Asianet News MalayalamAsianet News Malayalam

നാട്ടുനടപ്പനുസരിച്ചെങ്കില്‍, എത്രയോ തവണ ആത്മഹത്യ ചെയ്‌തേനെ ഇയാള്‍!

ഒരു ശരാശരി മലയാളിയുടെ കണ്ണിലൂടെ നോക്കിയാല്‍ ഈ മനുഷ്യന്‍ ഇതിനകം എത്രതവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരിക്കാം. പക്ഷെ, ആ മുഖത്തെ വിടര്‍ന്ന പുഞ്ചിരി കാണുമ്പോള്‍ ഉറപ്പിക്കാം. ഒരിക്കല്‍പ്പോലും അയാള്‍ അങ്ങനെയൊന്ന് ചിന്തിച്ചിട്ടുണ്ടാവില്ല. 

Experience unforgettable man in my life by vinod nellakkal
Author
Thiruvananthapuram, First Published Aug 4, 2022, 2:52 PM IST

ഒരു ശരാശരി മലയാളിയുടെ കണ്ണിലൂടെ നോക്കിയാല്‍ ഈ മനുഷ്യന്‍ ഇതിനകം എത്രതവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരിക്കാം. പക്ഷെ, ആ മുഖത്തെ വിടര്‍ന്ന പുഞ്ചിരി കാണുമ്പോള്‍ ഉറപ്പിക്കാം. ഒരിക്കല്‍പ്പോലും അയാള്‍ അങ്ങനെയൊന്ന് ചിന്തിച്ചിട്ടുണ്ടാവില്ല. തനിക്കുവേണ്ടി ജീവിക്കണമെന്ന് അയാള്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല എന്നതാണ് കാരണം.

Experience unforgettable man in my life by vinod nellakkal

 

ഇടയ്ക്ക് പോകാറുള്ള ഒരു ഷോപ്പിംഗ് സെന്ററിലെ ജീവനക്കാരനായിരുന്നു ആ മധ്യവയസ്‌കന്‍. ഏതാണ്ട് നാലഞ്ച് മാസങ്ങളേ ആയിരുന്നുള്ളൂ അയാളെ കണ്ടുതുടങ്ങിയിട്ട്. ഒരിക്കലും പേര് പോലും ചോദിച്ചിട്ടില്ലെങ്കിലും എന്നെ കാണുമ്പോഴെല്ലാം നിഷ്‌കളങ്കമായ വിടര്‍ന്ന ചിരിയോടെ അയാള്‍ സൗഹൃദഭാവം പ്രകടിപ്പിക്കും. എല്ലായ്‌പ്പോഴും അയാള്‍ അപ്രകാരമായിരുന്നതിനാല്‍ എനിക്കും എന്തെന്നില്ലാത്ത ഒരു സ്‌നേഹം ഉള്ളിന്റെയുള്ളില്‍ തോന്നിയിരുന്നു. 

പക്ഷെ, കഴിഞ്ഞ ഒരു ദിവസം യാദൃശ്ചികമായി അയാളെ കണ്ടുമുട്ടിയപ്പോഴാണ് കുറേ ആഴ്ചകളായി കണ്ടിരുന്നില്ലല്ലോ എന്ന് ഓര്‍ത്തത്. പതിവില്ലാത്ത രീതിയില്‍ ഇസ്തിരിയിട്ട് വടിപോലെ നില്‍ക്കുന്ന നല്ല തൂവെള്ള കളറിലുള്ള ഷര്‍ട്ടാണ് അയാള്‍ ധരിച്ചിരുന്നത്. അന്ന് ജോലിയിലായിരുന്നില്ല എന്ന് വ്യക്തം. പതിവുപോലെ എന്നെ കണ്ടപ്പോള്‍ അയാള്‍ വിശാലമായി ചിരിച്ചു. 

'എന്തുപറ്റി, കുറച്ചുനാളായല്ലോ കണ്ടിട്ട്?' ഞാന്‍ അന്വേഷിച്ചു.

അദ്ദേഹത്തിന്റെ മുഖം അല്‍പ്പം ഇരുണ്ടു. 'കുടുംബത്തില്‍ ഒരു മരണമുണ്ടായിരുന്നു. പിന്നെ, അതിന്റെ കര്‍മ്മങ്ങളും മറ്റും കഴിഞ്ഞ് സാവകാശം വരാമെന്ന് കരുതി.'

'ഓഹ്, ആരാണ് മരിച്ചത്, എന്തുപറ്റിയതാണ്?' അല്പമൊരു സഹതാപത്തോടെ ഞാന്‍ ചോദിച്ചു.

'അമ്മയുടെ ചേച്ചിയുടെ മകനാണ്. ഒരു ആക്‌സിഡന്റ് ആയിരുന്നു. എന്റെ വീടിന്റെ തൊട്ടടുത്തുതന്നെയാണ്. കാര്യം, അമ്മയുടെ ചേച്ചിയുടെ മകനാണെങ്കിലും സ്വന്തം ചേട്ടനെപ്പോലെ തന്നെയായിരുന്നു.'

'......'

'സത്യത്തില്‍ അതൊരു ആക്‌സിഡന്റ് ആയിരുന്നില്ല, ബൈക്ക് ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ അറ്റാക്ക് ഉണ്ടാവുകയായിരുന്നു. കഴിഞ്ഞമാസം ഒരു ദിവസം എന്നെ തൃപ്പൂണിത്തുറവരെ കൊണ്ടുവന്ന് അവിടെനിന്ന് ബസ് കയറ്റി വിട്ട് ചേട്ടന്‍ തിരിച്ചു പോവുകയായിരുന്നു. ഞാന്‍ ബസില്‍ കയറി അല്‍പ്പം ദൂരം വന്നപ്പോഴേയ്ക്കും ചേട്ടന്റെ ഫോണില്‍നിന്ന് തന്നെ ഒരു കോള്‍ വന്നു. ആക്‌സിഡന്റ് ആയി, ഹോസ്പിറ്റലിലാണ് വേഗം വരാന്‍ പറഞ്ഞ്. ചേട്ടന്റെ ഫോണില്‍ അവസാനം വിളിച്ച നമ്പര്‍ എന്റെ ആയിരുന്നതുകൊണ്ട് ഹോസ്പിറ്റലില്‍ എത്തിച്ചവരില്‍ ഒരാള്‍ എന്നെ വിളിക്കുകയായിരുന്നു. ഞാന്‍ അവിടെത്തന്നെ ഇറങ്ങി ഹോസ്പിറ്റലിലേയ്ക്ക് പോയെങ്കിലും ജീവനോടെ ഒന്ന് കാണാന്‍ കഴിഞ്ഞില്ല.'

ഒന്നും മിണ്ടാതെ ഞാന്‍ കേട്ടുനിന്നു.

'പക്ഷെ എനിക്ക് വലിയ വേദനയായി മാറിയ മറ്റൊന്നുണ്ട്. അന്ന് തൃപ്പൂണിത്തുറയില്‍ ബസ്റ്റോപ്പില്‍ കൊണ്ടുവന്ന് ഇറക്കിവിട്ടപ്പോള്‍ ചേട്ടന്‍ എന്നെ കെട്ടിപ്പിടിച്ച് കവിളില്‍ ഒരു ഉമ്മ തന്നു. ഇതുവരെ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. ഇതെന്താ ഇന്ന് ഇങ്ങനെ എന്ന് ഞാന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. നീ എന്റെ അനിയനല്ലേ, പിന്നെ നിനക്ക് ഒരു ഉമ്മ തന്നാല്‍ എന്താ കുഴപ്പം എന്നായിരുന്നു ചേട്ടന്റെ ചോദ്യം.'

അതു പറയുമ്പോള്‍ അയാളുടെ കണ്ണ് നിറഞ്ഞു.

'ഹോ...' ഞാനൊരു ദീര്‍ഘ നിശ്വാസം വിട്ടു. 

'ചേട്ടന് എന്തായിരുന്നു ജോലി? വീട്ടില്‍ ആരൊക്കെയുണ്ട്?'

'ചേട്ടന്‍ ടൗണില്‍ ഒരു കട നടത്തുകയായിരുന്നു. രണ്ടു പെങ്ങന്മാരും അമ്മയുമാണ് ഉള്ളത്. ഭാര്യ കഴിഞ്ഞ വര്‍ഷം കോവിഡ് വന്ന് മരിച്ചു. അവര്‍ക്ക് മക്കളുണ്ടായിരുന്നില്ല. പെങ്ങന്മാരെ രണ്ടുപേരെ ദൂരെയാണ് കെട്ടിച്ചിരിക്കുന്നത്. ഇപ്പോള്‍ അമ്മ ഒറ്റയ്ക്കായി. ചേട്ടന്റെ മരണവും സംഭവിച്ചുകഴിഞ്ഞപ്പോള്‍ അവരാകെ സമനില തെറ്റിയതുപോലെയായി. ഇറങ്ങി ഓടാനൊക്കെ നോക്കുകയായിരുന്നു...'

'ഇപ്പോഴത്തെ മാനസികാവസ്ഥയില്‍ ആരുടെയെങ്കിലും ശ്രദ്ധ ഉണ്ടായിരിക്കണം, ഒറ്റയ്ക്കായിപ്പോയി എന്ന് തോന്നാന്‍ ഇടവരരുത്.' ഞാന്‍ പറഞ്ഞു.

'അതാണ് പ്രശ്‌നം. എന്റെ വീട്ടില്‍ ചേട്ടനും ചേട്ടത്തിയും മക്കളുമാണ് എന്നെ കൂടാതെയുള്ളത്. അവര്‍ രണ്ടുപേരും ഗവണ്മെന്റ് ജോലിക്കാരാണ്, മക്കള്‍ പഠിക്കുന്നു. പലപ്പോഴും അവരുടെ കാര്യം ശ്രദ്ധിക്കാന്‍ ചേട്ടനും ചേട്ടത്തിക്കും കഴിയില്ല. അതുകൊണ്ടുകൂടിയാണ് ഞാന്‍ ഒരു മാസം വീട്ടില്‍ തന്നെ കൂടിയത്. മാത്രമല്ല, ആ കുടുംബവുമായി എനിക്ക് വലിയ ബന്ധമുണ്ട്. എന്റെ അപ്പന്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പേ മരിച്ചതാണ്. അമ്മയും മരിച്ചിട്ട് കുറേക്കാലമായി. അമ്മ മരിച്ചതിനുശേഷം ആ കുറവ് നികത്തിയത് അമ്മയുടെ ചേച്ചിയാണ്. ഞാന്‍ അവര്‍ക്കൊരു മകന്‍ തന്നെയായിരുന്നു എന്നും.'

'നിങ്ങള്‍ വിവാഹം കഴിച്ചില്ലേ?' 

'ഇല്ല'

എന്റെ ചോദ്യത്തിന് മുന്നില്‍ അല്‍പ്പനേരം നിശബ്ദമായി നിന്ന ശേഷം അയാള്‍ പറഞ്ഞു. എന്നിട്ട്, ഇപ്പൊ വരാം എന്ന അര്‍ത്ഥത്തില്‍ കൈകൊണ്ടൊരു ആംഗ്യം കാണിച്ച് എന്റെ മുന്നില്‍നിന്ന് മാറി. 

.................................

Also Read : എല്‍പി സ്‌കൂള്‍ അധ്യാപകനില്‍നിന്നും കലക്ടറിലേക്ക്; ആവേശഭരിതം ഈ ജീവിതം!

Experience unforgettable man in my life by vinod nellakkal

Also Read : അന്ന് ചേരിയില്‍ അന്തിയുറങ്ങിയ പെണ്‍കുട്ടി, ഇന്ന്  മൈക്രോസോഫ്റ്റ് മാനേജര്‍, ഇത് കഥയല്ല!

........................................

 

മറ്റു ചിന്തകളെല്ലാം കുറച്ചുനേരത്തേയ്ക്ക് എന്റെ ഉള്ളില്‍നിന്ന് മാഞ്ഞുപോയിരുന്നു. ആ മനുഷ്യന്റെ നിഷ്‌കളങ്കമായ ചിരിക്ക് പിന്നില്‍ കളങ്കമില്ലാത്ത ഒരു ഹൃദയവുമുണ്ടെന്ന് എനിക്ക് തോന്നിത്തുടങ്ങി.  

'ഞാന്‍ ഇവിടെയുള്ള ചങ്ങാതിമാരെയൊക്കെ ഒന്നുകണ്ട് ഓരോ വാക്ക് സംസാരിക്കുകയായിരുന്നു. ഒന്നുരണ്ടുപേരെ കണ്ടിരുന്നില്ല.' ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ കയ്യില്‍ ഒരു ചുവന്ന ബാഗുമായി വീണ്ടും എന്റെ മുന്നിലെത്തിയ അയാള്‍ പറഞ്ഞു.

'വിവാഹക്കാര്യം ആരുചോദിച്ചാലും ഞാന്‍ കഴിച്ചില്ലെന്നേ പറയാറുള്ളൂ. ഭാര്യ മരിച്ചുപോയി എന്നുപറഞ്ഞാല്‍ പിന്നെ ഒരുപാട് ചോദ്യങ്ങളാകും, അതെല്ലാം ഒഴിവാക്കാമല്ലോ എന്നുകരുതിയാണ്.' 

ഭാര്യയെക്കുറിച്ചു പറഞ്ഞപ്പോള്‍ അയാളുടെ മുഖത്തെ പ്രസന്നഭാവം മാഞ്ഞിരുന്നു. 

ആര്‍ക്കുമുന്നിലും വെളിപ്പെടുത്താത്ത പലതും ഓരോന്നായി എന്നോട് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു അയാള്‍. 

'പത്തുവര്‍ഷം മുമ്പായിരുന്നു വിവാഹം. ഏഴുമാസമേ ഒരുമിച്ചുതാമസിച്ചുള്ളൂ. അതിനുള്ളില്‍ അവള്‍ പോയി.'

എന്താണ് പറ്റിയതെന്നോ, വീണ്ടും ഒരു വിവാഹം കഴിക്കാത്തതെന്താണെന്നോ ചോദിക്കാതെ ഞാന്‍ നിശബ്ദനായി നിന്നു.

'പിന്നീട് പലരും ചോദിച്ചു, ഒരിക്കല്‍ക്കൂടി വിവാഹം നോക്കിക്കൂടേ എന്ന്. ഇടയ്ക്ക് ചിലപ്പോഴൊക്കെ ആലോചിക്കുകയും ചെയ്തിരുന്നതാണ്. പക്ഷെ, മറ്റുചില തടസ്സങ്ങളുണ്ടായിരുന്നു, അതുകൊണ്ട് ഒന്നും നടന്നില്ല. ഞങ്ങള്‍ ബ്രാഹ്മണരാണ്, അതിന്റേതായ ചില കെട്ടുപാടുകളും ചടങ്ങുകളുമെല്ലാമുണ്ട്. ഇക്കാര്യങ്ങളൊന്നും തീരെയും എളുപ്പമല്ല. ഒടുവില്‍, രണ്ടാമതൊരു വിവാഹം ഞാന്‍ വേണ്ടെന്നുവച്ചു.'

എന്തു മറുപടി പറയണമെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍. എന്തെങ്കിലും ആശ്വാസ വാക്കുകള്‍ പ്രതീക്ഷിച്ചുകൊണ്ടല്ല അയാള്‍ എന്നോട് സംസാരിച്ചതും. ഒരുപക്ഷെ, ആരുടെയെങ്കിലും മുന്നില്‍ എല്ലാം തുറന്നുപറയുക മാത്രമായിരുന്നിരിക്കണം ലക്ഷ്യം. 

'ഇന്നുതന്നെ തിരിച്ചുപോകുമോ?' 

ഞാന്‍ വെറുതെ ഒരു ചോദ്യം ചോദിച്ചു. 

ആഴ്ചയില്‍ ഒരിക്കലോമറ്റോ മാത്രമാണ് അയാള്‍ വീട്ടില്‍ പോകാറുണ്ടായിരുന്നതെന്ന് എനിക്കറിയാമായിരുന്നു.

'പിന്നേ, പോകാതെ പറ്റില്ലല്ലോ. അമ്മ അവിടെ ഒറ്റയ്ക്കല്ലേ? ഇവിടെ എനിക്ക് ഒരിടത്തുകൂടി പോകാനുണ്ട്. ഇവിടെ വരുന്നതിന് മുമ്പ് കതൃക്കടവില്‍ ഒരിടത്തായിരുന്നു. അവിടെയുള്ള ചിലരെക്കൂടി ഒന്ന് കണ്ടിട്ട് പോകണം.'

'അപ്പോള്‍ ഉടനെ തിരിച്ചുവരാന്‍ പദ്ധതിയില്ലേ? പൂര്‍ണ്ണമായി നിര്‍ത്തി പോവുകയാണോ?'

'ദൈവം അനുവദിച്ചാല്‍ വീണ്ടും എന്നെങ്കിലും വരണമെന്നുണ്ട്. ഇപ്പോള്‍ വീടിനടുത്ത് എന്തെങ്കിലുമൊരു ചെറിയ ജോലി കിട്ടുമോ എന്ന് നോക്കുന്നു.' 

സംശയിച്ചത് ശരിയായിരുന്നു. അയാള്‍ എറണാകുളത്തെ ജോലി നിര്‍ത്തി പോവുകയാണ്. 

'എന്താണ് പഠിച്ചതൊക്കെ? മറ്റെന്തെങ്കിലും നല്ല ജോലിക്ക് ശ്രമിച്ചുകൂടായിരുന്നോ?' 

'ആ കഥയൊക്കെ പറഞ്ഞാല്‍ താങ്കള്‍ ചിരിക്കും.' അയാള്‍ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്. 

'ഒരു കാര്യമറിയാമോ, എനിക്ക് രണ്ടു പി.ജി. ഉണ്ട്. ഒന്ന് ഇംഗ്ലീഷിലും, മറ്റൊന്ന് കൊമേഴ്സിലും.' ഞാന്‍ ഒന്നുകൂടി ഞെട്ടി. 

ചെറിയ ശമ്പളം വാങ്ങി ഒരു ഷോപ്പിംഗ് സെന്ററിലെ അടിസ്ഥാന ജോലിചെയ്യുന്ന ഒരാളുടെ വിദ്യാഭ്യാസനിലവാരമാണ്! 

'വാസ്തവത്തില്‍ ഇവരുടെ മറ്റൊരു സ്ഥാപനത്തില്‍ ഞാന്‍ അക്കൗണ്ടന്റ് ആയിരുന്നു. അത് പെട്ടെന്നൊരു ദിവസം വിറ്റുപോയപ്പോള്‍ ഞങ്ങള്‍ ചിലരെ അവരുടെ പലസ്ഥാപനങ്ങളിലേയ്ക്കായി മാറ്റുകയായിരുന്നു. എന്നെ ഇങ്ങോട്ടാണ് വിട്ടത്. ഇവിടെ വന്നപ്പോള്‍ മറ്റൊരു അക്കൗണ്ടന്റ് ഉണ്ട്. പിന്നെ, എനിക്ക് എന്ത് തൊഴില്‍ ചെയ്യുന്നതിനും മാനക്കേട് തോന്നിയിട്ടില്ല.'

എന്റെ അമ്പരപ്പ് നിറഞ്ഞ നോട്ടം കണ്ടിട്ടാവണം അയാള്‍ പറഞ്ഞു. 'ഞാന്‍ എഴുതിയത്രയും പിഎസ്സി ടെസ്റ്റ് കേരളത്തില്‍ മറ്റൊരാളും എഴുതിയിട്ടുണ്ടാവില്ല. ഒരുപാടെണ്ണത്തില്‍ റാങ്ക് ലിസ്റ്റിലും വന്നിട്ടുണ്ടായിരുന്നു. പക്ഷെ, യോഗമുണ്ടായില്ല.' 

'.......' 

ഞാന്‍ ചുമ്മാ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി നിന്നു.

'കഷ്ടിച്ച് പി.ഡി.സി. പാസായ എന്റെ പെങ്ങള്‍ ഇന്ന് കലക്ടറേറ്റിലെ ജീവനക്കാരിയാണ്.' അയാള്‍ എന്റെ മുഖത്തുനോക്കി നിഷ്‌കളങ്കമായി ചിരിച്ചു. 
 
'ആരോ മരുന്നിട്ടത! തീ കൊളുത്തി-
ക്കൊണ്ടല്‍ക്കരിമ്പാറ പൊളിച്ചിടുന്നു.
പൊട്ടുന്നു മേന്മേല്‍ വെടി; താഴെനിന്നു
തണ്ണീരുമൂറുന്നു തുഷാരഗൗരം.
ജന്മക്ഷണത്തില്‍ ജനയിത്രിയാളെ-
പ്പിരിഞ്ഞു നക്ഷത്രപഥത്തില്‍ നിന്നും
അധഃപതിക്കുന്നു കിടങ്ങള്‍ നിങ്ങള്‍,
മദ്വത്സരേ! മധ്യമലോകപാന്ഥര്‍.'

അല്പനിമിഷം എന്തോ ആലോചനയില്‍ മുഴുകി നിന്ന എന്റെ സമീപത്തുനിന്ന് അയാള്‍ ഉള്ളൂരിന്റെ ഒരു കവിതാശകലം മനോഹരമായി ആലപിച്ചു. കൗതുകത്തോടെ ഞാന്‍ അയാളുടെ മുഖത്തുനോക്കി. 

'നന്നായി പാടുമായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങളായി ഒരു മൂളിപ്പാട്ടുപോലും ചുണ്ടില്‍ വരാറില്ല.' 

എനിക്ക് അതിശയം തോന്നിയില്ല. 

'ഏതായാലും, ഇനി ഞാന്‍ വൈകുന്നില്ല, താമസിച്ചാല്‍ വീട്ടിലെത്താന്‍ ഒരുപാട് രാത്രിയാകും. എന്നെങ്കിലും വീണ്ടും കാണാം.' അവസാനമായി ഒരിക്കല്‍ക്കൂടി ഒരു പുഞ്ചിരി സമ്മാനിച്ചതിനൊപ്പം എന്നെ കെട്ടിപ്പിടിച്ച് യാത്രപറഞ്ഞ് അയാള്‍ നടന്നു നീങ്ങി. 

അയാള്‍ അകന്നുപോകുന്നതും നോക്കി നിന്നപ്പോള്‍ ഞാന്‍ പലതും ചിന്തിച്ചു. 

ജീവിതം വച്ചുനീട്ടുന്ന ചെറിയചെറിയ നിരാശകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പോകുന്ന എത്രയെത്രപേര്‍. ജോലി കിട്ടാത്തതിന്റെ പേരില്‍, പരീക്ഷയില്‍ തോറ്റതിന്റെ പേരില്‍, ആര്‍ക്കും വേണ്ട എന്ന ചിന്തയുടെ പേരില്‍, രോഗങ്ങളുടെ പേരില്‍, കഴിവുകേടുകളുടെ പേരില്‍... 

ഒരു ശരാശരി മലയാളിയുടെ കണ്ണിലൂടെ നോക്കിയാല്‍ ഈ മനുഷ്യന്‍ ഇതിനകം എത്രതവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരിക്കാം. പക്ഷെ, ആ മുഖത്തെ വിടര്‍ന്ന പുഞ്ചിരി കാണുമ്പോള്‍ ഉറപ്പിക്കാം. ഒരിക്കല്‍പ്പോലും അയാള്‍ അങ്ങനെയൊന്ന് ചിന്തിച്ചിട്ടുണ്ടാവില്ല. തനിക്കുവേണ്ടി ജീവിക്കണമെന്ന് അയാള്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല എന്നതാണ് കാരണം. ഇപ്പോള്‍, പ്രായമായ ഒരു സ്ത്രീക്കുവേണ്ടി മറ്റെല്ലാം ഉപേക്ഷിച്ച് തിരിച്ചുപോകാനുള്ള ആ മനസ്സ് അതിനുള്ള തെളിവാണ്. തന്റെ വേദനകളെ മറന്ന് മറ്റുള്ളവരുടേത് ഏറ്റെടുക്കാനും അവര്‍ക്കുവേണ്ടി ജീവിക്കാനുമുള്ള മനസ്സ്. ആ മനസ്സാണ് ഇന്നത്തെ ലോകത്തിന് ആവശ്യവും.

പ്രിയ ചങ്ങാതീ, എല്ലാ വേദനകളെയും പുഞ്ചിരികൊണ്ട് തോല്‍പ്പിച്ച് ജീവിക്കുക, ഇരുള്‍ ഏറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ അല്‍പ്പം പ്രതീക്ഷനല്‍കുന്ന ആ പുഞ്ചിരി ലോകാവസാനം വരെ നിലനില്‍ക്കട്ടെ!  

Follow Us:
Download App:
  • android
  • ios