വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന 'തുടക്കം' എന്ന ചിത്രം ഓഗസ്റ്റ് 7-ന് തിയേറ്ററുകളിൽ എത്തും. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന തുടക്കം എന്ന ചിത്രം ഓ​ഗസ്റ്റ് 7ന് തിയറ്ററുകളിൽ എത്തും. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമ വെള്ളിയാഴ്ച തിയറ്ററിൽ എത്താനിരിക്കെ വിസ്മയയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് നടി മാലാ പർവതി. ഒപ്പം സിജെപി പ്രതിഷേധത്തിൽ താൻ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് വിസ്മയ പറഞ്ഞതിനെയും മാലാ പാർവതി പ്രശംസിച്ചു.

"പ്രിയ വിസ്മയ, തുടക്കത്തിന് അഭിനന്ദനങ്ങൾ. നിന്‍റെ ശാന്തമായ കരുത്തും ലാളിത്യവും സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനുള്ള ധൈര്യവും തികച്ചും പ്രശംസനീയമാണ്. ഇവ എപ്പോഴും നിന്റെ യാത്രയ്ക്ക് വഴികാട്ടിയായി ഉണ്ടാവട്ടെ. സിനിമയിലെ നിന്റെ യാത്ര അർത്ഥവത്തായ സൃഷ്ടികളാലും മികച്ച വ്യക്തികളാലും അർഹിക്കുന്ന എല്ലാ വിജയങ്ങളാലും അനുഗ്രഹിക്കപ്പെടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ദൈവം നിനക്ക് ഉചിതമായ അവസരങ്ങൾ തുറന്നുതരികയും ഓരോ ഘട്ടത്തിലും അവ സംരക്ഷിക്കുകയും, ദീർഘവും സംതൃപ്തവും മനോഹരവുമായ കരിയർ നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ. എല്ലാറ്റിനുമുപരിയായി, എപ്പോഴും സ്വന്തം വ്യക്തിത്വത്തോട് നീതി പുലർത്താൻ സാധിക്കട്ടെ. അതാണ് ഏറ്റവും വലിയ അനുഗ്രഹവും. എല്ലാവിധ സ്നേഹത്തോടും പ്രാർത്ഥനയും ഹൃദയംഗമമായ അനുഗ്രഹവും നേരുന്നു", എന്നായിരുന്നു മാലാ പാർവതിയുടെ വാക്കുകൾ.

"ഷെയര്‍ ചെയ്ത കാര്യങ്ങളില്‍ ഞാന്‍ ഉറച്ച് തന്നെ നില്‍ക്കുകയാണ്. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും ചോദ്യം ചെയ്യപ്പെടാന്‍ അനുവദിക്കണമെന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുപോലെ കേള്‍ക്കുകയും വേണം. ഫോഴ്സ് ചെയ്യുന്നതിന് പകരം ചര്‍ച്ചകളാണ് നമ്മൾ നടത്തേണ്ടത്. രാഷ്ട്രീയം ഒരിക്കലും മാനവികതയ്ക്ക് മുകളിലാകരുത് എന്നാണ് ഞാന്‍ കരുതുന്നത്. ഇനി ഏത് പാര്‍ട്ടി അധികാരത്തിൽ വന്നാലും, നാളെ ഇതേ കാര്യം വീണ്ടും സംഭവിച്ചാലും എനിക്ക് ഇതേ തോന്നല്‍ തന്നെയായിരിക്കും ഉണ്ടാവുക", എന്നായിരുന്നു സിജെ പ്രതിഷേധ പോസ്റ്റിനെ കുറിച്ച് വിസ്മയ കഴിഞ്ഞ ദിവസം പറഞ്ഞത്. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming