സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രമായ 'മേ ഹും മൂസ' സംവിധാനം ചെയ്യുന്നത് ജിബു ജേക്കബ് ആണ്.
നീണ്ട കാലത്തെ ഇടവേളക്ക് ശേഷം സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രമാണ് പാപ്പൻ. പ്രേക്ഷകരുടെ മനസ്സ് നിറച്ച് കൊണ്ട് പാപ്പൻ തിയറ്ററുകളിൽ തീ പടർത്തുന്നുവന്നാണ് പ്രതികരണങ്ങൾ. ഈ അവസരത്തിൽ തന്റെ പുതിയ സിനിമയായ 'മേ ഹും മൂസ' (Mei Hoom Moosa) എന്ന ചിത്രത്തിന്റെ പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി.
'മേ ഹും മൂസ'യുടെ ഫസ്റ്റ് ലുക്ക് നാളെ റിലീസ് ചെയ്യുമെന്നാണ് സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്. നാളെ വൈകുന്നേരം 5. 45ന് ഫസ്റ്റ് ലുക്ക് പുറത്തെത്തും. പഴയൊരു നാടൻ തോക്കിന്റെ പോസ്റ്ററോട് കൂടിയാണ് ഫസ്റ്റ് ലുക്കിന്റെ വിവരം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പിന്നാലെ സുരേഷ് ഗോപിക്കും ചിത്രത്തിനും ആശംസകളുമായി പ്രേക്ഷകരും രംഗത്തെത്തി.
സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രമായ 'മേ ഹും മൂസ' സംവിധാനം ചെയ്യുന്നത് ജിബു ജേക്കബ് ആണ്. പൂനം ബജ്‌വയാണ് നായിക. ചിത്രത്തിന്റെ ഡബ്ബിംഗ് സ്റ്റിൽ സുരേഷ് ഗോപി നേരത്തെ പങ്കുവച്ചിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി സെപ്റ്റംബർ 30 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നിര്‍മ്മാതാവ് തോമസ് തിരുവല്ല അറിയിച്ചിരിക്കുന്നത്.
1998 മുതല് 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. തന്‍റെ മുന്‍ ചിത്രങ്ങളിലേതുപോലെ നര്‍മ്മത്തിന്‍റെ മേമ്പൊടി ഉണ്ടെങ്കിലും ഗൌരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നത്. ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, മേജര്‍ രവി, മിഥുൻ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗർ, അശ്വിനി, സരൺ, ജിജിന, ശ്രിന്ദ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കോൺഫിഡന്റ് ഗ്രൂപ്പിന്‍റെയും തോമസ്സ് തിരുവല്ല ഫിലിംസിന്റെയും ബാനറുകളില്‍ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു.
Mei Hoom Moosa : 'മൂസ'ക്ക് ഡബ്ബ് ചെയ്ത് സുരേഷ് ഗോപി; 'ഇത് താൻ ആരംഭം' എന്ന് ആരാധകർ
