30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ നാലാം ദിനം 74 സിനിമകൾ പ്രദർശിപ്പിക്കും. ലൈഫ് ടൈം അച്ചീവ്മെന്റ് ജേതാവ് അബ്ദെർറഹ്‌മാൻ സിസ്സാക്കോ ജി. അരവിന്ദൻ സ്മാരക പ്രഭാഷണം നടത്തും.
തിരുവനന്തപുരം: 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ നാലാം ദിനം (തിങ്കളാഴ്ച്ച) 74 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ മൗറിത്താനിയൻ സംവിധായകനും തിരക്കഥാകൃത്തുമായ അബ്ദെർറഹ്‌മാൻ സിസ്സാക്കോ, സംവിധായകൻ ജി. അരവിന്ദൻ സ്മാരക പ്രഭാഷണം നടത്തും.
സിസ്സാക്കോയുടെ ശ്രദ്ധേയ ചിത്രങ്ങളായ 'ലൈഫ് ഓൺ എർത്ത്', 'ബ്ലാക്ക് ടീ' എന്നിവയും ഇന്ന് (തിങ്കൾ) പ്രദർശിപ്പിക്കുന്നുണ്ട്. കൺട്രി ഫോക്കസ് വിഭാഗത്തിൽ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ബെസ്റ്റ് ഫസ്റ്റ് ഫീച്ചർ അവാർഡ് നേടിയ ഫാം ങോക് ലാൻ്റെ ‘കു ലി നെവർ ക്രൈസ്’ എന്നിവയുടെ പ്രദർശനം രാവിലെ 9 മണിക്ക് നടക്കും. 2025-ലെ കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകൻ, നടൻ, ഫിപ്രസി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയ ക്ലെബർ മെൻഡോൻസ ഫിലോ സംവിധാനം ചെയ്ത ദി സീക്രട്ട് ഏജന്റ് , സ്പിരിറ്റ് ഓഫ് സിനിമാ അവാർഡ് നേടിയ കനേഡിയൻ സംവിധായിക കെല്ലി ഫൈഫ്-മാർഷലിന്റെ വെൻ മോണിംഗ് കംസ് എന്നിവ ഫെസ്റ്റിവൽ ഫേവറൈറ്റ്സ് വിഭാഗത്തിലെ പ്രധാന ചിത്രങ്ങളാണ്.
ഹോമേജ് വിഭാഗത്തിൽ, ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ദേശീയ പുരസ്‌കാരത്തിനർഹമായ 'കുട്ടിസ്രാങ്ക്' ഇന്ന് (തിങ്കൾ) പ്രദർശിപ്പിക്കും. കഴിഞ്ഞ വർഷങ്ങളിൽ സുവർണചകോരം നേടിയ അസ്‌ഗർ ഫർഹാദിയുടെ ഇറാനിയൻ ചിത്രം അബൗട്ട് എല്ലി, സെമിഹ് കാപ്ലനൊഗ്ലു സംവിധാനം ചെയ്ത എയ്ഞ്ചൽ ഫാൾ’ എന്നിവയും മേളയിൽ വീണ്ടും എത്തും.
സമകാലിക മലയാളം സിനിമ വിഭാഗത്തിൽ, 28-ാമത് ഐ.എഫ്.എഫ്.കെ.യിൽ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം നേടിയ ഫാസിൽ റസാഖിന്റെ പുതിയ ചിത്രമായ 'മോഹം' വൈകുന്നേരം 6 മണിക്ക് പ്രേക്ഷകരിലേക്ക് എത്തും. ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ സിറിയൻ സംവിധായിക ഗയ ജിജിയുടെ പീസസ് ഓഫ് എ ഫോറിൻ ലൈഫ് , ലാറ്റിനമേരിക്കൻ വിഭാഗത്തിൽ അർജന്റീനൻ സംവിധായിക ലോറ കസബെയുടെ ദി വിർജിൻ ഓഫ് ദി ക്വാറി ലേക്ക് എന്നിവയടക്കം മറ്റു സിനിമകളും പ്രദർശിപ്പിക്കും.
ചാർലി ചാപ്ലിൻ രചനയും സംവിധാനവും നിർവഹിച്ച ക്ലാസിക് ചിത്രം ദി ഗോൾഡ് റഷ്, സയ്യിദ് മിർസയുടെ അരവിന്ദ് ദേശായി കി അജീബ് ദാസ്താൻ എന്നിവ റീസ്റ്റോർഡ് ക്ലാസിക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോക സിനിമ വിഭാഗത്തിലെ ഇരുപതോളം ചിത്രങ്ങൾ, ഇന്ത്യൻ സിനിമ നൗ’ വിഭാഗത്തിലെ സോങ്‌സ് ഓഫ് ഫോർഗോട്ടൻ ട്രീസ്, കൂടാതെ സിഗ്‌നേച്ചേഴ്‌സ് ഇൻ മോഷൻ വിഭാഗത്തിലെ അനിമേഷൻ ചിത്രങ്ങളായ ആർക്കോ, ദ ഗേൾ ഹൂ സ്റ്റോൾ ടൈം എന്നിവയും മേളയിൽ പ്രദർശിപ്പിക്കും, കാൻ ചലച്ചിത്രോത്സവത്തിന്റെ 50 -ാമത് ആയുഷ്‌കാല സംഭാവന പുരസ്‌കാരം നേടിയ യൂസഫ് ഷഹീനിന്റെ ദി അദർ എന്ന ചിത്രമടക്കം 74 വ്യത്യസ്ത സിനിമകളാണ് ഐ.എഫ്.എഫ്.കെയിൽ നാലാം ദിനം പ്രദർശിപ്പിക്കുന്നത്.



