Asianet News MalayalamAsianet News Malayalam

ചലച്ചിത്ര മേളയ്ക്കിടെ നാടകീയ സംഭവം; രഞ്ജിത്തിനെതിരെ അക്കാദമിയില്‍ പടയൊരുക്കം, സമാന്തര യോഗം ചേര്‍ന്നു

രഞ്ജിത്ത് കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു

revolt in kerala state Chalachitra Academy members want chairman ranjith out amidst iffk 2023 nsn
Author
First Published Dec 14, 2023, 2:56 PM IST

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമിയില്‍ പടയൊരുക്കം. രഞ്ജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ സര്‍ക്കാരിന് കത്ത് നല്‍കി. അക്കാദമി മുഖ്യ സംഘാടകരായ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇടയില്‍ അക്കാദമി അംഗങ്ങള്‍ സമാന്തര യോഗം ചേരുകയും ചെയ്തു. 

രഞ്ജിത്ത് കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. സംവിധായകന്‍ ഡോ. ബിജുവിനെതിരെയുള്ള വിമര്‍ശനങ്ങളടക്കം ഈ അഭിമുഖത്തിലെ ചെയര്‍മാന്‍റെ പല അഭിപ്രായങ്ങളും ചര്‍ച്ചയും വിവാദവും ആയിരുന്നു. ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയറ്ററിലെ ജനറല്‍ കൗണ്‍സില്‍ ഹാളില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശേഷമായിരുന്നു യോഗം. യോഗസമയം തൊട്ടടുത്തുള്ള ചെയര്‍മാന്‍റെ മുറിയില്‍ രഞ്ജിത്ത് ഉണ്ടായിരുന്നു. 15 അംഗങ്ങളില്‍ 9 പേര്‍ ഈ യോഗത്തില്‍ പങ്കെടുത്തു. ഇതിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ചില അംഗങ്ങള്‍ ഓണ്‍ലൈന്‍ ആയാണ് പങ്കെടുത്തത്. കുക്കു പരമേശ്വരന്‍, മനോജ് കാന, എന്‍ അരുണ്‍, ജോബി, മമ്മി സെഞ്ചുറി അടക്കമുള്ള ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ് സമാന്തര യോഗം ചേര്‍ന്നത്. യോഗം ഒരു മണിക്കൂറിലധികം നീണ്ടു. 

ചെയര്‍മാന്‍ ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കുന്നു എന്നതടക്കമുള്ള പരാതികളാണ് അക്കാദമി അംഗങ്ങള്‍ക്ക് ഉള്ളത്. ചെയര്‍മാനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് സാംസ്കാരിക മന്ത്രിക്കും സാംസ്കാരിക സെക്രട്ടറിക്കും അയച്ചിട്ടുണ്ട്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ചരിത്രത്തില്‍ത്തന്നെ അത്യപൂര്‍വ്വ നടപടിയാണ് ഇത്. ചെയര്‍മാന്‍റെ നിലപാടുകളെക്കുറിച്ച് ഏറെനാളായി അംഗങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ട്. അഭിമുഖ വിവാദത്തിന് പിന്നാലെ ഭിന്നത രൂക്ഷമാവുകയായിരുന്നു. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. 
ഡോ. ബിജുവിനെക്കുറിച്ചുള്ള രഞ്ജിത്തിന്‍റെ പരാമര്‍ശങ്ങളില്‍ സാംസ്കാരിക മന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഡോ. ബിജുവുമായുള്ള തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ത്തതാണെന്നും വീണ്ടും ഈ വിഷയം പരസ്യമായി ഉന്നയിച്ചത് ശരിയായില്ലെന്നുമുള്ള അഭിപ്രായമാണ് സജി ചെറിയാന്‍ ഉന്നയിച്ചത്. അതേസമയം ചലച്ചിത്ര മേളയ്ക്കിടെ ഇത് സംബന്ധിച്ചുള്ള പ്രതികരണങ്ങള്‍ക്ക് തയ്യാറല്ല അക്കാദമി അംഗങ്ങള്‍.

ALSO READ : പ്രകടനത്തില്‍ ഞെട്ടിക്കാന്‍ ഉണ്ണി മുകുന്ദന്‍; 'ജയ് ഗണേഷ്' റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios