അർജുൻ അശോകൻ, ശ്രീനാഥ് ഭാസി എന്നിവർ അഭിനയിച്ച 'ഖജുരാഹോ ഡ്രീംസ്' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. അഞ്ച് സുഹൃത്തുക്കളുടെ യാത്രയുടെ കഥ പറയുന്ന ചിത്രം, യാത്രകളെയും സൗഹൃദത്തെയും ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാനാകുന്ന ഒന്നാണ്.

ർജുൻ അശോകനും ശ്രീനാഥ് ഭാസിയും ഷറഫുദ്ദീനും ധ്രുവനും അതിഥി രവിയും പ്രധാന വേഷങ്ങളിലെത്തിയ 'ഖജുരാഹോ ഡ്രീംസ്' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംവിധായകൻ എം പത്മകുമാർ പറഞ്ഞ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. വർണ്ണനാതീതമായ, അവിസ്മരണീയമായ ഒരു അനുഭൂതിയാണ് ചിത്രം സമ്മാനിച്ചതെന്നാണ് ചിത്രം കണ്ട ശേഷം അദ്ദേഹത്തിന്‍റെ വാക്കുകള്‍.

''യാത്രകൾ ഇഷ്ടപ്പെടുന്ന ആസ്വദിക്കുന്ന ഒരുപാട് പേരിൽ ഒരാളാണ് ഞാനും. പുതിയ ലോകങ്ങൾ, പുതിയ മനുഷ്യർ, നമുക്ക് പരിചിതമല്ലാത്ത, നമ്മൾ അനുഭവിച്ചിട്ടില്ലാത്ത നമ്മുടെ ഭാവനയ്ക്ക് അതീതമായ സംസ്കാരങ്ങൾ ഇതൊക്കെയാണ് യാത്രകള്‍ക്ക് എപ്പോഴും നമ്മെ പ്രേരിപ്പിക്കുന്നത്, പ്രചോദിപ്പിക്കുന്നത്. അങ്ങനെ യാത്ര ചെയ്യുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ സിനിമയാവുക, സിനിമയിലൂടെ ആ ചെറുപ്പക്കാരോടൊപ്പം യാത്ര ചെയ്യാനും അവർ കാണുന്ന അനുഭവിക്കുന്ന തിരിച്ചറിയുന്നൊരു ജീവിതം അവർക്കൊപ്പം അനുഭവിക്കാനും കഴിയുക എന്നു പറഞ്ഞാൽ അതൊരു ചെറിയ കാര്യമല്ല, വർണ്ണനാതീതമായ അവിസ്മരണീയമായ ഒരു അനുഭൂതിയാണത്. ആ അനുഭൂതിയാണ് ഖജുരാഹോ ഡ്രീംസ് എന്ന സിനിമ എനിക്കും എന്നോടൊപ്പം സിനിമ കണ്ട ഓരോ പ്രേക്ഷകനും സമ്മാനിക്കുന്നത്. നന്ദി മനോജ് വാസുദേവ് എന്ന സംവിധായകന്, സേതു എന്ന തിരക്കഥാകൃത്തിന്. ഒപ്പം ഖജുരാഹോ ഡ്രീംസിന് മുന്നിലും പിന്നിലും പ്രവർത്തിച്ച ഓരോരുത്തർക്കും'', എന്നാണ് പത്മകുമാർ സിനിമയെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.

യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും ഫ്രണ്ട്‍ഷിപ്പ് ആഘോഷമാക്കുന്നവർക്കും പെട്ടെന്ന് കണക്ടാവുന്നൊരു ഫൺ വൈബ് പടം എന്നാണ് സിനിമയെ കുറിച്ചുള്ള പ്രേക്ഷകാഭിപ്രായം. കിടിലൻ സിറ്റുവേഷണൽ കോമഡികളും രസകരമായ നിമിഷങ്ങളും കുറച്ച് ത്രില്ലിംഗ് മൊമന്‍റ്സുമൊക്കെയായി കുടുംബപ്രേക്ഷകരടക്കം ഏവർക്കും കണ്ടിരിക്കാവുന്നൊരു ചിത്രമെന്നാണ് ഏവരും ചിത്രത്തെ കുറിച്ച് ഒരേ സ്വരത്തിൽ പറയുന്നത്. അഞ്ച് ആത്മാർത്ഥ സുഹൃത്തുക്കളുടെ ജീവിതവും അവരുടെ രസകരമായൊരു യാത്രയുമായി എത്തിയിരിക്കുകയാണ് ചിത്രം. ധ്രുവൻ, ചന്തുനാഥ്, ബോളിവുഡ് താരം രാജ് അർജുൻ, ജോണി ആന്‍റണി, സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നൈന സർവാർ, അമേയ മാത്യു, രക്ഷ രാജ്, നസീർ ഖാൻ, അശോക് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം.കെ. നാസർ നിർമ്മിച്ച് നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ പ്രദീപ് നായരുടെ ഛായാഗ്രഹണമികവും ലിജോ പോളിന്‍റെ ചടുലമായ എഡിറ്റിംഗും ഗോപി സുന്ദർ ഒരുക്കിയിരിക്കുന്ന മനോഹരമായ ഗാനങ്ങളും ശ്രദ്ധേയമാണ്. കുടുംബങ്ങളേയും യൂത്തിനേയും ആകർഷിക്കുന്ന ചിത്രം തീർച്ചയായും തിയേറ്റർ‍ മസ്റ്റ് വാച്ചാണ് എന്നാണ് പ്രേക്ഷകരുടേയും നിരൂപകരുടേയും അഭിപ്രായം.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്