അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും നല്ല കഥാപാത്രങ്ങൾ കിട്ടുന്നതാണ് ഏറ്റവും സന്തോഷമെന്നുമാണ് പുരസ്കാര നിറവിൽ നിൽക്കുമ്പോൾ വിജയരാഘവൻ പറയുന്നത്.

കൊച്ചി: 2023ലെ ദേശീയ ചലച്ചിത്ര അവാർഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് ഇരട്ടി മധുരം നൽകിയ അഭിനേതാക്കളായിരുന്നു ഉർവശിയും വിജയരാഘവനും. ഉള്ളൊഴുക്കിലൂടെ ഉർവശി അവാർഡിന് അർഹയായപ്പോൾ, വിജയരാഘവൻ പൂക്കാലം എന്ന ചിത്രത്തിലൂടെ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും നല്ല കഥാപാത്രങ്ങൾ കിട്ടുന്നതാണ് ഏറ്റവും സന്തോഷമെന്നുമാണ് പുരസ്കാര നിറവിൽ നിൽക്കുമ്പോൾ വിജയരാഘവൻ പറയുന്നത്.

"അവാർഡ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കിട്ടിയപ്പോൾ സന്തോഷം. പുരസ്കാരങ്ങളെക്കാൾ ഉപരിയായി നല്ല കഥാപാത്രങ്ങൾ കിട്ടുമ്പോഴാണ് എനിക്ക് ഏറ്റവും വലിയ സന്തോഷം കിട്ടുന്നത്. പൂക്കാലത്തിന്റെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ എനിക്ക് ഭയങ്കര സന്തോഷം തോന്നി. പടം എങ്ങനെയുണ്ടാകുമെന്ന് എനിക്കറിയല്ല. എന്റെ വേഷം ഞാൻ ചെയ്യാൻ ശ്രമിക്കാം എന്നാണ് പറഞ്ഞത്. അവർക്കും ഇത് വർക്കൗട്ട് ആകുമോന്ന പേടിയുണ്ടായിരുന്നു. ഒടുവിൽ മേക്കപ്പൊക്കെ ചെയ്ത് വന്നപ്പോൾ എല്ലാം ശരിയായി", എന്ന് വിജയരാഘവൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

"വണ്ണവും വയറുമൊക്കെ കുറച്ചു. വിജയരാഘവന്റെ അംശങ്ങളൊന്നും കഥാപാത്രത്തിൽ ഉണ്ടാകരുതെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. അതല്ലാതെ വേറെ തയ്യാറെടുപ്പൊന്നും ഉണ്ടായില്ല. എന്നെ സംബന്ധിച്ച് ഇത് ഏറ്റവും വലിയ ആനന്ദനം ആണ്. ഓരോ സീനുകൾ കാണ്ട് ആളുകൾ കയ്യടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് നമ്മുടെ പ്രചോദനം. സംവിധായകരൊക്കെ നന്നായി ചെയ്തുവെന്ന് പറയുമ്പോഴാണ് നമ്മൾ ആസ്വദിക്കുന്നത്. പ്രേക്ഷകരുടെ കയ്യടിയാണ് ഏറ്റവും വലിയ ആവേശം", എന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനൊപ്പം മുത്തുപേട്ടൈ സോമു ഭാസ്കറും (തമിഴ് ചിത്രം പാര്‍ക്കിംഗ്) പങ്കുവച്ചപ്പോള്‍ മികച്ച സഹനടിക്കുള്ള പുരസ്കാരം ഉര്‍വശി പങ്കുവച്ചത് ജാന്‍കി ബോഡിവാലയുമായാണ് (ഗുജറാത്തി ചിത്രം വഷ്). 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്