കോഴിക്കോട്: സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന ആരോപണം ഗുരുതരമാണെന്ന് സാംസ്കാരികവകുപ്പ് മന്ത്രി എ കെ ബാലൻ. ഇതേക്കുറിച്ച് സർക്കാർ വിശദമായി അന്വേഷിക്കും. ആരോപണം ഉന്നയിച്ചവർ പരാതി നൽകാനും തയ്യാറാകണം. സിനിമാ സെറ്റുകളിൽ പരിശോധന വേണമെന്നാണെങ്കിൽ അത് നടത്തും. സിനിമാ മേഖലയിൽ കൃത്യമായ പെരുമാറ്റച്ചട്ടം വേണം. ഇതിനായി നിയമനിർമാണം നടത്തുമെന്നും മന്ത്രി എ കെ ബാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ലഹരി ഉപയോഗം എന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നിരിക്കെ ഇത് ഇപ്പോഴാണോ തുറന്ന് പറയുന്നതെന്ന വിമർശനവും മന്ത്രി എ കെ ബാലൻ ഉയർത്തി. ഏതെങ്കിലും പ്രശ്നം വരുമ്പോഴല്ല ഇത് ഉയർത്തിക്കൊണ്ടു വരേണ്ടത്. ഇത്തരം പ്രവണതകൾ സെറ്റിൽ കണ്ടെങ്കിൽ അത് അപ്പോഴേ സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തേണ്ടതായിരുന്നു - ബാലൻ തുറന്നടിച്ചു. 

''സെറ്റുകളിൽ ലഹരി ഉപയോഗമുണ്ടെന്ന തരത്തിൽ പണ്ട് ആരോപണങ്ങൾ കേട്ടിട്ടുണ്ട് എന്നല്ലാതെ ആരും ഇതിനെക്കുറിച്ച് വ്യക്തമായി ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോൾ നിർമാതാക്കളുടെ സംഘടനയുടെ വക്താവ് സിനിമയ്ക്ക് അകത്തുള്ള ഒരു പ്രശ്നത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. സ്വന്തം സെറ്റിൽ മാത്രമല്ല, മറ്റ് സെറ്റുകളിലുമുണ്ടെന്നും അത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അത് നിസ്സാരമായ കാര്യമല്ല. സർക്കാർ ആ രൂപത്തിൽത്തന്നെ അത് പരിശോധിക്കും'', എന്ന് എ കെ ബാലൻ. 

''ഏതെങ്കിലും പ്രശ്നം വരുമ്പോഴല്ല ഇത് ഉയർത്തേണ്ടത്. ഗുരുതരമായ ആരോപണമാണിത്. ലഹരി ഉപയോഗിക്കുന്നു എന്നത് ക്രിമിനൽ കേസാണ്. നേരത്തേത്തന്നെ ഇത് സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. അല്ലെങ്കിൽ ഇവരുടെ കൂടി സഹായത്തോടെയാണ് ലഹരി ഉപയോഗം നടന്നതെന്ന് തെറ്റിദ്ധരിക്കപ്പെടില്ലേ? അത് നിശ്ശബ്ദമായി നോക്കി നിന്നു എന്നത് പോലും തെറ്റല്ലേ?'', മന്ത്രി ചോദിക്കുന്നു.

ഇത്തരം ആരോപണം ഉയർത്തിയ സാഹചര്യത്തിൽ ഇനി അതിൽ നിന്ന് പിൻമാറരുതെന്ന വ്യക്തമായ മുന്നറിയിപ്പ് മന്ത്രി നിർമാതാക്കൾക്ക് നൽകുന്നു. ഈ ആരോപണമുന്നയിച്ചവർ തന്നെ വ്യക്തമായ പരാതിയും തെളിവുകളും സർക്കാരിന് മുന്നിൽ ഹാജരാക്കണം. ആ പരാതി കിട്ടിയാൽ ഉടനെ സർക്കാർ ഇടപെട്ട് വേണ്ട നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

Read more at: വെയിലും കുർബാനിയും പൂർത്തിയാക്കാം, ഷെയ്ൻ ഒത്തുതീർപ്പിന്: സഹായം തേടി സംവിധായകൻ ശരത്

ഷെയ്ൻ നിഗത്തിന്‍റെ പ്രശ്നത്തിൽ ഇടപെടുമോ എന്ന ചോദ്യത്തിന് രേഖാമൂലം പരാതിയായി നൽകിയാൽ സർക്കാർ തീർച്ചയായും ഇടപെടുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് താരസംഘടനയായ അമ്മയും നിർമാതാക്കളുടെയും സംവിധായകരുടെയും സംഘടനകളുണ്ട്. അവരിൽ പ്രഗത്ഭരായ ആളുകളുമുണ്ട്. അതിനാൽ അവർ ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്നാണ് കരുതുന്നത്. അതല്ല, സർക്കാർ ഇടപെട്ട് ഒരു സമവായ ചർച്ച വിളിച്ച് ചേർക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നതെങ്കിൽ തീർത്തും പോസിറ്റീവായി സർക്കാർ അത് ചെയ്യാൻ തയ്യാറാണ് - മന്ത്രി വ്യക്തമാക്കി.  

ഷെയ്ൻ നിഗത്തെ വിലക്കുകയാണെന്ന് പ്രഖ്യാപിച്ച് നിർമാതാക്കളുടെ സംഘടന നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രസിഡന്‍റ് എം രഞ്ജിത്ത് അടക്കമുള്ളവർ ഇത്ര ഗുരുതരമായ ആരോപണമുന്നയിച്ചത്. എൽഎസ്‍ഡി അടക്കമുള്ള ലഹരിവസ്തുക്കൾ ലൊക്കേഷനിലെത്തുന്നുണ്ടെന്നും, എല്ലാ സെറ്റുകളിലും പരിശോധന നടത്തണമെന്നും അതുമായി പൂർണമായി സഹകരിക്കുമെന്നും എം രഞ്ജിത്ത് പറഞ്ഞു.

എന്നാൽ ആ പ്രസ്താവന സ്വന്തം കൈ വിട്ട് വലിയ വിവാദമായി കത്തിപ്പടരുകയാണ്. സർക്കാർ ഇടപെടുമെന്ന് വ്യക്തമാക്കുകയും, പരിശോധന നടത്താൻ തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിർമാതാക്കളുടെ സംഘടന തന്നെയാണ് പ്രതിരോധത്തിലാകുന്നത്. 

Read more at: 'ലൊക്കേഷനിൽ എൽഎസ്‍ഡി അടക്കം ലഹരി വസ്തുക്കൾ, പൊലീസ് പരിശോധന വേണം': നിർമാതാക്കൾ