കോക്ക്ടെയിൽ 2 ൽ ഷാഹിദ് കപൂർ, കൃതി സനോൺ, രശ്മിക മന്ദാന എന്നിവർ ഒന്നിക്കുന്നു. മാഡോക്കിന്റെ ദിനേശ് വിജൻ ലവ് രഞ്ജനുമായി ചേർന്നാണ് ചിത്രം ഒരുക്കുന്നത്.

ദില്ലി: കോക്ക്ടെയിൽ 2 നെക്കുറിച്ച് കുറച്ചുനാളായി ബോളിവുഡില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. മാഡോക്കിന്റെ ദിനേശ് വിജൻ ലവ് രഞ്ജനുമായി രണ്ടാം ഭാഗത്തിനായി ഒന്നിച്ചുവെന്നാണ് പിങ്ക്വില്ല റിപ്പോർട്ട് ചെയ്തിരുന്നു.

തേരി ബാത്തോൺ മേം ഐസ ഉൽജ ജിയ എന്ന ചിത്രത്തിലെ ഷാഹിദ് കപൂറിന്റെയും കൃതി സനോണിന്റെയും കെമിസ്ട്രി ഏറെ ഇഷ്ടപ്പെട്ടതിനു ശേഷമാണ് ഇരുവരും രണ്ടാം ഭാഗത്തിനായി ഒന്നിക്കുന്നത്. ഇപ്പോൾ കോക്ക്ടെയിൽ 2 ൽ രശ്മിക മന്ദാനയും ഇവർക്കൊപ്പം ചേർന്നു എന്നാണ് വിവരം. 2026 ഓഗസ്റ്റിൽ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പിങ്ക്വില്ല റിപ്പോർട്ട് ചെയ്തു.

വിശാൽ ഭരദ്വാജിന്റെ അർജുൻ ഉസ്താര എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം, കോക്ക്ടെയിൽ 2 വിലേക്ക് ഷാഹിദ് കപൂർ എത്തും. ആനന്ദ് എൽ റായിയുടെ തേരേ ഇഷ്ക് മേ എന്ന ചിത്രത്തിലും കൃതി സനോൺ തിരക്കിലാണ്. ധനുഷാണ് ഈ ചിത്രത്തിലെ നായകന്‍. ഇതും ഒരു പ്രണയകഥയാണ്.

കോക്ക്ടെയിൽ 2 എന്ന ചിത്രത്തിലെ ചേരുന്നതിന് മുമ്പ് രശ്മിക മന്ദാന ആയുഷ്മാൻ ഖുറാനയ്‌ക്കൊപ്പം അഭിനയിക്കുന്ന തമ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കും. മാഡോക്ക് ഫിലിംസ് തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മഡോക്കിന്‍റെ സ്ത്രീ ഉള്‍പ്പെടുന്ന സൂപ്പര്‍ നാച്വറല്‍ യൂണിവേഴ്സിന്‍റെ ഭാഗമാണ് ഈ ചിത്രം.

സെയ്ഫ് അലി ഖാൻ, ദീപിക പദുക്കോൺ, ഡയാന പെന്റി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച 2013-ൽ പുറത്തിറങ്ങിയ കോക്ക്ടെയിൽ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് കോക്ക്ടെയിൽ 2 എന്നാണ് റിപ്പോര്‍ട്ട്. അപ്രതീക്ഷിത സാഹചര്യങ്ങളിൽ പരസ്പരം ആശ്വാസം കണ്ടെത്തുന്ന മൂന്ന് സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രണയം അവരുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ അവരുടെ ബന്ധങ്ങൾ വഷളാകുകയും ഒരു ത്രികോണ പ്രണയം രൂപപ്പെടുകയും ചെയ്യുന്നു. 2013 ല്‍ ബോക്സോഫീസ് ഹിറ്റായ ചിത്രമായിരുന്നു ഇത്.

2026 രണ്ടാം പകുതിയില്‍ തീയറ്റര്‍ റിലീസ് ലക്ഷ്യമിട്ടായിരിക്കും ചിത്രം ഒരുക്കുക എന്നാണ് വിവരം. മാഡോക്കിന്റെ ദിനേശ് വിജൻ ആണ് ഇപ്പോള്‍ ബോളിവുഡിലെ വന്‍ ചിത്രങ്ങളില്‍ വലിയൊരു ഭാഗവും ചാര്‍ട്ട് ചെയ്തിരിക്കുന്നത്.