കാന്താര സെറ്റിൽ സംഭവിക്കുന്ന മൂന്നാമത്തെ മരണമാണിത്.

തൃശൂർ: ഋഷഭ് ഷെട്ടി ചിത്രം കാന്താര ചാപ്റ്റർ 1ന്റെ സെറ്റിൽ വീണ്ടും മരണം. തൃശൂർ സ്വദേശിയും നടനും മിമിക്രി താരവുമായ നിജു വി കെ ആണ് മരിച്ചത്. 43 വയസായിരുന്നു. ബെംഗളൂരുവിലെ ലൊക്കേഷനിൽ വച്ചായിരുന്നു അന്ത്യം. ലൊക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്കായി ഒരുക്കിയ ഹോം സ്റ്റേയിൽ ആയിരുന്നു നിജുവിന്റെ താമസം. ഇവിടെ വച്ച് പുലർച്ചെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട നിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കാന്താര സെറ്റിൽ സംഭവിക്കുന്ന മൂന്നാമത്തെ മരണമാണിത്. മെയ്യിൽ കൊല്ലുരില്‍ സെറ്റിലുണ്ടായിരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കബില്‍ എന്നയാൾ മുങ്ങിമരിച്ചിരുന്നു. സംഭവം നടന്നത് സിനിമയുടെ സെറ്റിൽ വച്ചല്ലെന്നും ആ ദിവസം ചിത്രീകരണം നടന്നിട്ടില്ലെന്നും പറഞ്ഞ് നിർമ്മാതാക്കൾ രംഗത്ത് എത്തിയരുന്നു. ആ ദിവസം ചിത്രീകരണം നിശ്ചയിച്ചിരുന്നില്ലെന്നും കൂടാതെ സിനിമയുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവർത്തനത്തിനിടെയല്ല കബിൽ മരിച്ചതെന്നും ഇവർ പറഞ്ഞിരുന്നു. ഹാസ്യതാരം രാജേഷ് പൂജാരി കഴിഞ്ഞ മാസമാണ് മരിച്ചത്. അദ്ദേഹവും ഹൃദയഘാതത്തെ തുടര്‍ന്ന് സെറ്റില്‍ വെച്ച് മരിക്കുകയായിരുന്നു.

വന്‍ ഹിറ്റായി മാറിയ കാന്താരയുടെ പ്രീക്വല്‍ ആണ് കാന്താര ചാപ്റ്റര്‍ 1. കാന്താര ആദ്യ ഭാ​ഗത്തിൽ നിന്നും വിഭിന്നമായി വൻ ക്യാൻവാസിലും മാസ് ആക്ഷൻ രം​ഗങ്ങളുമെല്ലാം കോർത്തിണക്കിയാകും കാന്താര ചാപ്റ്റർ 1 എത്തുകയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2022 സെപ്റ്റംബര്‍ 30ന് ആയിരുന്നു കാന്താര റിലീസ് ചെയ്തത്. ഈ കഥയുടെ ആദ്യ ഭാ​ഗമാണ് പ്രീക്വലിൽ പറയുക. നേരത്തെ സിനിമ റിലീസ് ചെയ്യുന്നത് വൈകുമെന്ന് പ്രചരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ കാന്താര ചാപ്റ്റർ 1 ഒക്ടോബർ 2ന് തന്നെ റിലീസ് ചെയ്യുമെന്നും അനാവശ്യമായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്