സിനിമാ ടിക്കറ്റുകൾക്ക് അമിത വില ഈടാക്കുന്ന തിയേറ്ററുകൾക്കെതിരെ മദ്രാസ് ഹൈക്കോടതി നടപടിക്ക് നിർദേശം നൽകി. 

ചെന്നൈ: സിനിമാ ടിക്കറ്റുകൾക്ക് അമിത വില ഈടാക്കി പ്രേക്ഷകരെ ചൂഷണം ചെയ്യാൻ തിയേറ്റർ ഉടമകൾക്ക് അനുവാദമില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. സർക്കാർ രൂപീകരിച്ച കമ്മിറ്റിയോട്, അമിത നിരക്ക് ഈടാക്കുന്ന തിയേറ്റർ ഉടമകൾക്കെതിരെ നടപടിയെടുക്കാൻ മദ്രാസ് കോടതി നിർദേശിച്ചു. കൂടാതെ, തിയേറ്ററുകൾ അധികമായി ഈടാക്കിയ തുക പ്രേക്ഷകർക്ക് തിരികെ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

നവംബർ 2024-ൽ സർക്കാർ പുറപ്പെടുവിച്ച ഒരു ഉത്തരവ് പ്രകാരം പുതിയ സിനിമകൾ റിലീസ് ചെയ്യുന്ന ആദ്യ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ തിയേറ്റർ ഉടമകൾക്ക് അനുമതി നൽകിയിരുന്നു. എന്നാൽ, ഈ അനുമതി തീയറ്റര്‍ ഉടമകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫയൽ ചെയ്ത ഒരു റിട്ട് പെറ്റീഷനാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടല്‍.

പുതിയ സിനിമകൾ റിലീസ് ചെയ്യുന്നതിന്റെ ആദ്യ നാല് ദിവസങ്ങളിൽ തിയേറ്ററുകൾ പ്രേക്ഷകരെ കൊള്ളയടിച്ചതായി ആരോപിച്ച് 2017-ൽ ചെന്നൈയിലെ ജി. ദേവരാജൻ സമർപ്പിച്ച റിട്ട് ഹർജി തീർപ്പാക്കവെയാണ് ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്.

കോടതി വിധി പ്രകാരം, സർക്കാർ നിശ്ചയിച്ച നിരക്കിന് മുകളിൽ ടിക്കറ്റ് വില ഈടാക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം പ്രവർത്തനങ്ങൾ തടയാൻ സർക്കാർ തലത്തില്‍ കമ്മിറ്റി രൂപീകരിച്ച് കർശന നിരീക്ഷണം നടത്തണമെന്നും. ലംഘനങ്ങൾ കണ്ടെത്തിയാൽ ഉടനടി നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

2023-ൽ സമാനമായ ഒരു കേസിൽ, ടിക്കറ്റ് വില നിരീക്ഷിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ തുടരണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇപ്പോഴത്തെ വിധി ഈ ഉത്തരവിന്റെ തുടർച്ചയായാണ് വിലയിരുത്തപ്പെടുന്നത്.

പ്രേക്ഷകർക്ക് ന്യായമായ വിലയിൽ സിനിമ ആസ്വദിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിനും, തിയേറ്റർ ഉടമകളുടെ ചൂഷണം തടയുന്നതിനും ഈ വിധി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.