വലിയ താരനിര അണിനിരക്കുന്ന ഈ സിനിമയുടെ ഏപ്രിൽ 23-ന് നിശ്ചയിച്ചിരുന്ന റിലീസ്, അപ്രതീക്ഷിത കാരണങ്ങളാൽ മാറ്റിവെച്ചതായി നിർമ്മാതാക്കൾ അറിയിച്ചു. Patriot movie starring mammootty and mohanlal directed by Mahesh Narayanan release postponed

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന പേട്രിയറ്റ്. മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഏപ്രിൽ 23 ന് തിയേറ്ററുകളിൽ എത്താനിരുന്ന ചിത്രത്തിന്റെ റിലീസ് ഇപ്പോഴിതാ മാറ്റിവച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായി ഉണ്ടായ ചില പ്രതിസന്ധികൾ കാരണമാണ് ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുന്നത് എന്നതാണ് നിർമ്മാതാവ് ആന്റോ ജോസഫ് ഫേസ്‌ബുക്കിൽ കുറിച്ചത്.

"പ്രേട്രിയറ്റ് നിങ്ങൾക്ക് മുന്നിലേക്ക് ഏറ്റവും മികച്ച നിലവാരത്തിൽ എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഞങ്ങൾ. എന്നാൽ, നിനച്ചിരിക്കാതെ സംഭവിച്ച സാഹചര്യങ്ങളുടെ സമ്മർദം മൂലം, ചിത്രത്തിന്റെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്ന ഏപ്രിൽ 23 ൽ നിന്നും കുറച്ച് ദിവസങ്ങളിലേക്ക് മാറ്റുക എന്നത് അനിവാര്യമായിരിക്കുകയാണ്. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി നാളെ വൈകീട്ട് 6 മണിക്ക് നമ്മുടെ പ്രിയപ്പെട്ട മമ്മൂക്ക, ലാലേട്ടൻ എന്നിവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്ത് വിടും. നിങ്ങളുടെസ്നേഹവും പിന്തുണയും തുടർന്നും പ്രതീക്ഷിക്കുന്നു." ആന്റോ ജോസഫ് കുറിച്ചു.

മലയാളസിനിമയിലെ യുവനിരയുടെ വലിയൊരു സാന്നിധ്യം ചിത്രത്തിലുണ്ട്. ഫഹദ് ഫാസിൽ,കുഞ്ചാക്കോ ബോബൻ എന്നിവർ മുതൽ ദർശന രാജേന്ദ്രനും സെറിൻ ഷിഹാബും വരെ നീളുന്നു ആ പട്ടിക. ഇതിനൊപ്പം നയൻതാര കൂടിയാകുമ്പോൾ രണ്ടു പതിറ്റാണ്ടിനിടെ മലയാളസിനിമ കണ്ട ഏറ്റവും വലിയ നക്ഷത്രത്തിളക്കമാണ് പേട്രിയറ്റിനുള്ളത്.

രേവതി,ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ എന്നിവർക്കൊപ്പം മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിലുണ്ട്. പാൻ ഇന്ത്യൻ സിനിമയായൊരുങ്ങുന്ന പേട്രിയറ്റിന്റെ സംവിധായകൻ ടേക്ക് ഓഫ്,സീ യൂ സൂൺ,മാലിക് തുടങ്ങിയ ചിത്രങ്ങളിലൂടെ മികവിന്റെ കൈയൊപ്പിട്ട മഹേഷ് നാരായണനാണ്. മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ടു ചിത്രീകരണം. 2024 നവംബർ ശ്രീലങ്കയിലാണ് പേട്രിയറ്റ് ഷൂട്ടിങ് തുടങ്ങിയത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു പേട്രിയറ്റിന്റെ ഷൂട്ടിങ്. ഇന്ത്യയിലെ വൻനഗരങ്ങളായ ഡൽഹി, മുംബൈ, ഹൈദ്രാബാദ്, കൊച്ചി എന്നിവിടങ്ങളാണ് ഈ സിനിമയ്ക്ക് ലൊക്കേഷനായത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ളതാകും പേട്രിയറ്റ് എന്നുറപ്പിക്കുന്നതായിരുന്നു പേട്രിയറ്റ് ടീസർ. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാകും ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. ഏറ്റവും മികച്ച സാങ്കേതികപ്രവർത്തകരാണ് ഈ സിനിമയ്ക്കായി ഒന്നിക്കുന്നത്. യുവതലമുറയുടെ ഹൃദയമിടിപ്പറിയുകയും അതിന്റെ താളത്തിനൊത്ത് സംഗീതമൊരുക്കുകയും ചെയ്യുന്ന സുഷിൻ ശ്യാമാണ് സംഗീത സംവിധായകൻ. തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ,റോക്കി ഓർ റാണി കി പ്രേം കഹാനി തുടങ്ങിയ ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ മനുഷ് നന്ദനാണ് ക്യാമറ. ചിത്രത്തിന്റെ രചന സംവിധായകൻ മഹേഷ് നാരായണന്റേതാണ്. അദ്ദേഹവും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിങ്. 2026 ഏപ്രിലിലാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിട്ടുള്ളത്. ഡിജിറ്റൽ മാർക്കറ്റിങ് - വിഷ്ണു സുഗതൻ, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.