Asianet News MalayalamAsianet News Malayalam

പൊലീസ് ജീപ്പ് കണ്ട് പതുങ്ങി 3 യുവാക്കൾ, ശരീരത്തിൽ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ എംഡിഎംഎ, വയനാട്ടിൽ വന്‍ ലഹരിവേട്ട

മീനങ്ങാടി സ്വദേശിക്ക് വില്‍ക്കാനായി ബംഗളുരുവിലുള്ള കറുപ്പന്‍ എന്ന നൈജീരിയക്കാരനില്‍ നിന്നും മൂന്ന് ലക്ഷത്തോളം രൂപക്കാണ് എം.ഡി.എം.എ വാങ്ങിയതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. 

three youths arrested with 348 gram mdma drugs in wayanad
Author
First Published Apr 6, 2024, 6:08 PM IST

കല്‍പ്പറ്റ: വില്‍പനക്കായി സൂക്ഷിച്ച ലക്ഷങ്ങള്‍ വില മതിക്കുന്ന എം.ഡി.എം.എയുമായി കണ്ണൂര്‍, പാലക്കാട് സ്വദേശികളായ യുവാക്കളെയും സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്ന ശൃംഖലയിലെ മുഖ്യ കണ്ണിയെയും മീനങ്ങാടി പൊലീസ് പിടികൂടി. 348 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂര്‍ തലശ്ശേരി സുഹമ മന്‍സില്‍ ടി.കെ. ലാസിം(26) പാലക്കാട് മണ്ണാര്‍ക്കാട് പാട്ടകുണ്ടില്‍ വീട്ടില്‍, ഹാഫിസ്(24) എന്നിവരെയും സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്ന ശൃംഖലയിലെ മുഖ്യ കണ്ണി കണ്ണൂര്‍ ആനയിടുക്ക് ആമിനാസ് വീട്ടില്‍ വാവു എന്ന തബ്ഷീര്‍(28)നെയുമാണ് മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.ജെ. കുര്യക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

2023 ഡിസംബറില്‍ 18.38 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിലായ കേസിന്റെ തുടരന്വേഷണത്തിലാണ് ഇയാള്‍ക്ക് ലഹരി എത്തിച്ചു നല്‍കിയതില്‍ പ്രധാന കണ്ണിയായ തബ്ഷീര്‍ പിടിയിലാകുന്നത്. ഇയാളെ കര്‍ണാടകയിലെ മാണ്ഡ്യയില്‍ വച്ചാണ് വെള്ളിയാഴ്ച പൊലീസ് പിടികൂടുന്നത്. ശനിയാഴ്ച രാവിലെ ഒമ്പതരയോടെ പൊലീസ് പട്രോളിങ്ങിനിടെയാണ് എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലാകുന്നത്. മീനങ്ങാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പൊലീസ് ജീപ്പ് കണ്ട് പരിഭ്രമിച്ച ഇവരെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ എം.ഡി.എം.എ കണ്ടെടുത്തത്. 

മീനങ്ങാടി സ്വദേശിക്ക് വില്‍ക്കാനായി ബംഗളുരുവിലുള്ള കറുപ്പന്‍ എന്ന നൈജീരിയക്കാരനില്‍ നിന്നും മൂന്ന് ലക്ഷത്തോളം രൂപക്കാണ് എം.ഡി.എം.എ വാങ്ങിയതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതോടെ ലഹരി വാങ്ങാന്‍ തയ്യാറായ മീനങ്ങാടി സ്വദേശിക്കും നൈജീരിയന്‍ സ്വദേശിക്കും വേണ്ടിയുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കി. അന്വേഷണം ബംഗളൂരുവിലേക്കും വ്യാപിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ എസ്. രഞ്ജിത്ത്, എം.ഡി. രവീന്ദ്രന്‍ എന്നിവരും പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Read More :  ബൈക്കിലൊരു യുവാവ് വരുന്നുണ്ട്, തടയണം; ഒല്ലൂരിൽ മഫ്തിയിലെത്തി തന്ത്രപരമായി വളഞ്ഞു, കിട്ടിയത് 2 കിലോ കഞ്ചാവ്!

Follow Us:
Download App:
  • android
  • ios