'വാഴ 2' സിനിമയുടെ വൻ വിജയത്തിന് പിന്നാലെ പ്രധാന നടൻ ഹാഷിറിന് അഭിനന്ദനവുമായി സ്വന്തം നാട്ടുകാർ. ഹാഷിറിന് ആശംസകൾ നേർന്ന് പ്രാദേശിക സിപിഎം നേതൃത്വം സ്ഥാപിച്ച ഫ്ലക്സ് ബോർഡാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ചിത്രത്തിന്‍റെ അണിയറപ്രവർത്തകരെ അഭിനന്ദിച്ചിരുന്നു.

തിരുവനന്തപുരം: 'വാഴ 2' സിനിമയുടെ വൻ വിജയത്തിന് പിന്നാലെ അഭിനേതാക്കൾക്കെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രശംസയാണ് ലഭിക്കുന്നത്. അതിനിടെ പ്രധാന നടൻ ഹാഷിറിന് ആശംസകൾ നേർന്ന് സ്വന്തം നാട്ടുകാർ വച്ച ഫ്ലക്സ് ബോർഡ് ആണിപ്പോൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 79 കോടിയിലധികം രൂപ ആഗോള ബോക്സ് ഓഫീസിൽ നേടിയ ഈ സിനിമയിലൂടെ ഹാഷിർ മലയാള സിനിമയിലെ ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്. ഇതിന് പിന്നാലെയാണ് ഹാഷിറിനെ അഭിനന്ദിച്ച് പ്രാദേശിക സിപിഎം നേതൃത്വം ഫ്ലക്സ് വച്ചിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഈ ഫ്ലക്സിന്‍റെ ദൃശ്യങ്ങളും സോഷ്യൽമീഡിയ ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. വാഴ 2 സിനിമയിൽ ഫ്ലെക്സിൽ നിന്ന് വെട്ടി മാറ്റിയെങ്കിലും സ്വന്തം ജീവിതത്തിൽ ഹാഷിർ നേടിയെടുത്തു എന്ന തലക്കെട്ടോടെയാണ് പ്രചാരണം. വേങ്കോട് മേഘമൽഹാറിൽ ഷിഹാബുദ്ദീൻ - ലൈല ദമ്പതികളുടെ കൊച്ചുമകനും ഫൈസിയുടെ സഹോദരി ഹസ്സീനയുടെ മകനുമായ ഹാഷിർ എച്ച് വാഴ 2 എന്ന മലയാള സിനിമയിലെ പ്രധാന വേഷം ചെയ്ത് വിജയം കൈവരിച്ചു. നമ്മുടെ നാടിന് അഭിമാനമായ കൊച്ചുമിടുക്കന് സിപിഎം വേങ്കോട് ബ്രാഞ്ചിന്‍റെ അഭിനന്ദനങ്ങൾ- എന്നാണ് ഫ്ലക്സിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഫ്ലക്സ് പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെ സ്ഥാപിച്ചതാണെന്നും നാടിന് അഭിമാനമായി മാറിയ ഹാഷിറിനെയും ടീമിനെയും ആദരിക്കാനാണ് തീരുമാനമെന്നും ഇലകമൺ പഞ്ചായത്ത് അംഗം പ്രവീൺകുമാർ പറഞ്ഞു. വരും ദിവസങ്ങളിൽ പഞ്ചായത്തിൽ വേണ്ട കൂടിയാലോചനകൾ നടത്തി ദിവസം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയ താരങ്ങളെ പ്രധാനവേഷത്തിലവതരിപ്പിച്ച് വിപിൻ ദാസിന്‍റെ തിരക്കഥയിൽ സവിൻ എസ് എ സംവിധാനം ചെയ്ത 'വാഴ 2: ബയോപിക് ഓഫ് ബില്യൺ ബ്രോസ്' തിയേറ്ററിൽ കണ്ട് എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ സി വേണുഗോപാൽ ഹാഷിറിനെയും ടീമിനെയും അഭിനന്ദിച്ചിരുന്നു. കുടുംബത്തോടൊപ്പമാണ് കെ സി തിയേറ്ററിലെത്തി സിനിമ കണ്ടത്. പിന്നാലെ, അഭിനേതാക്കളെ വീഡിയോകോളിൽ വിളിച്ച് അഭിനന്ദിച്ചു. ഇതിന്‍റെ വീഡിയോയും അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ഇൻസ്റ്റഗ്രാം റീൽ താരങ്ങളായ ഹാഷിറും ടീമും മറ്റു അഭിനേതാക്കളും എത്ര മനോഹരമായാണ് അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ കണ്ടതിനു പിന്നാലെ അഭിനേതാക്കളെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർക്കും സംവിധാനം നിർവഹിച്ച സവിൻ എസ്.എക്കും രചന നിർവഹിച്ച വിപിൻ ദാസിനും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ', അദ്ദേഹം പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം കുറിച്ചു.