നടൻ മണികണ്ഠൻ ആചാരി തന്റെ കുട്ടിക്കാലത്തെ വേദനിപ്പിക്കുന്ന ഒരനുഭവം പങ്കുവെച്ചു. സ്കൂളിൽ പഠിക്കുമ്പോൾ ഒരു സ്വർണ്ണ പാദസരം മോഷ്ടിച്ചുവെന്ന പേരിൽ അദ്ദേഹത്തെ കള്ളനായി ചിത്രീകരിച്ചുവെന്നും നടന്‍ പറയുന്നു.
നാടക രംഗത്തുനിന്നും സിനിമയിലേക്ക് എത്തിയ ആളാണ് മണികണ്ഠൻ ആചാരി. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മണികണ്ഠന് സാധിച്ചു. ചിത്രത്തിലെ ബാലൻ എന്ന കഥാപാത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. പിന്നാലെ മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ച മണികണ്ഠൻ ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തുണ്ടായൊരു അനുഭവം പങ്കുവയ്ക്കുകയാണ്.
സ്കൂളിൽ പഠിക്കുമ്പോൾ ഒരു കുട്ടിയുടെ സ്വർണ പാദസരം കാണാതെ പോയെന്നും അന്ന് തന്നെ കള്ളനായി ചിത്രീകരിച്ചുവെന്നും മണികണ്ഠൻ പറയുന്നു. ഭക്ഷണമല്ലാതെ മറ്റൊന്നും താൻ മോഷ്ടിച്ചിട്ടില്ലെന്നും മണികണ്ഠൻ പറയുന്നു. ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഷെഫ് നളനൊപ്പമുള്ള സംഭാഷണത്തിനിടെ ആയിരുന്നു നടന്റെ തുറന്നുപറച്ചിൽ.
മണികണ്ഠൻ ആചാരിയുടെ വാക്കുകൾ ചുവടെ
നാല് വരെ ഗേൾസ് സ്കൂളിൽ ആൺകുട്ടികളെ പഠിപ്പിക്കും. അവിടെയാണ് ഞാൻ പഠിച്ചത്. ഭയങ്കര എനർജിയുള്ളൊരു പയ്യനായിരുന്നു ഞാൻ. സ്കൂളിൽ വച്ച് ഒരുകുട്ടിയുടെ സ്വർണത്തിന്റെ പാദസരം കാണാതെ പോയി. ഞാനാണ് അതെടുത്തത് എന്ന തീരുമാനത്തിലേക്ക് അവരെത്തി. മാഷിന്റെ പേര് ഞാൻ പറയുന്നില്ല. വെറുതെ പുള്ളിയെ വേദനിപ്പിക്കണ്ടല്ലോ. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാകും. മാഷെന്നെ പിച്ചി(നുള്ളി). സ്കൂളില്ല നിന്നും പുറത്താക്കണം കള്ളനാണെന്ന രീതിയിലായി. അങ്ങനെ പഠിക്കാത്ത, തല്ല് കൂടുന്ന, ഇന്റർവെല്ലിൽ മറ്റുള്ളോരുടെ ഡിഫിൻ ബോക്സ് തുറന്ന് ഓംബ്ലേറ്റ് ഒക്കെ കഴിക്കുമായിരുന്നു. ഭക്ഷണം മോഷ്ടിക്കുമായിരുന്നു. പക്ഷേ വെറൊന്നും എനിക്ക് ആവശ്യമില്ല. ഒരുപാട് കഴിക്കണമെന്നായിരുന്നു. രുചിക്ക് വേണ്ടി നാവ് സമ്മർദ്ധം ചൊലുത്തിയപ്പോൾ കിട്ടാവുന്നതൊക്കെ അടിച്ചുമാറ്റി തിന്നു. ഒടുവിൽ അമ്മ വന്നു ഇനി അവിടെ പഠിക്കണ്ടെന്ന് തീരുമാനിച്ചു. അതിന് മുൻപ് ആ കുട്ടിക്ക് പാദസരം തിരിച്ച് കിട്ടി.
ദാരിദ്രം ഉണ്ടോന്ന് ചോദിച്ചാൽ, ദാരിദ്രം എവിടെയൊക്കെയോ ഉണ്ട്. എന്നാൽ ദാരിദ്രം വരേണ്ട കാര്യമില്ലല്ലോന്ന് ആലോചിച്ചാൽ ഇല്ല. ദാരിദ്രം ഉണ്ടായിട്ടാണോ അതോ കിട്ടുന്നത് പോരാഞ്ഞിട്ടായിരുന്നോന്ന് അറിയില്ല, ഒരുവീട്ടിലെ ഭക്ഷണം പോരായിരുന്നു എനിക്ക്. ഭയങ്കരമായി ഭക്ഷണം കഴിക്കുമായിരുന്നു.



