ശിവം' സിനിമയുടെ ചർച്ചാവേളയിൽ ആദ്യമായി കണ്ടപ്പോൾ മെഡിക്കൽ റെപ്പിനെപ്പോലെ തോന്നിയ ഉണ്ണികൃഷ്ണന്റെ എഴുത്തിന് വെടിമരുന്നിന്റെ ശക്തിയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ പ്രതിഛായ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ സംവിധായകൻ ബി ഉണ്ണികൃഷ്ണനെ കുറിച്ച് ഷാജി കൈലാസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ശിവം എന്ന ചിത്രത്തിൽ ബി ഉണ്ണികൃഷ്ണൻ ആയിരുന്നു തിരക്കഥാകൃത്ത്. ആ സിനിമയുടെ ചർച്ചകൾ നടക്കുന്ന സമയത്ത് ആദ്യ കാഴ്ചയിൽ ബി ഉണ്ണികൃഷ്ണനെ കണ്ടപ്പോൾ ഒരു മെഡിക്കൽ റെപ്പിന്റെ ഛായയാണ് തനിക് തോന്നിയതെന്നും, പക്ഷേ അയാളുടെ പേനയിലുണ്ടായിരുന്നത് വെടിമരുന്നായിരുന്നെന്നും ഷാജി കൈലാസ് കുറിച്ചു.

ഷാജി കൈലാസിന്റെ കുറിപ്പിന്റെ പൂർണരൂപം:

പ്രതിഛായ കണ്ടിറങ്ങിയപ്പോൾ ഞാൻ ഓർത്തുപോയത് വർഷങ്ങൾക്ക് മുമ്പ് കൈയിലൊരു ബാ​ഗുമായി ട്രിവാൻഡ്രം ക്ലബ്ബിലെ പടികൾ കയറി വരുന്ന ഒരാളെയാണ്. അവിടത്തെ നാലാം നമ്പർ മുറിയിലിരുന്ന് ഞങ്ങൾ സംസാരിച്ചു. എന്റെ അടുത്ത സിനിമയ്ക്ക് അദ്ദേഹം തിരക്കഥയെഴുതി. ശിവം എന്നുപേരിട്ട ആ സിനിമയിലൂടെ ബി.ഉണ്ണികൃഷ്ണൻ എന്ന പേര് മലയാള സിനിമയുടെ വാണിജ്യ ഭൂപടത്തിൽ തെളിഞ്ഞു. ഉണ്ണിയെ ആദ്യം ശ്രദ്ധിച്ചത് ജലമർമരം കണ്ടപ്പോഴാണ്. അതിന്റെ എഴുത്തുകാരൻ എന്റെ ഉള്ളിൽ ജലതരം​ഗങ്ങൾ തീർത്തതിന്റെ ആവേശത്തിൽ ടി.കെ.രാജീവ് കുമാറിനെ വിളിച്ച് നമ്പർ സംഘടിപ്പിച്ചു. എന്റെ വിളി ചെന്നപ്പോൾ ഉണ്ണി പറഞ്ഞു: 'ജലമർമരം കണ്ടിട്ട് എന്നെ വിളിക്കുന്ന ആദ്യ സിനിമാക്കാരനാണ് താങ്കൾ.' അവിടെ ഒരു സൗഹൃദം ഓളം വെട്ടിത്തുടങ്ങി. അങ്ങനെയാണ് ശിവത്തിന്റെ തിരക്കഥാകൃത്തായി ഉണ്ണിയെ ഞാൻ നിർദേശിച്ചത്. ആദ്യ കൂടിക്കാഴ്ചയിൽ ഒരു മെഡിക്കൽ റപ്രസന്റേറ്റീവിന്റെ ഛായയാണ് തോന്നിച്ചത്. പക്ഷേ അയാളുടെ പേനയിലുണ്ടായിരുന്നത് വെടിമരുന്നായിരുന്നു. എന്നും ഒരു മരുന്നിനുള്ള ബാക്കി അതിലുണ്ടാകുകയും ചെയ്തു. ശിവത്തിനു ശേഷം ടൈ​ഗറിലൂടെ ഉണ്ണി എനിക്ക് എന്റെ വലിയ ഹിറ്റുകളിലൊന്നിന്റെ കൂടെ നിന്നു.

ഉണ്ണിയിൽ ഒരു സംഘാടകനും നേതാവുമുണ്ടെന്ന് അടുത്തറിഞ്ഞപ്പോൾ മനസ്സിലായി. അങ്ങനെ അദ്ദേഹത്തെ മാക്ടയിലേക്ക് കൈപിടിച്ചു നടത്തിച്ചുവെന്നത് വ്യക്തിപരമായ സന്തോഷങ്ങളിലൊന്നാണ്. അതിനുശേഷം ഉണ്ണി ഫെഫ്കയുടെ നേതൃനിരയിലേക്ക് വളർന്നപ്പോൾ നമ്മുടെ ഉണ്ണിയാണല്ലോ നമ്മുടെയെല്ലാം നേതാവ് എന്ന തോന്നലായിരുന്നു. മുന്നിലുള്ളത് ഏതുതരത്തിലുള്ള സദസ്സാണെങ്കിലും വാക്കുകൊണ്ടും വിചാരം കൊണ്ടും ഉണ്ണിക്ക് അതിനെ കീഴടക്കാനറിയാം. പ്രേക്ഷകന്റെ മനസ്സറിയാനുള്ള സിദ്ധിയാണ് ഒരു സംവിധായകന് വേണ്ടത്. ഉണ്ണിക്ക് അത് ധാരാളമായുണ്ട്.

അവരെ മനസ്സിലാക്കുക മാത്രമല്ല, എങ്ങനെയാണോ പ്രസംഗ വേദികളിലൂടെ അവരെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നത് അതുപോലെ തന്റെ സിനിമയിലേക്ക് ആകർഷിച്ചുകൊണ്ടുവരികയും ചെയ്യുന്നു ഉണ്ണി. അതിന്റെ ഉത്തമ ഉദാഹരണമാണ് പ്രതിഛായ. അതിലെ ആൾക്കൂട്ടമുള്ള രംഗങ്ങൾ കണ്ടപ്പോൾ എന്റേതുപോലൊരു സിനിമ കാണുന്ന സന്തോഷത്തിന്റെ നിറവായിരുന്നു ഉള്ളിൽ. ഈ സിനിമ മലയാളത്തിലെ പൊളിറ്റിക്കൽ ത്രില്ലറുകളുടെ പട്ടികയിൽ എന്നും മുന്നിൽ തന്നെയുണ്ടാകും. ഇത് സിനിമ മാത്രമല്ല, കേരള രാഷ്ട്രീയത്തിന്റെ പ്രതിച്ഛായ കൂടിയാണ്. അത് കണ്ടറിയുക തന്നെ വേണം