ഹാല്‍ സിനിമ കണ്ട ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്നും കോടതി അറിയിച്ചു.

കൊച്ചി: ഹാൽ സിനിമ വിവാദത്തിൽ ചിത്രം കാണാൻ കേരള ഹൈക്കോടതി. ഈ ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സിനിമ കാണും. ജസ്റ്റിസ് വി ജി അരുൺ ചിത്രം കാണാൻ എത്തും. കക്ഷിച്ചേർന്ന കാത്തോലിക്ക കോൺഗ്രസ്‌ പ്രതിനിധിയും സെൻസർ ബോർഡിന്റെ പ്രതിനിധികളും സിനിമ കാണാൻ എത്തും. കാക്കനാടുള്ള സ്റ്റുഡിയോയിൽ വച്ചാണ് സിനിമ കാണുക. സിനിമ കണ്ട ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്നും കോടതി അറിയിച്ചു.

ഹാല്‍ സിനിമയിലെ 'ധ്വജപ്രണാമം, സംഘം കാവലുണ്ട്' എന്നീ ഡയലോഗുകൾ ഒഴിവാക്കണമെന്നും ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നുമാണ് സെൻസർ ബോർഡ് നിര്‍ദ്ദേശിച്ചത്. ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ആകെ 19 കട്ടുകളാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. പിന്നാലെ സെൻസർ ബോർഡിന്റെ നടപടിക്കെതിരെ നിർമ്മാതാക്കളായ ജെവിജെ പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന 'ഹാല്‍' സെപ്റ്റംബർ 12 നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. ഷെയിന്‍ നിഗത്തിന്‍റെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമായി എത്തുന്ന 'ഹാൽ' സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്.

ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാല്‍, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കർ, റിയാസ് നർമകല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എന്‍റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്