തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ നടി അഞ്ജലി നായർ, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെയിലേറ്റ് തനിക്ക് ടാൻ അടിച്ചതായി പറഞ്ഞു.

കേരളത്തിൽ തെരഞ്ഞെടുപ്പ് ചൂട് ദിനംപ്രതി വർദ്ധിച്ച് വരികയാണ്. മുന്നണികളും സ്ഥാനാർത്ഥികളുമെല്ലാവരും പ്രചരണങ്ങളുമായി മുന്നിൽ തന്നെയുണ്ട്. ഇത്തവണത്തെ സ്ഥാനാർത്ഥികളിൽ ശ്രദ്ധേയയാണ് നടി അഞ്ജലി നായർ. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായിട്ടാണ് അഞ്ജലി ജനവിധി തേടുന്നത്. ചക്കയാണ് ചിഹ്നം. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനൊപ്പം തന്നെ തനിക്ക് ടാൻ അടിച്ചെന്ന് പറയുകയാണ് അഞ്ജലി നായർ. മുഖമൊക്കെ മാറിപ്പോയെന്ന് പറഞ്ഞ അവർ, അതൊന്നും കാര്യമാക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് മാത്രമാണ് മനസിലെന്നും പറയുന്നു.

"ടാൻ അടിച്ചിരിക്കുകയാണ്. ഫുൾ ടാൻ ആണ്. എന്റെ മുഖമൊക്കെ മാറിപ്പോയി. പക്ഷേ അതൊന്നും ഞാൻ നോക്കുന്നില്ല. ഇപ്പോൾ തെരഞ്ഞെടുപ്പ് മാത്രമെ ഉള്ളൂ മനസിൽ. എന്നെക്കാളും വെയിൽ കൊള്ളുന്നവരാണ് കൂടെ വരുന്നത്. അതുകൊണ്ട് ഞാൻ വെയിൽ കൊള്ളുന്നുവെന്ന് പറയാനെ പറ്റില്ല", എന്നായിരുന്നു അഞ്ജലി നായരുടെ വാക്കുകൾ. ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു സ്ഥാനാർത്ഥിയുടെ പ്രതികരണം.

"99 സിനിമകളിലും ഡൾ മേക്കപ്പാണ് എന്റേത്. ഇപ്പോഴൊരു ഷൂട്ടിങ്ങിന് പോകേണ്ടി വന്നാൽ മേക്കപ്പുകാർക്ക് എന്റെ അടുത്ത് വരേണ്ടി വരില്ല. അത്യാവശ്യം നന്നായിട്ട് ഡള്ളായിട്ടുണ്ട്. ദൃശ്യത്തിലും ഡൾ മേക്കപ്പായിരുന്നു. അതൊന്നും ഞാനിപ്പോൾ കാര്യമാക്കുന്നില്ല", എന്ന് മറ്റൊരു ഓൺലൈൻ മീഡിയയോടും അഞ്ജലി പറഞ്ഞു. വീഡിയോ താഴെ പരിഹാസ കമന്റുകളാണ് ഏറെയും വരുന്നത്.

‘ചക്ക തന്നെയല്ലേ താമര, താമര തന്നെ അല്ലെ ചക്ക’

അടുത്തിടെ തന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നത്തെ കുറിച്ച് അഞ്ജലി പറഞ്ഞൊരു കാര്യം ട്രോളുകള്‍ക്ക് കാരണമായിരുന്നു. ‘ചക്ക തന്നെയല്ലേ താമര, താമര തന്നെ അല്ലെ ചക്ക’ എന്നായിരുന്നു അഞ്ജലി പറഞ്ഞത്. എന്നാല്‍ ഇത് തന്‍റെ വാക്കുകളെല്ലാന്നാണ് അഞ്ജലി ഇപ്പോള്‍ പറയുന്നത്. "ഞാനൊരു അമ്പലത്തില്‍ പോയപ്പോള്‍, നീ വോട്ട് ചോദിക്കുന്നത് അഭിനയിച്ച് കൊണ്ടല്ലേ എന്ന് ഒരു അപ്പൂപ്പന്‍ എന്നോട് ചോദിച്ച് കളിയാക്കി. അടുത്തിരുന്ന അമ്മൂമ്മ അങ്ങനെ പറയല്ലേന്ന് പറഞ്ഞു. ചിഹ്നം മാറിയതാണോ പ്രശ്നം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, എന്താ മോളേ ചക്ക തന്നെയല്ലേ താമര, താമര തന്നെ അല്ലെ ചക്ക. ഞങ്ങള്‍ക്ക് അറിയാം. ചക്ക പൊളിച്ച് നോക്കിയാല്‍ താമര പോലെയല്ലേ ഇരിക്കുന്നത്. എന്ന് ആ അമ്മ പറഞ്ഞ വാക്കുകളാണ് ഞാന്‍ പറഞ്ഞത്. പക്ഷേ അത് ഞാന്‍ പറഞ്ഞത് പോലെയായി", എന്നായിരുന്നു അഞ്ജലിയുടെ പ്രതികരണം. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming