അനുമോളെക്കുറിച്ച് റോബിൻ രാധാകൃഷ്‍ണൻ പറയുന്നത്.
പിആർ വിവാദത്തിൽ അനുമോളെ പിന്തുണച്ച് ബിഗ് ബോസ് മുൻതാരം റോബിൻ രാധാകൃഷ്‍ണൻ. വോട്ടിങ്ങിൽ സംശയം ഉള്ളവർ അത് നിയമപരമായി ചോദ്യം ചെയ്യണമെന്നും ആരോപണം ഉന്നയിക്കുകയല്ല വേണ്ടതെന്നും റോബിൻ പറയുന്നു. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
"അനുമോൾ കപ്പ് അർഹിക്കുന്നില്ലെന്ന് പറയാൻ പറ്റില്ല. വോട്ട് ലഭിച്ചിട്ടാണ് വിജയിയായത്. വോട്ടിങ്ങിൽ സംശയം ഉള്ളവർ അത് നിയമപരമായി ചോദ്യം ചെയ്യണം. അതല്ലാതെ ആരോപണം ഉന്നയിക്കുകയല്ല വേണ്ടത്. ബിഗ് ബോസിൽ നിൽക്കുക എന്നത് എളുപ്പമല്ല. അതിൽ ഒരാഴ്ച നിൽക്കുന്നത് പോലും വലിയ അതിജീവനം ആണ്. എത്രയൊക്കെ പിആർ ആണെന്ന് പറഞ്ഞാലും ജനങ്ങളുടെ വോട്ട് ലഭിക്കാതെ വിജയിക്കാൻ പറ്റില്ല. വോട്ടിങ് വേറെ കമ്പനിയാണ് ചെയ്യുന്നത്. ഫൈനൽ ഫൈവിൽ വരുന്ന മത്സരാർഥികളുടെ വോട്ട് ഒരിക്കലും ഫേക്ക് ആക്കാൻ പറ്റില്ല. നമ്മൾ ലീഗൽ ആയി പോയി കഴിഞ്ഞാൽ അവർക്ക് വിവരങ്ങളെല്ലാം കാണിക്കേണ്ടി വരും.
ഞാൻ ഗെയിം കളിച്ച സമയത്ത് മൽസരാർത്ഥികൾക്ക് എതിരെയല്ല കളിച്ചത്. പ്രേക്ഷകനായിട്ട് നിന്ന് പ്രേക്ഷകർക്ക് എന്ത് ഇഷ്ടപ്പെടും എന്ന് നോക്കി പ്രേക്ഷകരുമായി കണക്ഷൻ വരുത്താൻ നോക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ഈ ജനക്കൂട്ടം വരുന്നത്. ഒരു പിആറിനെ പോലും ഏൽപ്പിക്കാതെയാണ് ഇങ്ങനെയൊക്കെയായത്. എന്റെ ഭാര്യ ബിഗ് ബോസിൽ പോവുകയാണെങ്കിലും പിആറിനെ ഏൽപ്പിക്കില്ല. പിആറിനെ ഏൽപ്പിച്ചാൽ ആ പിന്തുണയൊന്നും അധികം നിൽക്കില്ല," റോബിൻ രാധാകൃഷ്‍ണൻ പറഞ്ഞു.
അനുമോളെ പിന്തുണച്ച് മുൻപും നിലപാട് വ്യക്തമാക്കിയിട്ടുള്ളയാളാണ് റോബിൻ. മിനി സ്‍ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളിലൊരാലാണ് ആരാധകർ അനുമോള്‍ എന്നു സ്നേഹത്തോടെ വിളിക്കുന്ന അനുക്കുട്ടി. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്റ്റാര്‍ മാജിക് എന്ന ടെലിവിഷൻ ഷോയിലൂടെയും പ്രശസ്‍തയായി. ബിഗ് ബോസ് കപ്പ് നേടിയതോടെ അനുമോളുടെ പ്രശസ്‍തി വീണ്ടും ഇരട്ടിച്ചു. ഇപ്പോൾ കൂടുതൽ ഉദ്ഘാടനങ്ങളും പ്രോഗ്രാമുകളുമായി തിരക്കിലാണ് താരം.


