മാര്‍ക്ക് ആന്‍റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം
അജിത്ത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പേര് സൂചിപ്പിക്കുന്നതുപോലെ ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് ഇന്ന് വൈകിട്ട് 6.31 ന് എത്തുമെന്ന് അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഒരേ ഗെറ്റപ്പില്‍ അജിത്ത് കുമാറിന്‍റെ മൂന്ന് ചിത്രങ്ങള്‍ ചേര്‍ത്തുള്ള കളര്‍ഫുള്‍ പോസ്റ്റര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് 2025 പൊങ്കലിന് ആയിരിക്കുമെന്നും പോസ്റ്ററില്‍ ഉണ്ട്.
മാര്‍ക്ക് ആന്‍റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ അതിവേഗം പുരോമഗിക്കുകയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിലെ അജിത്ത് ഉള്‍പ്പെടുന്ന ആക്ഷന്‍ സീക്വന്‍സിന്‍റെ ചിത്രീകരണമാണ് ഹൈദരാബാദില്‍ പ്രധാനമായും നടന്നത്. പതിവുപോലെ ഡ്യൂപ്പിനെ ഒഴിവാക്കിക്കൊണ്ടാണ് സംഘട്ടന രംഗങ്ങളില്‍ അജിത്ത് പങ്കെടുത്തത്.
ദേവിശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. മലയാളത്തില്‍ ആമേന്‍, ബ്രോഡാഡി അടക്കമുള്ള സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച അഭിനന്ദനായിരുന്നു ആദിക് രവിചന്ദ്രന്‍റെ കഴിഞ്ഞ ചിത്രമായ മാര്‍ക്ക് ആന്‍റണിയുടെയും ഛായാഗ്രഹണം. വിജയ് വേലുക്കുട്ടിയാണ് എഡിറ്റര്‍. അജിത്ത് കുമാറിന്‍റെ കരിയറിലെ 63-ാം ചിത്രമായ ഗുഡ് ബാഡ് അഗ്ലി മൈത്രി മൂവി മേക്കേഴ്സ് പ്രഖ്യാപിച്ചത് മാര്‍ച്ച് 14 ന് ആണ്. അതേസമയം വിടാമുയര്‍ച്ചിയെന്ന മറ്റൊരു ചിത്രം കൂടി അജിത്ത് കുമാറിന്‍റേതായി പുറത്തെത്താനുണ്ട്. മഗിഴ് തിരുമേനിയാണ് ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം.
ALSO READ : 'ഇന്ത്യന്‍ 2' പുറത്തിറങ്ങി ആറ് മാസത്തിന് ശേഷം 'ഇന്ത്യന്‍ 3': കമല്‍ ഹാസന്‍
