Asianet News MalayalamAsianet News Malayalam

വിഗ്രഹം മോഷ്ടിച്ച് ആന്ധ്രയിലേക്ക് കടത്താന്‍ ശ്രമം; വാട്ട്സാപ്പ് സ്റ്റാറ്റസ് കെണിയായി, പ്രതികള്‍ പിടിയില്‍

മോഷ്ടിച്ച വിഗ്രഹവുമായി സംഘം  തമിഴ്നാട്ടിലേക്ക് കടന്നു. ഇത് ആന്ധ്രയിലെ വ്യാപാരിക്ക് വിൽക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയാണ് പ്രതികളിലൊരാളായ ദക്ഷിണാമൂര്‍ത്തി വിഗ്രഹത്തില്‍ ചുംബിക്കുന്ന ചിത്രം തന്‍റെ വാട്ട്സാപ്പ് സ്റ്റാറ്റസായി ഇട്ടത്. 

three youth arrested for theft ayyappa idol at kochi
Author
First Published Sep 27, 2022, 3:38 PM IST

കൊച്ചി: തൊടുപുഴയില്‍ ക്ഷേത്രത്തില്‍ നിന്നും അയ്യപ്പ വിഗ്രഹം മോഷ്ടിച്ച കേസിൽ മുന്നുപേരെ പൊലീസ് പിടികൂടി. വാഴക്കുളം ആവോലി ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ അയ്യപ്പന്‍റെ വെങ്കല വിഗ്രഹം മോഷണം ചെയ്ത തമിഴ്നാട് ഗൂഡല്ലൂര്‍, അലാദിവിരുദാചലം ഭാഗത്ത് സൗത്ത് സ്ട്രീറ്റില്‍ ദക്ഷിണാമൂര്‍ത്തി (37), തിരുപ്പൂര്‍ കരൈപ്പുദൂര്‍ അരുള്‍പുരം എം.എ.നഗര്‍ വെങ്കടേശ്വരന്‍ (28), അറിയാളൂര്‍, കുന്ദവെളി വെസ്റ്റ് നോര്‍ത്ത് സ്ട്രീറ്റ് പാണ്ട്യന്‍ (21) എന്നിവരെയാണ് വാഴക്കുളം പൊലീസ് പിടികൂടിയത്. 

വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. ദക്ഷിണാമൂര്‍ത്തി ആവോലിയിലെ ഹോട്ടലില്‍ ഒരു മാസമായി താമസിച്ചുവരികയായിരുന്നു. വിഗ്രഹം മോഷണം ചെയ്ത ശേഷം തമിഴ്നാട്ടിലേക്ക് കടന്ന് അവിടെയുള്ള കൂട്ടു പ്രതികളുമായി ചേർന്ന് വിഗ്രഹം ആന്ധ്രാപ്രദേശിലേക്ക് കച്ചവടം നടത്തുവാനുള്ള ശ്രമത്തിനിടെയായിരുന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.  അയ്യപ്പവിഗ്രഹത്തിൽ ചുംബിക്കുന്ന വാട്ട്സാപ്പില്‍ സ്റ്റാറ്റസായി ഇട്ടതോടെയാണ് മോഷ്ടാക്കളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

പ​‍ഞ്ചലോഹ വിഗ്രഹമാണെന്ന് കരുതിയാണ് സംഘം വെങ്കല വിഗ്രഹം മോഷ്ടിച്ചത്. മോഷണത്തിനായി ഒരു മാസത്തോളം ആവോലി യിലെ ഹോട്ടലിൽ ദക്ഷിണാമൂർത്തി വാടകയ്ക്ക് താമസിച്ചതായി പൊലീസ് പറയുന്നു. ക്ഷേത്രത്തിലെ ഉപദേവതാ വിഗ്രഹമായതിനാൽ ശ്രീകോവിലിന് പുറത്തെ കാ‌ഞ്ഞിര മരത്തിന്റെ ചുവട്ടിലാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നത്.  മോഷ്ടിച്ച വിഗ്രഹവുമായി സംഘം  തമിഴ്നാട്ടിലേക്ക് കടന്നു. ഇത് ആന്ധ്രയിലെ വ്യാപാരിക്ക് വിൽക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയാണ് പ്രതികളിലൊരാളായ ദക്ഷിണാമൂര്‍ത്തി വിഗ്രഹത്തില്‍ ചുംബിക്കുന്ന ചിത്രം തന്‍റെ വാട്ട്സാപ്പ് സ്റ്റാറ്റസായി ഇട്ടത്. 

ഇതോടെ പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. മൊബൈല്‍ ട്രാക്ക് ചെയ്ത് കേരള പൊലീസ് സംഘം പ്രതികളെ തമിഴ്നാട്ടിലത്തി പൊക്കുകയായിരുന്നു.  എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ നീരജ് കുമാര്‍ ഗുപ്തയുടെ നിര്‍ദ്ദേശാനുസരണം, എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ മേല്‍നോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ മൂവാറ്റുപുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മുഹമ്മദ് റിയാസ്, സബ്ബ് ഇന്‍സ്പെക്ടര്‍ ടി.കെ.മനോജ്, സീനിയർ സിവിൽ പോലീസുദ്യോഗസ്ഥരായ റെജി തങ്കപ്പന്‍, സേതുകുമാര്‍, രതീഷ് കുമാർ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

Read More :  പിപിഇ കിറ്റിട്ട് മെഡിക്കല്‍ ഷോപ്പ് കുത്തിത്തുറന്ന് 1.80 ലക്ഷം കവര്‍ന്നു; പ്രതി പിടിയില്‍

Follow Us:
Download App:
  • android
  • ios