ആക്കുളം റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഉഷാകുമാരിയെയാണ് കെട്ടിയിട്ട് സ്വര്‍ണമാലയും മോതിരവും കവർന്നത്.
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില്‍ വൃദ്ധയെ കെട്ടിയിട്ട് വായില്‍ തുണി തിരുകി മോഷണം. ആക്കുളം റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഉഷാകുമാരിയെയാണ് കെട്ടിയിട്ട് സ്വര്‍ണമാലയും മോതിരവും കവർന്നത്. തൊട്ടടുത്ത് ചായക്കടയിൽ ജോലി ചെയ്യുന്ന മധുവിനെ പൊലിസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. അഞ്ച് വർഷമായി വാടകവീട്ടിൽ തനിച്ച് താമസിക്കുകയാണ് ഉഷാകുമാരി. വീടിന്‍റെ താഴത്തെ നിലയിലെ ബേക്കറിയിലെ തൊഴിലാളിയായ മധു പിന്നിലെ പടിക്കെട്ടിലൂടെ മോഷ്ടിക്കാൻ കയറി. വാതിലിന് സമീപമെത്തിയപ്പോള്‍ ഹെൽമറ്റ് വച്ചു. പുറത്തുകിടന്ന മുണ്ടെടുത്ത് കസേരയിൽ ഇരുന്ന സ്ത്രീയുടെ മുഖം മറച്ചു. കട്ടിലിൽ കിടത്തിയ ശേഷം കൈ കെട്ടി. നിലവിളിക്കാൻ ശ്രമിച്ചപ്പോള്‍ വായിൽ തുണി തിരുകി ശേഷം മാലയും മോതിരവും മോഷ്ടിച്ച് കടന്നു കളഞ്ഞു. നാലര മണി കഴിഞ്ഞ ശേഷമാണ് ഉഷ തൊട്ടടുത്തുള്ള തയ്യൽ കടക്കാരെ ഫോണ്‍ വിളിച്ച് വിവരം പറയുന്നത്. പൊലീസിന് വിവരം ലഭിച്ചപ്പോള്‍ ആറുമണി കഴിഞ്ഞു
പച്ച ഷര്‍ട്ടിട്ട്, തലയില്‍ ഹെല്‍മറ്റ് വെച്ചയാളാണ് ഉപദ്രവിച്ചതെന്ന് ഉഷാകുമാരി പൊലീസിന് മൊഴി നൽകി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മധുവിൻെറ ദൃശ്യങ്ങള്‍ കണ്ടെങ്കിലും ആരും മോഷ്ടിക്കുമെന്ന് വിശ്വസിച്ചില്ല. മധുവിനെ ഫോണ്‍ ലൊക്കേഷൻ പരിശോധിച്ചപ്പോള്‍ ഉള്ളൂരിലുണ്ടെന്ന് കണ്ടെത്തി. ബിവറേജ് ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങിയിറങ്ങുമ്പോള്‍ മധു പിടിയിലായി. പക്ഷെ മോഷണ കാര്യം സമ്മതിക്കാൻ മധു കൂട്ടാക്കിയില്ല. ശരീര പരിശോധന നടത്തിയപ്പോഴാണ് ഒന്നരലക്ഷം രൂപ കണ്ടെത്തിയത്.
സ്വർണം ചാലയിൽകൊണ്ടുവന്ന വിറ്റ പണമാണെന്ന് ഒടുവിൽ സമ്മതിച്ചു. 12 ലക്ഷം രൂപ കടമുണ്ടെന്നും ഇത് തീർക്കാനാണ് മോഷണം ആസൂത്രണം ചെയ്തതെന്നുമാണ് മധുവിൻെറ കുറ്റസമ്മത്. ഉഷാകുമാരി താമസിക്കുന്നതിന് സമീപമുള്ള തയ്യൽകടക്കാരനും ബോട്ടിക്കിലെ ജീവനക്കാരും ഭക്ഷണം കഴിക്കാൻ പോയ സമയമാണ് മോഷണം നടത്തിയത്. സ്വർണവുമായി വീട്ടിൽ പോയി വസ്ത്രം മാറ്റിയ ശേഷമാണ് ചാലയിൽ പോയി വിറ്റത്. പ്രതിയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തു.



