മാര്‍ക്കറ്റിലേക്ക് ആദ്യമെത്തിയപ്പോൾ മധുരം കാരണം ആളുകൾ വാങ്ങിയില്ല. ഇന്ന് 420 തരം ഫ്ലേവറുകളിലാണ് കമ്പനി ചോക്ലേറ്റ് പുറത്തിറക്കുന്നത്.
നൂറിലധികം രാജ്യങ്ങളിലെ ചോക്ലേറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയ ഒരു ചോക്ലേറ്റാണ് കിറ്റ്കാറ്റ്. ഓരോ രാജ്യത്തും കിറ്റ്കാറ്റ് അവതരിപ്പിച്ചപ്പോൾ എല്ലാവരും ഏറെ താല്പര്യത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ, ജപ്പാനിലെ മാത്രം കഥ അങ്ങനെയായിരുന്നില്ല. 1973 ആദ്യമായി കിറ്റ്കാറ്റ് ജപ്പാനിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ മധുരത്തോട് അത്ര താല്പര്യമില്ലാത്ത ജപ്പാൻകാർ അത് നിരസിച്ചു. തുടക്കം വലിയ നിരാശയാണ് കമ്പനിക്ക് സമ്മാനിച്ചതെങ്കിലും ഇന്ന് ജപ്പാനിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചോക്ലേറ്റുകളിൽ ഒന്നാണ് കിറ്റ്കാറ്റ്. ഈ കൊച്ചു ചോക്ലേറ്റ് എങ്ങനെയാണ് ഒരു രാജ്യത്തിന്‍റെ ഹൃദയം കീഴടക്കിയത് എന്ന് അറിയേണ്ടേ?
ഒരു ജാപ്പനീസ് സംരംഭകൻ തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെ കിറ്റ്കാറ്റിന്‍റെ വിജയകഥ പങ്കുവെച്ചത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും വൈറലായി. ആ പോസ്റ്റിന്‍റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്; 1973-ൽ, ഒരു ബ്രിട്ടീഷ് ചോക്ലേറ്റ് ബാർ ജപ്പാനിൽ എത്തി. ആരും അത് കാര്യമാക്കിയില്ല. കാരണം അതിൻറെ മധുരം, ജപ്പാനീസ് ഇഷ്ടങ്ങളുമായി ചേർന്ന് നിൽക്കുന്നതായിരുന്നില്ല. അങ്ങനെ എല്ലാവരും മറന്നു കളഞ്ഞൊരു വിദേശ മിഠായിയായി അത് പെട്ടെന്ന് മാറി. എന്നാൽ പിന്നീട്, എന്തോ ഒരു മാന്ത്രികത സംഭവിച്ചു. 2000-ങ്ങളുടെ തുടക്കത്തിൽ, തെക്കൻ ജപ്പാനിലെ വിദ്യാർത്ഥികൾ കിറ്റ്കാറ്റുകൾ വാങ്ങാൻ തുടങ്ങി, കഴിക്കാനല്ല, പരീക്ഷകൾക്ക് മുമ്പ് ഭാഗ്യചിഹ്നങ്ങളായി കൊണ്ടുപോകാൻ ആയിരുന്നു അത്.
എന്തുകൊണ്ടാണെന്ന് അറിയണ്ടേ? കിറ്റ്കാറ്റിന്‍റെ ഉച്ഛാരണം ജാപ്പനീസ് ഭാഷയിൽ 'കിറ്റോ കട്സു'വിനോട് (Kitto Katsu) സമാനമായിരുന്നു എന്നതിനാലായിരുന്നു വിദ്യാർത്ഥികൾ അത് വാങ്ങിയത്. 'നിങ്ങൾ തീർച്ചയായും വിജയിക്കും' എന്നാണ് ജപ്പാൻ ഭാഷയിലുള്ള ഈ വാക്കിന്‍റെ അർത്ഥം." പരീക്ഷാ സീസണിൽ എല്ലാ ജനുവരിയിലും ജപ്പാനിൽ കിറ്റ്കാറ്റിന്‍റെ വിൽപ്പന കുതിച്ചുയരുന്നത് കമ്പനി ശ്രദ്ധിച്ചു. അപ്പോഴാണ് കമ്പനിക്ക് ആ കാര്യം മനസ്സിലായത് പരീക്ഷാ കാലങ്ങളിൽ കുട്ടികൾ തങ്ങളുടെ ഭാഗ്യചിഹ്നമായി കിറ്റ്കാറ്റ് വാങ്ങിക്കാറുണ്ട്. കൂടാതെ മാതാപിതാക്കൾ പുതുവർഷത്തിലും പരീക്ഷാ കാലങ്ങളിലും വിദ്യാർത്ഥികൾക്കായി നൽകുന്ന സമ്മാനങ്ങളിൽ കിറ്റ്കാറ്റ് കൂടി ഉൾപ്പെടുത്തുന്നതും കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടു. അതോടെ പുതിയൊരു തന്ത്രം കൂടി കമ്പനി പരീക്ഷിച്ചു മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികൾക്ക് കിറ്റ്കാറ്റുകൾ മെയിൽ ചെയ്ത് പ്രോത്സാഹന സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുന്ന തരത്തിൽ അവർ ജപ്പാൻ പോസ്റ്റുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു.
ജപ്പാൻകാർ കിറ്റ്കാറ്റിനെ ഏറ്റെടുത്തു കഴിഞ്ഞുവെന്ന് മനസ്സിലാക്കിയതോടെ അവരെ കൂടുതൽ പ്രീതിപ്പെടുത്താൻ പലതരത്തിലുള്ള രുചികളിൽ കിറ്റ് കാറ്റ് ചോക്ലേറ്റുകൾ മാർക്കറ്റിലെത്തി. ഹൊക്കൈഡോയിൽ നിന്നുള്ള സ്ട്രോബെറി, ഷിസുവോക്കയിൽ നിന്നുള്ള വാസബി, ക്യുഷുവിൽ നിന്നുള്ള പർപ്പിൾ മധുരക്കിഴങ്ങ്, ലോകത്ത് മറ്റൊരിടത്തും കാണാത്ത 450-ലധികം തരത്തിൽ കിറ്റ് കാറ്റുകൾ ജപ്പാനിൽ അവതരിപ്പിക്കപ്പെട്ടു.
ജപ്പാനിൽ, വിദ്യാർത്ഥികൾ ഇപ്പോഴും പരീക്ഷകൾക്ക് ഭാഗ്യചിഹ്നമായി കിറ്റ്കാറ്റുകൾ കൊണ്ടുപോകാറുണ്ട്, അതോടൊപ്പം തന്നെ മുതിർന്നവർ അപൂർവവും പ്രദേശത്തിന് മാത്രമുള്ളതുമായ രുചികളിൽ വിപണിയിൽ ലഭ്യമായ കിറ്റ് കാറ്റുകൾ തേടുന്നു. ടോക്കിയോയിൽ, സ്വർണ്ണത്തിൽ പൊതിഞ്ഞ കിറ്റ്കാറ്റുകളുടെ ആഡംബര പതിപ്പുകൾ വരെ ഉയർന്ന വിലയ്ക്ക് വിൽക്കുന്നുണ്ട്. ഇന്ന്, കിറ്റ്കാറ്റ് ജാപ്പനീസ് സംസ്കാരത്തിന്‍റെ തന്നെ ഭാഗമായിക്കഴിഞ്ഞു.
ജപ്പാനിലെ മധുര പലഹാര വിപണിയുടെ 6 % ത്തിലധികം ഇപ്പോൾ കൈവശം വച്ചിരിക്കുന്നത് കിറ്റ്കാറ്റാണ്. മെയ്ജി പോലുള്ള പ്രാദേശിക ഭീമന്മാരുമായി മത്സരിക്കുന്ന ഒരു വിദേശ ബ്രാൻഡിന് ഇത് ഒരു അത്ഭുതകരമായ നേട്ടമാണ്. പ്രശസ്ത പേസ്ട്രി ഷെഫ് യസുമാസ തകാഗിയെ കിറ്റ്കാറ്റിന്‍റെ പ്രീമിയം പതിപ്പുകൾ സൃഷ്ടിക്കാൻ നിയോഗിച്ചതാണ് ജപ്പാനിൽ ലഭിച്ച ഈ സ്വീകാര്യതയ്ക്ക് പ്രധാന വഴിത്തിരിവായത്. ഇന്ന്, ജപ്പാനിൽ പ്രതിദിനം ഏകദേശം 5 ദശലക്ഷം കിറ്റ്കാറ്റുകൾ വിൽക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നു.


