എല്ലാം ഒത്തുവരികയാണെങ്കില്‍ ഉടനെ തന്നെ കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ബിഗ് ബോസ് താരം അനീഷ്.

ബിഗ് ബോസ് മലയാളം സീസൺ 7 ലെ ഫസ്റ്റ് റണ്ണർ അപ്പായിരുന്നു കോമണറായെത്തിയ അനീഷ്. ബിഗ് ബോസ് ഹൗസിനകത്തു വെച്ച് അനീഷ് അനുമോളെ പ്രപ്പോസ് ചെയ്തതും വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. അനീഷിനെ ഒരു സഹോദരനെ പോലെയാണ് കണ്ടതെന്നും വീട്ടില്‍ കല്യാണം ആലോചിച്ചു വന്നാല്‍ പോലും താന്‍ നിരസിക്കുമെന്നും അനുമോളും പറഞ്ഞിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിനു ശേഷം വിവാഹം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് താരം. ഒരു ഉദ്ഘാടനച്ചടങ്ങില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം.

''വിവാഹം കഴിക്കാനായി നല്ല ഒരാളെ തേടിക്കൊണ്ടിരിക്കുകയാണ്. എല്ലാം ഒത്തുവരികയാണെങ്കില്‍ ഉടനെ തന്നെ കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. നല്ലൊരു പെര്‍ഫെക്ട് മാച്ച് കിട്ടാന്‍ വേണ്ടി കാത്തിരിക്കുകയാണ്. കല്യാണക്കാര്യം എല്ലാവരെയും അറിയിക്കും. അനുമോളെ സ്റ്റാര്‍ സിംഗറിന്റെ വേദിയില്‍ വച്ച് കണ്ടിരുന്നു. ഞങ്ങള്‍ പരസ്പരം ഷേക്ക് ഹാന്‍ഡ് ഒക്കെ കൊടുത്തിരുന്നു'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അനീഷ് പറഞ്ഞു.

ബിഗ് ബോസിലെ എല്ലാവരുമായും കോണ്‍ടാക്ട് ഉണ്ടെന്നും അനീഷ് കൂട്ടിച്ചേർത്തു. ''അടുത്തിടെ സ്റ്റാര്‍ സിംഗറിന് പോയിരുന്നു. ആ സമയത്ത് കുറെ പേരെ കണ്ടു. എല്ലാവരും ആയിട്ടും കോണ്‍ടാക്ട് ഉണ്ട് എനിക്ക് ആരുമായിട്ടും ഒരു പരിഭവമോ വഴക്കോ ഒന്നുമില്ല. ഹൗസിനുള്ളിലും നല്ല രീതിയിലാണ് നിന്നിരുന്നത്. അതുപോലെ ഇപ്പോഴും സൗഹൃദങ്ങള്‍ നിലനിര്‍ത്തുന്നു.

രേണു സുധി ഇപ്പോഴും വിളിച്ച് പഴയ കാര്യങ്ങള്‍ പറയാറുണ്ട്. അവിടെ നിന്നും കിട്ടിയ സൗഹൃദങ്ങള്‍ അതുപോലെ ജീവിതത്തിലേക്ക് കൂടെക്കൂട്ടിയിട്ടുണ്ട്. എന്നാല്‍ അവരെക്കുറിച്ച് അങ്ങനെ പറയാനൊന്നും താല്‍പര്യമില്ല. ബര്‍ത്ത് ഡേയ്ക്ക് വിഷ് ചെയ്തതും, അവര്‍ വീട്ടിലേക്ക് വരുന്നതുമെല്ലാം പുറംലോകത്തെ വിളിച്ച് കാണിക്കുന്നതില്‍ താല്‍പര്യമില്ല. അത് പേഴ്സ്ണലായി തന്നെ ഇരിക്കട്ടെ'', അനീഷ് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക