സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്യസംസ്ഥാനക്കാരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും പങ്കില്ലെന്ന് കണ്ട് വിട്ടയച്ചു. 

കോട്ടയം: ഏറ്റുമാനൂർ പേരൂരിൽ എസ്ബിഐ എടിഎം കുത്തിത്തുറന്ന് കവർച്ച നടത്താൻ ശ്രമം. കന്പിപ്പാര ഉപയോഗിച്ച് മെഷീൻ തകർത്തെങ്കിലും പണം കൈക്കലാക്കാൻ കള്ളന് കഴിഞ്ഞില്ല. മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു.

പുലർച്ചെയാണ് ഏറ്റുമാനൂർ പേരൂർ പുളിമൂട് കവലയിലെ എസ്ബിഐ എടിഎമ്മിൽ കവർച്ചാ ശ്രമം നടന്നത്. ടി ഷർട്ടും മാസ്കും തൊപ്പിയും ധരിച്ച് ബാഗുമായി എത്തിയ മോഷ്ടാവ് കന്പപ്പാര ഉപയോഗിച്ച് മെഷീൻ തകർത്തു. പക്ഷേ അരമണിക്കൂർ ശ്രമിച്ചെങ്കിലും പണം കൈക്കലാക്കാൻ കഴിഞ്ഞില്ല. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതരും സ്ഥിരീകരിച്ചു. ഒട്ടേറെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മേഖലയാണിത്. 

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്യസംസ്ഥാനക്കാരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും പങ്കില്ലെന്ന് കണ്ട് വിട്ടയച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. സിസിടിവിൽ ഒരാളുടെ ദൃശ്യമാണുള്ളതെങ്കിലും കൂട്ടാളികൾ ഉണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നു. എടിഎമ്മിന് വേണ്ടത്ര സുരക്ഷയില്ലായിരുന്നുവെന്ന പരാതിയുണ്ട്. 

മോഷ്ടാവ് എടിഎം തകർത്തെങ്കിലും അപായ സിഗ്നൽ പോലീസ് സ്റ്റേഷനിലും ബാങ്ക് അധികൃതരുടെ മൊബൈലിലേക്കും എത്തിയില്ലെന്നാണ് സൂചന. രാവിലെ നടക്കാൻ പോയവരാണ് എടിഎം തകർന്ന് കിടക്കുന്നത് പൊലീസിനേയും ബാങ്ക് മാനേജറേയും അറിയിച്ചത്.