മമ്മൂട്ടി ഒഴികെയുള്ള മറ്റ് താരങ്ങളെല്ലാം ജനറൽ ബോഡിയിൽ പങ്കെടുക്കും.

കൊച്ചി: മലയാള സിനിമയുടെ താരസംഘടനയായ 'അമ്മ'യുടെ 31-ാം ജനറൽ ബോഡി നാളെ(ജൂണ്‍ 22) ചേരും. കെച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ നാളെ രാവിലെ പത്ത് മണിക്കാണ് യോഗം നടക്കുക. സിനിമാ സെറ്റുകളിലും അവരുടെ താമസ സ്ഥലത്തും ലഹരി ഉപയോഗം വിലക്കിക്കൊണ്ടുള്ള കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ കത്ത് നാളെ ചേരുന്ന അമ്മയുടെ ജനറൽ ബോഡിയിൽ ചർച്ച ചെയ്യും.

മമ്മൂട്ടി ഒഴികെയുള്ള മറ്റ് താരങ്ങളെല്ലാം ജനറൽ ബോഡിയിൽ പങ്കെടുക്കും. മോഹൻലാലും, സുരേഷ് ഗോപിയും യോഗത്തിൻ്റെ ഭാഗമാകും. ലഹരിക്കെതിരെയുള്ള ബോധവൽക്കരണവുമായി നർക്കോട്ടിക് സൽ ഉദ്യോഗസ്ഥർ മീറ്റിംഗിൽ പങ്കെടുക്കും. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് ലേബർ കമ്മീഷൻ അംഗങ്ങളും മീറ്റിങ്ങിന് എത്തും. മോഹൻലാൽ തന്നെ അമ്മയുടെ പ്രസിഡന്റ് ആയി തുടരും. അഡ്ഹോക്ക് കമ്മിറ്റിയായി മാറ്റിയ കഴിഞ്ഞ എക്‌സിക്യൂട്ടീവ് തന്നെ വീണ്ടും തൽസ്ഥാനത്തു തുടരും. സംഘടനയിൽ മുൻപുണ്ടായിരുന്ന ചില പ്രതിസന്ധികളെ തുടർന്ന് എക്സിക്യൂട്ടീവിന്റെ ഭാഗമായിരുന്നവരെ അഡ്ഹോക്ക് കമ്മിറ്റിയിലേക്ക് മാറ്റിയിരുന്നു. നിലവിൽ അഡ്ഹോക്ക് കമ്മിറ്റിയുടെ കീഴിലാണ് സംഘടന പ്രവർത്തിക്കുന്നത്.

അതേസമയം, പുതിയ ഭാരവാഹികള്‍ക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് യോഗത്തില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിവരം. നിലവിലെ ടീം തന്നെ നയിക്കട്ടെ എന്നാണ് താരങ്ങളുടെ പൊതു നിലപാട്. പ്രസിഡന്‍റായി മോഹന്‍ ലാല്‍ തന്നെ തുടരും. തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയാല്‍ താന്‍ ഒഴിയുമെന്ന് ലാല്‍ അഡ്ഹോക്ക് കമ്മറ്റിയെ നേരത്തെ അറിയിച്ചിരുന്നു. നടന്‍ ബാബുരാജിനെ ജനറല്‍ സെക്രട്ടറിയാക്കുന്നത് നാളെ നടക്കുന്ന പൊതു യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ജോയിന്‍ സെക്രട്ടറിയായ ഒരാളെ നേരിട്ട് ജനറല്‍ സെക്രട്ടറിയാക്കാന്‍ സാധിക്കമോ എന്നതിലായിരിക്കും ചര്‍ച്ച. യുവ താരങ്ങള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരുമെന്ന അഭ്യുഹങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നുവെങ്കിലും നിലവില്‍ ആരും താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് വിവരം. ട്രഷറായിരുന്ന ഉണ്ണി മുകന്ദന്‍ രാജി വച്ചിരുന്നുവെങ്കിലും അത് അഡ് ഹോക്ക് കമ്മറ്റി അംഗീകരിച്ചിരുന്നില്ല, എന്നാല്‍ തുടരാന്‍ താത്പര്യമില്ലെന്ന നിലപാട് ഉണ്ണി ആവര്‍ത്തിച്ചതോടെ പുതിയ ട്രഷററെ കണ്ടെത്താനുള്ള ശ്രമത്തിലുമാണ് താരസംഘടന.

മൂന്ന് വര്‍ഷത്തിന്‍റെ ഇടവേളയില്‍ നടക്കുന്ന വാര്‍ഷിക പൊതുയോഗങ്ങളില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുപ്പിലൂടെയോ ഏകകണ്ഠമായോ നിശ്ചയിക്കലാണ് സാധാരണ താരസംഘടനയില്‍ പതിവ്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ ഉദ്ദേശമില്ല അമ്മയ്ക്ക്. അഡ്ഹോക്ക് കമ്മറ്റിയായി തുടരുന്ന നിലവിലുള്ള ടീം കാര്യങ്ങള്‍ മികവോടെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും അവര്‍ തന്നെ തുടരട്ടെ എന്നുമാണ് പൊതു

നിലപാട്. ഭൂരിപക്ഷം താരങ്ങളുടെയും ആഗ്രഹപ്രകാരം പ്രസിഡന്‍റ് സ്ഥാനത്ത് തുടരാന്‍ മോഹന്‍ലാല്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ താന്‍ ഒരു ഭാരവാഹിത്വവും ഏറ്റെടുക്കില്ലെന്നും മോഹന്‍ലാല്‍ അറിയിച്ചിരുന്നു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്