ബിഗ് ബോസ് മലയാളം സീസൺ 7-ലെ ഫസ്റ്റ് റണ്ണറപ്പായ അനീഷ് ഇപ്പോൾ പൊതുപരിപാടികളിൽ സജീവമാണ്. വിവാഹാലോചനകൾ വരുന്നുണ്ടെന്നും എന്നാൽ കുടുംബത്തിന്റെ പിന്തുണയോടെ ശരിയായ ഒരു ജീവിതം തിരഞ്ഞെടുക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ബിഗ്ബോസ് മലയാളം സീസൺ 7ലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ മൽസരാർത്ഥിയാണ് അനീഷ്. ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന്, ആദ്യമായി ഫിനാലെയിൽ എത്തുകയും ഫസ്റ്റ് റണ്ണറപ്പ് ആകുകയും ചെയ്യുന്ന 'കോമണർ' എന്ന റെക്കോർഡും അനീഷ് സ്വന്തമാക്കി. ഷോയില്‍ നിന്നും പുറത്തെത്തിയതിന് ശേഷം, മറ്റു മൽസരാർത്ഥികളെപ്പോലെ തന്നെ ഉദ്ഘാടനങ്ങളും, പൊതുപരിപാടികളുമായി സജീവമാണ് അനീഷും. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അനീഷ്. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം.
സോഷ്യല്‍മീഡിയയിലൂടെ പ്രൊപ്പോസല്‍സ് വരുന്നുണ്ടോ എന്ന ചോദ്യത്തിന് അതിപ്പോൾ രഹസ്യമായിരിക്കട്ടെ എന്നായിരുന്നു അനീഷിന്റെ മറുപടി. "എല്ലാ കാര്യങ്ങളും അങ്ങനെ പറഞ്ഞാല്‍ ശരിയാവില്ലല്ലോ. ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്. പക്ഷേ അത് അങ്ങനെ സീരിയസായി എടുത്തിട്ടൊന്നുമില്ല. ഇനി ഒരു ജീവിതത്തിലേക്ക് നമ്മള്‍ കാലെടുത്ത് കുത്തുമ്പോള്‍ അത് പ്രോപ്പറായിരിക്കണം, കറക്റ്റായിരിക്കണം എന്നുള്ളൊരു ആഗ്രഹമുണ്ട്. അത് എന്റെ വീട്ടുകാരോട് പറഞ്ഞ് അവരുടെ സപ്പോര്‍ട്ട് കൂടിയുണ്ടാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു", അനീഷ് പറഞ്ഞു.
ആരാധകര്‍ ഏറ്റെടുത്ത ബിഗ് ബോസിലെ ഡയലോഗ് പറയാമോ എന്ന് ചോദിച്ചപ്പോൾ അതു താൻ സ്നേഹത്തോടെ നിരസിക്കുകയാണ് എന്നാണ് അനീഷ് മറുപടി നൽകിയത്. "ബിഗ്ബോസിലെ എന്റെ ഒരുപാട് ഡയലോഗുകള്‍ വൈറലായിട്ടുണ്ട്. അതൊക്കെ ഭയങ്കരമായിട്ട് റീച്ചാവും, കത്തിക്കയറും, എന്നൊന്നും ബിഗ് ബോസിലായിരുന്ന സമയത്ത് എനിക്കറിയില്ലായിരുന്നു. പുറത്തിറങ്ങിക്കഴിഞ്ഞതിന് ശേഷമാണ് ഞാന്‍ പറഞ്ഞ ഡയലോഗുകളൊക്കെ ഇത്രയധികം ജനങ്ങള്‍ ഏറ്റെടുത്തു എന്ന് മനസിലാക്കുന്നത്. വീണ്ടും അത് പറയുമ്പോള്‍ അത് വീണ്ടും ട്രോളായി വരും. അതുകൊണ്ട് നിങ്ങള്‍ ചോദിച്ച ചോദ്യം സ്‌നേഹപൂര്‍വ്വം നിരസിക്കുന്നു", എന്നായിരുന്നു അനീഷിന്റെ മറുപടി.



