീട്ടിൽ മിന്നൽ റെയ്‍‍ഡ്

ജോളിയിൽ നിന്ന് അമ്പതിനായിരം രൂപ കടം വാങ്ങിയിരുന്നു ഇമ്പിച്ചി മൊയ്ദീൻ. ഇതിന്‍റെ പ്രത്യുപകാരമായി വ്യാജ ഒസ്യത്തെഴുതി കൈക്കലാക്കിയ ഭൂമിയുടെ നികുതി ഇമ്പിച്ചിയെക്കൊണ്ട് അടപ്പിക്കാൻ ജോളി ശ്രമിച്ചിരുന്നു. 

raids at the home of imbichi moideen the league leader who was very close to jolly koodathai murder
Author
Kozhikode, First Published Oct 13, 2019, 2:43 PM IST

കോഴിക്കോട്: കൂടത്തായിയിൽ ജോളിയുടെ അയൽക്കാരനായ മുസ്ലിം ലീഗ് ശാഖാ പ്രസിഡന്‍റ് ഇമ്പിച്ചി മൊയ്ദീന്‍റെ വീട്ടിൽ പൊലീസ് റെയ്ഡ്. എന്നാൽ പരിശോധനയിൽ റേഷൻ കാർഡോ, ഭൂനികുതി രേഖകളോ ഉൾപ്പടെ ഒന്നും പൊലീസിന് കണ്ടെടുക്കാനായില്ല. അറസ്റ്റിന് തൊട്ടുമുമ്പ് ഈ രേഖകളെല്ലാം ഇമ്പിച്ചി മൊയ്ദീനെ ഏൽപിച്ചു എന്നായിരുന്നു ജോളിയുടെ മൊഴി. പൊന്നാമറ്റം വീടിന്‍റെ തൊട്ടടുത്താണ് ഇമ്പിച്ചി മൊയ്ദീന്‍റെ വീട്. 

പൊലീസിന്‍റെ പിടിയിലാകുന്നതിനു മുമ്പ് ജോളി മുസ്ലീംലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചിമൊയ്തീനെ നിരവധി തവണ വിളിച്ചിരുന്നതായി ഫോണ്‍ രേഖകള്‍ പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ തനിക്ക് വേണ്ടി വക്കീലിനെ ഏര്‍പ്പാടാക്കി തരണമെന്നാവശ്യപ്പെട്ടാണ് ജോളി വിളിച്ചതെന്നാണ് ഇമ്പിച്ചിമൊയ്തീന്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. 

കൂടത്തായി കൊലപാതകക്കേസില്‍ പിടിയിലാകുന്നതിന് രണ്ടു ദിവസം മുമ്പാണ് ജോളി ഇമ്പിച്ചിമൊയ്തീനെ നിരന്തരം ഫോണില്‍ വിളിച്ചത്. ഈ സമയത്ത് ജോളി അദ്ദേഹത്തെ നേരില്‍ ചെന്ന് കാണുകയും ചെയ്തിരുന്നു. വക്കീലിനെ ഏര്‍പ്പാടാക്കിത്തരണമെന്ന് ജോളി ആവശ്യപ്പെട്ടിരുന്നതായും കാര്യമെന്താണെന്ന് പറഞ്ഞിരുന്നില്ലെന്നും ഇമ്പിച്ചിമൊയ്തീന്‍ പൊലീസിന് മൊഴിനല്‍കി. 

ഒരു വക്കീലുമായി താന്‍ ജോളിയെ സമീപിച്ചിരുന്നു. എന്നാല്‍, അപ്പോഴേക്കും കോഴിക്കോട്ടുള്ള കസിന്‍ ബ്രദര്‍ വഴി വക്കീലിനെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് ജോളി അറിയിച്ചതായും ഇമ്പിച്ചിമൊയ്തീന്‍ പൊലീസിനോട് പറഞ്ഞിരുന്നതാണ്. 

Read more at: 'ജോളിയിൽ നിന്ന് പണം വാങ്ങി, ഭൂനികുതി അടയ്ക്കാൻ ശ്രമിച്ചു': സമ്മതിച്ച് ലീഗ് പ്രാദേശിക നേതാവ്

നേരത്തേ, ഇമ്പിച്ചി മൊയ്ദീനുമായി ഏഷ്യാനെറ്റ് ന്യൂസ് സംസാരിച്ചിരുന്നതാണ്. ജോളി വ്യാജ ഒസ്യത്തുണ്ടാക്കി കൈക്കലാക്കാൻ ശ്രമിച്ച ഭൂമിയുടെ നികുതി അടയ്ക്കാൻ താൻ പോയിരുന്നെന്ന് ഇമ്പിച്ചി മൊയ്‍ദീൻ സമ്മതിച്ചു. എന്നാൽ തനിക്കത് അടയ്ക്കാൻ കഴിഞ്ഞില്ല. എന്തോ പ്രശ്നമുള്ള ഭൂമിയാണതെന്ന് വില്ലേജോഫീസിൽ നിന്ന് പറഞ്ഞെന്നും ലീഗ് നേതാവ് പറയുന്നു. രണ്ടരക്കൊല്ലം മുമ്പ് ജോളിയിൽ നിന്ന് അരലക്ഷം രൂപ കടം വാങ്ങിയിരുന്നതായും ഇമ്പിച്ചി മൊയ്‍ദീൻ സമ്മതിക്കുന്നുണ്ട്. എന്നാൽ കൊലപാതകങ്ങളെക്കുറിച്ചൊന്നും തനിക്ക് ഒരറിവുമില്ലെന്നും ഇമ്പിച്ചി മൊയ്‍ദീൻ പറയുന്നു. 

അന്വേഷണം വിപുലമാകുന്നു

അതേസമയം, കേസുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. പാലായിലേക്കും കട്ടപ്പനയിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ജോളിയുടെ സ്വദേശമാണ് കട്ടപ്പന. പാലായിൽ ജോളി കുറച്ചുകാലം താമസിക്കുകയും ചെയ്തിരുന്നു. പാലായിലെ ഒരു പാരലൽ കോളേജിലാണ് ജോളി ബി കോം ബിരുദത്തിന് പഠിച്ചിരുന്നത്. 

Read more at: ജോളിയേയോ റോയിയോ അറിയില്ലെന്ന് കട്ടപ്പനയിലെ ജ്യോത്സ്യന്‍

Follow Us:
Download App:
  • android
  • ios