അമ്മാവനുമായി 15വര്‍ഷമായുള്ള രഹസ്യബന്ധം തുടരുന്നതിനായി വിവാഹം കഴിഞ്ഞ് 45 ദിവസം തികയുന്നതിനിടെ യുവതി സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകുകയായിരുന്നു

പാട്ന: മേഘാലയിലെ ഹണിമൂണ്‍ കൊലപാതകത്തിന് സമാനമായി ബിഹാറിൽ നവവരനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിലായി. ബിഹാറിലെ ഔറഗാബാദിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ഗുഞ്ജ സിങ് എന്ന യുവതിയാണ് പിടിയിലായത്. അമ്മാവനുമായി 15വര്‍ഷമായുള്ള രഹസ്യബന്ധം തുടരുന്നതിനായി വിവാഹം കഴിഞ്ഞ് 45 ദിവസം തികയുന്നതിനിടെ യുവതി സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകുകയായിരുന്നു.

ജൂണ്‍ 24നാണ് രാത്രിയാണ് പ്രിയാൻഷു കുമാര്‍ സിങ് എന്ന 24കാരൻ കൊല്ലപ്പെട്ടത്. വരാണസിയിൽ നിന്ന് തിരിച്ചെത്തി നബിനഗര്‍ റെയില്‍വെ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയാണ് യുവാവിനെ വെടിവെച്ച് കൊന്നത്. ഭാര്യയോട് ഫോണിൽ സംസാരിച്ചുകൊണ്ടുവരുന്നതിനിടെയാണ് തന്‍റെ ഭാര്യ തന്നെ ക്വട്ടേഷൻ നൽകിയ ഗുണ്ടാസംഘത്തിന്‍റെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടത്. യുവാവിന്‍റെ ലോക്കേഷനടക്കം യുവതി കൊലയാളികള്‍ക്ക് കൈമാറിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അമ്മയുടെ സഹോദരനായ 52കാരനായ ജീവൻ സിങുമായി ഗുഞ്ജൻ സിങ് രഹസ്യബന്ധത്തിലായിരുന്നു. 15വര്‍ഷമായി യുവതി ജീവൻ സിങുമായി പ്രണയബന്ധത്തിലായിരുന്നുവെന്നും ഇക്കാര്യം മറച്ചുവെച്ചുകൊണ്ട് കുടുംബത്തിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് യുവതി പ്രിയാൻഷുവിനെ വിവാഹം കഴിച്ചതെന്നും ഔറഗാബാദ് എസ്‍പി അംബരീഷ് രാഹുൽ പറഞ്ഞു. എന്നാൽ, വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടതോടെ തന്‍റെ അവിഹിതം മറച്ചുവെച്ച് മുന്നോട്ടുപേകാനാകില്ലെന്ന് തീരുമാനിച്ച ഗുഞ്ജ സിങ് ഭര്‍ത്താവിനെ ഇല്ലാതാക്കാൻ തീരുമാനിച്ചു.

അടുത്തിടെ മേഘാലയിൽ ഹണിമൂണിനിടെ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയിരുന്നു. ഇതിന് സമാനമായി ഗുഞ്ജ സിങും അമ്മാവൻ ജീവൻ സിങും ചേര്‍ന്ന് പ്രിയാൻഷുവിനെ കൊലപ്പെടുത്താനുള്ള ആസൂത്രണം നടത്തി. ജാര്‍ഖണ്ഡിലെ ഗര്‍വ ജില്ലയിലെ ജയ് ശങ്കര്‍ ചൗബെ, മുകേഷ് ശര്‍മ എന്നിവരുമായി ചേര്‍ന്ന് കൊലപാതകത്തിനുള്ള ഒരുക്കം നടത്തി.

തുടര്‍ന്ന് ജൂണ്‍ 24ന് പ്രിയാൻഷു തന്‍റെ യാത്രയെക്കുറിച്ച് ഭാര്യയോട് പറഞ്ഞു. ഈ വിവരം ഗുഞ്ജ സിങ് കൊലയാളികള്‍ക്ക് കൈമാറി. തുടര്‍ന്നാണ് റെയിൽവെ സ്റ്റേഷന് സമീപത്തുവെച്ച് വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഗുഞ്ജ സിങിനെ ബുധനാഴ്ച വൈകിട്ടാണ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് സഹായിച്ച രണ്ടുപേരെയും പിടികൂടി. എന്നാൽ, മുഖ്യ ആസൂത്രകനായ ജീവൻ സിങ് ഒളിവിലാണെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.