എല്ലാവർക്കും ഓണാശംസകൾ അറിയിച്ചും അല്‍പ്പനേരം പുലികളിയും ആസ്വദിച്ചുമാണ് സുരേഷ്‌ഗോപി തൃശ്ശൂര് നിന്നും മടങ്ങിയത്.

തൃശ്ശൂർ: മെയ്യെഴുത്ത് ഉദ്ഘാടനം ചെയ്തത് നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. കുട്ടിപ്പുലികളുടെ അടക്കം നാല് പുലികളുടെ പുലിക്കണ്ണ് വരച്ചാണ് നടൻ മെയ്യെഴുത്തിന് തുടക്കമിട്ടത്. വലിയ ആഘോഷങ്ങൾ ഉണ്ടാകില്ലെന്ന് കരുതിയടുത്ത് നിന്നുള്ള തിരിച്ചുവരവാണ് ഈ പുലിക്കളി ഉൾപ്പെടെയുള്ളവയെന്ന്‌ സുരേഷ് ​ഗോപി പറഞ്ഞു. എല്ലാവർക്കും ഓണാശംസകൾ അറിയിച്ചും അല്‍പ്പനേരം പുലികളി ആസ്വദിച്ചുമാണ് സുരേഷ്‌ഗോപി തൃശ്ശൂര് നിന്നും മടങ്ങിയത്.

ശക്തൻ പുലിക്കളി സംഘമാണ് മെയ്യെഴുത്ത് സംഘടിപ്പിച്ചത്. പുലികളിയുടെ അണിയറപ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് മറ്റുള്ളവർക്ക് അറിയാനുള്ള അവസരം ഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യം. ചടങ്ങിൽ കൗൺസിലർ റെജി ജോയ് ചാക്കോള അധ്യക്ഷനായി. ബേബി പി. ആന്റണി, സജീവൻ കുട്ടംകുളങ്ങര എന്നിവർ പ്രസംഗിച്ചു. 

അശോകൻ പെരിങ്ങാവ്, പ്രേംജി കുണ്ടുവാറ, കുട്ടപ്പൻ വെളിയന്നൂർ, പ്രകാശൻ പാട്ടുരായ്ക്കൽ, ബാലസു, രഘു കാനാട്ടുകര തുടങ്ങിയവർ മെയ്യെഴുത്തിന് നേതൃത്വം നൽകി. എല്ലാ വര്‍ഷവും നാലാം ഓണത്തിനാണ് തൃശൂര്‍ നഗരത്തില്‍ പുലികള്‍ ഇറങ്ങുന്നത്. ആയിരങ്ങളാണ് പുലിക്കളി കാണാനെത്തുന്നത്. 

തിടമ്പേറ്റിയ കൊമ്പന്റെ പ്രൗഢിയോടെ 25 ദിനങ്ങൾ; വിജയഭേരി മുഴക്കി 'പാപ്പന്റെ' തേരോട്ടം

അതേസമയം, പാപ്പൻ എന്ന ചിത്രമാണ് സുരേഷ് ​ഗോപിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ മകൻ ​ഗോകുൽ സുരേഷും ഒരു പ്രധാനകഥാപാത്രത്തെ കൈകാര്യം ചെയ്തിരുന്നു. സിനിമ റിലീസ് ചെയ്ത് 25 ദിവസത്തിനുള്ളിൽ 50 കോടി ക്ലബ്ബിലും ഇടംനേടി കഴിഞ്ഞു. 

 'മേ ഹൂം മൂസ' എന്ന ചിത്രമാണ് സുരേഷ് ​ഗോപിയുടേതായി റിലീസിനൊരുങ്ങുന്നത്. ജിബു ജേക്കബ്ബാണ് ഈ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളായ വാഗാ ബോർഡർ, കാർഗിൽ, പുഞ്ച്, ഗുൽമാർഗ്, എന്നിവിടങ്ങളിലും ഡൽഹി, ജയ്‍പൂർ, പൊന്നാനി എന്നിവിടങ്ങളിലുമായി ട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. സൈജു കുറുപ്പ് ,ഹരീഷ് കണാരൻ, ജോണി ആന്റണണി. മേജർ രവി, മിഥുൻ രമേഷ്, ശരൺ, സ്രിന്ദ, അശ്വിനി, ജിഞ്ചനാ കണ്ണൻ സാഗർ തുടങ്ങിയവർ ഈ ചിത്രത്തിൽ അണിനിരക്കുന്നു. രൂപേഷ് റെയ്‍നിന്റേതാണ് തിരക്കഥ. ശ്രീജിത്താണ് ഛായാഗ്രാഹകൻ.