രോഗം ബാധിച്ചതിനെക്കുറിച്ച് ദേവി ചന്ദന.
തനിക്കുണ്ടായ ഗുരുതരമായ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും നർത്തകിയുമായ ദേവി ചന്ദന. ഹെപ്പറ്റൈറ്റിസ് എ രോഗബാധയെത്തുടർന്ന് ഇക്കഴിഞ്ഞ ഓണക്കാലത്ത് ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിലും കഴിയേണ്ട അവസ്ഥയായിരുന്നു തനിക്കെന്ന് യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ ദേവി ചന്ദന വെളിപ്പെടുത്തി.
ദേവി ചന്ദനയുടെ വാക്കുകൾ:
''ഒരു മാസം ആശുപത്രിയിലായിരുന്നു. ചെറിയ ശ്വാസംമുട്ടൽ എന്നു പറഞ്ഞ് വെച്ചോണ്ടിരുന്നു. പക്ഷേ ആശുപത്രിയിൽ ചെന്നുകഴിഞ്ഞപ്പോഴാണ് അത് ഹെപ്പറ്റൈറ്റിസ് എ ആണെന്ന് മനസിലായത്. ഐസിയുവിലായിരുന്നു. കോവിഡ് വന്നപ്പോൾ കരുതിയത് അതായിരിക്കും ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ്. ആറ് മാസം കഴിഞ്ഞപ്പോൾ എച്ച് വൺ എൻ വൺ വന്നു. അപ്പോൾ തോന്നി കോവിഡ് എത്രയോ ഭേദമായിരുന്നെന്ന്. പക്ഷേ ഇതുണ്ടല്ലോ, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഗുണപാഠമായിരുന്നു.
വെള്ളത്തിൽ നിന്നോ ഭക്ഷണത്തിൽ നിന്നോ എവിടെ നിന്നാണ് കിട്ടിയതെന്ന് എല്ലാവരും ചോദിച്ചു. സത്യം പറഞ്ഞാൽ ഞാൻ ഒറ്റയ്ക്ക് എവിടെയും പോയിട്ടില്ല. മൂന്നാറിലൊക്കെ എല്ലാവരും കൂടിയാണ് പോയത്. അതുകഴിഞ്ഞ് മുംബയിൽ എനിക്കൊരു പരിപാടി ഉണ്ടായിരുന്നു. അപ്പോഴും കൂടെ ആളുകളുണ്ടായിരുന്നു. അതുകഴിഞ്ഞ് ഷൂട്ടിങ്ങിനും പോയി. അതും ഒറ്റയ്ക്കല്ല പോയത്. എന്റെ ഭയങ്കര പ്രതിരോധശേഷി കൊണ്ടാവാം എനിക്ക് മാത്രം അസുഖം വന്നത്.കഴിഞ്ഞ മാസം ഇരുപത്തിയാറിന് അഡ്മിറ്റായതാണ്. അട്ടയൊക്കെ ചുരുണ്ട് കിടക്കുന്നതുപോലെയായിരുന്നു ആദ്യം. സംസാരമില്ല, എഴുന്നേൽക്കില്ല. ഭക്ഷണം കഴിക്കാൻ എഴുന്നേൽക്കുമ്പോൾ ഛർദിയും. ഭക്ഷണം കഴിച്ചാൽ ഛർദിക്കുമോ എന്നായിരുന്നു പേടി. രണ്ടാഴ്ച കരിക്ക് കുടിച്ചാലും ഛർദിക്കുമായിരുന്നു. കണ്ണും ദേഹവുമൊക്കെ മഞ്ഞക്കളറായി. ബിലിറൂബിൻ 18 ആയി. ഈ അസുഖത്തെക്കുറിച്ച് വലിയ ധാരണയില്ലായിരുന്നു. പുറത്തേക്ക് യാത്ര ചെയ്യുന്നവർ വെള്ളം, ഭക്ഷണം എന്നിവയൊക്കെ ശ്രദ്ധിക്കണം. ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവായി കോമയിലൊക്കെ പോയവരുണ്ട്. തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും നിയന്ത്രിക്കുക. അത്രയും ശുദ്ധമായ വെള്ളം മാത്രം കുടിക്കുക. എല്ലാവരും കരുതിയിരിക്കുക''.


