ബിഗ് ബോസ് ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ, അക്ബറിനെതിരെ പിആർ ഏർപ്പെടുത്താൻ അനുമോൾ ആവശ്യപ്പെട്ടെന്ന ആദിലയുടെ ആരോപണം ഹൗസിൽ വലിയ പൊട്ടിത്തെറിയുണ്ടാക്കി. ഇതറിഞ്ഞ അക്ബർ, അനുമോൾ കളിച്ചത് വൃത്തികെട്ട കളിയാണെന്ന് ആരോപിച്ചു.
ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ നടകീയമായ നിരവധി സംഭവങ്ങൾക്ക് പ്രേക്ഷകർ സാക്ഷിയാകുകയാണ്. അക്ബറിനെതിരെ പിആർ കൊടുക്കാൻ തന്നോട് അനുമോൾ പറഞ്ഞുവെന്ന് രണ്ട് ദിവസം മുൻപ് ആദില ആരോപണം ഉന്നയിച്ചിരുന്നു. അനുമോൾ പിആറിന്റെ നമ്പർ എഴുതി കൊടുത്തുവെന്നും ആദില, ശൈത്യയോട് പറഞ്ഞു. ഇത് പുറത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഷാനവാസ്, നൂറ, ശൈത്യ, ആദില എന്നിവരുള്‍പ്പടെയുള്ളവര്‍ക്ക് അറിയാവുന്ന കാര്യം ഇപ്പോൾ അക്ബർ ചോദിച്ചുവെന്ന സൂചനയാണ് പുതിയ പ്രമോ നൽകുന്നത്.
'ഞാൻ സത്യമായിട്ട് പറയുവാണ്. ഞാൻ അങ്ങനെ ചെയ്തിട്ടില്ല. അവൾ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അവൾ അനുഭവിക്കും', എന്ന് ജിഷിനോട് അനുമോൾ പറയുന്നുണ്ട്. 'കള്ളമാണോ സത്യമാണോന്ന് അറിയില്ല. ഒരു ബോംബ് പൊട്ടിച്ചിട്ട് പോയി', എന്ന് ആദിലയെ കുറിച്ച് ആര്യൻ പറയുന്നതും കേൾക്കാം. പിന്നാലെ അക്ബറിനോട് സംസാരിക്കാൻ അനുമോൾ പോകുന്നുണ്ട്. എന്നാൽ അതിന് അക്ബർ തയ്യാറാകുന്നില്ല.
‘നീ കളിച്ച ചീപ്പ് കളി ഞാൻ അറിഞ്ഞു’
"നീ കളിച്ച ചീപ്പ് കളി ഞാൻ അറിഞ്ഞു. നിന്റെ കൂട്ടുകാരികൾ രണ്ടുപേരും പറഞ്ഞതാണ്. എനിക്ക് നിന്നോട് സംസാരിക്കണ്ട. ഇവൾ കരുക്കൾ നീക്കിയിട്ടാണ് ആദിലയും നൂറയും എന്നോട് സംസാരിക്കാൻ വരാത്തത്. സത്യസന്ധമായാണ് ഗെയിം കളിച്ചിട്ടുള്ളത്. സത്യസന്ധമായി പോകും. ഇമ്മാതിരി ചീപ്പ് പരിപാടി കാണിച്ചിട്ട്, കുടുംബം തകർക്കുന്ന പിആറും കൊടുത്തിട്ട് ഇമ്മാതിരി ഡേർട്ടി കളി കളിക്കരുത്", എന്ന് അക്ബർ കണ്ണുനിറഞ്ഞും ദേഷ്യത്തോടെയും പറയുന്നുണ്ട്. ഇത്രയും സംഭവങ്ങൾ ഹൗസിൽ നടക്കുമ്പോൾ ഒന്നും മിണ്ടാതെ ഒരിടത്തിരിക്കുന്ന നൂറയേയും പ്രമോയിൽ കാണാം. പ്രമോയ്ക്ക് താഴെ അനുമോളെ പിന്തുണച്ചും പ്രതികൂലിച്ചും നിരവധി പേര്‍ വരുന്നുണ്ട്.



