പൂവാർ: അമ്പൂരി കൊലപാതക്കേസില്‍ പൊലീസിനെ ഞെട്ടിച്ച് മുഖ്യ പ്രതി അഖിലിന്‍റെ മൊഴി. തന്നെ കൊന്നുകളഞ്ഞാലും ഈ ബന്ധത്തിൽ നിന്നു പിന്മാറില്ലെന്ന് രാഖി മോൾ പറഞ്ഞു. കൊന്നോട്ടെയെന്ന് ചോദിച്ചപ്പോള്‍ കൊന്നോളാന്‍ രാഖി പറഞ്ഞെന്നും അഖില്‍ പൊലീസിന് മൊഴി നല്‍കി. ആദ്യം  കൈത്തണ്ട ഉപയോഗിച്ചും പിന്നീട് സീറ്റ് ബെല്‍റ്റിട്ടും കഴുത്ത് ഞെരിക്കുന്നതിനിടയില്‍ രാഖി സംസാരിക്കാന്‍ ശ്രമിച്ചു. 

രാഖി പറയാന്‍ ശ്രമിച്ചത് എന്താണെന്ന് കേള്‍ക്കാത്തതെന്ന പൊലീസിന്‍റെ ചോദ്യത്തിന് അഖില്‍ നല്‍കിയ മൊഴിയാണ് പൊലീസിനെ ഞെട്ടിച്ചത്. 'കൈവച്ച് പോയില്ലേ അതുകൊണ്ട് തീര്‍ക്കാമെന്ന് കരുതി'യെന്നാണ് അഖില്‍ പൊലീസിനോട് പറഞ്ഞത്. കാട്ടാക്കട അമ്പൂരി തട്ടാൻമുക്കിൽ നിർമാണം നടക്കുന്ന വീടിന്‍റെ വളപ്പിലാണ് രാഖിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. രാഖിയുടെ മൃതദേഹം മറവ് ചെയ്യുന്നതിനായി നേരത്തെ തന്നെ കുഴിയെടുത്തിരുന്നു. 

കുഴിയിലും മൃതദേഹത്തിലുമിടാനായി ഉപ്പ് പാക്കറ്റുകളും സംഭരിച്ച് വച്ചിരുന്നു. മൃതദേഹം കുഴിയിലിട്ട് ഉപ്പു വിതറി മണ്ണിട്ടു മൂടിയ ശേഷം കുളിച്ചുവന്ന അഖിൽ തന്നെയാണു രാഹുലിനെയും ആദർശിനെയും കൊല നടത്തിയ കാറിൽ തമ്പാനൂരിൽ എത്തിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

തമ്പാനൂർക്കു വരുന്നതിനിടെ പാതയോരത്തെ കുറ്റിക്കാട്ടിൽ രാഖിയുടെ വസ്ത്രങ്ങൾ എറിഞ്ഞ് കളഞ്ഞെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. രാഖിയുടെ ബാഗ് ഗുരുവായൂർ യാത്രയ്ക്കിടെ ബസിലും ഉപേക്ഷിച്ചു. കേസിൽ അറസ്റ്റിലായ വാഴിച്ചൽ അമ്പൂരി തട്ടാൻമുക്ക് അശ്വതി ഭവനിൽ അഖിലിനെയും ജ്യേഷ്ഠൻ രാഹുലിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും. 

കൊലപാതകത്തിന് ഇവരെ സഹായിച്ച അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ ആദർശിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പൂവാർ പുത്തൻകട ജോയിഭവനിൽ രാജന്റെ മകൾ രാഖി മോളുമായി ദീർഘകാല പ്രണയത്തെ തുടർന്നാണ് അഖിൽ  രഹസ്യമായി വിവാഹം കഴിച്ചത്. എന്നാല്‍ മറ്റൊരു യുവതിയുമായി വിവാഹം തീരുമാനിച്ചതിനെത്തുടർന്ന് രാഖിയെ ഒഴിവാക്കാൻ  അഖില്‍ തീരുമാനിക്കുകയായിരുന്നു. 

അഖിലിന്‍റെ പ്രതിശ്രുത വധുവിനോട് വിവാഹത്തിൽ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ട് രാഖി വാട്സ്ആപ്പ് സന്ദേശം അയച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് പെൺകുട്ടി പഠിക്കുന്ന സ്ഥലത്തും രാഖി പോയിരുന്നു. ഇതോടെയാണ്  രാഖിയെ കൊല ചെയ്യാൻ തീരുമാനിച്ചതെന്നും അഖില്‍ വ്യക്തമാക്കി.