മലയാളികൾ കാത്തിരിക്കുന്ന ആട് 3 യുടെ പൂജ കഴിഞ്ഞു. വേണു കുന്നപ്പള്ളിയുടെ കാവ്യ ഫിലിംസും നിർമ്മാണ പങ്കാളികളാണ്. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

കൊച്ചി: കഴിഞ്ഞ കുറേക്കാലമായി മലയാളികൾ കാത്തിരിക്കുന്നൊരു സിനിമയാണ് ആട് 3. ചിത്രത്തിന്‍റെ പൂജ അടുത്തിടെയാണ് കഴിഞ്ഞത്. മെയ് 10നാണ് ഉണ്ണിമുകുന്ദന്‍ ആദ്യ ക്ലാപ്പ് അടിച്ച് ചിത്രത്തിന്‍റെ പൂജ നടന്നത്. ഇതിന് പിന്നാലെ ചിത്രത്തിന്‍റെ പിന്നിലെ നിര്‍മ്മാണ സംഘം വലുതാകുന്നു എന്ന അപ്ഡേറ്റാണ് നിര്‍‌മ്മാതാവ് വിജയ് ബാബു പങ്കുവച്ചിരിക്കുന്നത്. വിജയ് ബാബു പങ്കുവച്ച സോഷ്യല്‍ മീഡിയ അപ്ഡേറ്റ് പ്രകാരം വേണു കുന്നപ്പള്ളിയുടെ കാവ്യ ഫിലിംസ് ആട് 2 നിര്‍മ്മാണ പങ്കാളികള്‍ ആയിരിക്കും.

ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന റീല്‍ വീഡിയോ വിജയ് ബാബു പങ്കുവച്ചിട്ടുണ്ട്. ടീം കൂടുതല്‍ കരുത്തില്‍ എന്ന ക്യാപ്ഷനോടെയാണ് ഇത് വിജയ് ബാബു പങ്കുവച്ചത്. ചിത്രം വന്‍ ബജറ്റിലാണ് ഒരുങ്ങുന്നത് എന്ന് നേരത്തെ സംവിധായകനും നിര്‍മ്മാതാവും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ നേരത്തെ ചിലയിടത്ത് പ്രചരിച്ചപോലെ ഇതൊരു സോംബി കഥയല്ലെന്ന് വിജയ് ബാബു പറഞ്ഞിരുന്നു.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് നേരത്തെ പൂജയില്‍ ഫസ്റ്റ് ക്ലാപ്പടിച്ചത് ഉണ്ണി മുകുന്ദനാണ്. പരാജയത്തിൽ നിന്നും ഇത്രയും വലിയൊരു ബ്രാൻഡായി മാറുക എന്നത് ചെറിയ കാര്യമല്ലെന്ന് ഉണ്ണി വേദിയിൽ പറഞ്ഞു. ഷാജി പാപ്പനായി എത്തുന്ന ജയസൂര്യ കുടുംബ സമേതമാണ് പൂജയ്ക്ക് എത്തിയത്.

സൈജു കുറുപ്പ് അടക്കമുള്ളവരും ചടങ്ങിൽ സന്നിഹിതരായി. മെയ് 15 മുതൽ ആട് 3യുടെ ഷൂട്ടിം​ഗ് ആരംഭിക്കും. എല്ലാം ഒത്തുവന്നാൽ ക്രിസ്മസ് റിലീസായി ചിത്രം തിയറ്റിലെത്തിക്കുമെന്ന് മിഥുൻ മാനുവൽ തോമസ് അറിയിച്ചു.

"2015ൽ ആദ്യ ഭാ​ഗം ഇറങ്ങുമ്പോൾ ബോക്സ് ഓഫീസിൽ പൊട്ടിപ്പോയൊരു സിനിമയായിരുന്നു. അതാണ് റിയാലിറ്റി. രണ്ടാം ഭാ​ഗം വന്നപ്പോൾ ഒരു മൂന്ന് ഭാ​ഗമുള്ള സിനിമ ആക്കണമെന്ന് വിചാരിച്ചു. അങ്ങനെ അത് വലിയ സിനിമയായി. ആട് 3 സോംബി ചിത്രമാണോന്ന് ചോദ്യങ്ങൾ വന്നിരുന്നു. അല്ല എന്നാണ് അതിന് മറുപടി. പക്ഷേ ആടിന്റെ സ്വഭാ​വം മാറ്റാതെ, അതിന്റെ ഫ്ലേവറുകളൊന്നും മാറ്റാതെ സിനിമ അൽപം വലുതാക്കുകയാണ്.

View post on Instagram

എപ്പിക് ഫാന്റസിയിലേക്ക് പോകുകയാണ്. അത്രപ്പെട്ടെന്ന് ചെയ്യാൻ പറ്റിയ ജോണറല്ല അത്. പടത്തിന് ഫാന്റസി ഉണ്ടാകണം, എപ്പിക് സ്വഭാവവും വേണം. ഫാന്റണി എലമെന്റ് ഇപ്പോൾ ഞാൻ പറയുന്നില്ല. പക്ഷേ അത് സോംബി അല്ല. മറ്റൊന്നാണ്. ആട് ഒന്നിലും രണ്ടിലും ഉണ്ടായിരുന്ന എല്ലാ കഥാപാത്രങ്ങളും മൂന്നിലും ഉണ്ടാകും. എല്ലാം ഒത്തുവന്നാൽ ഷാജി പാപ്പനും സംഘവും ഈ ക്രിസ്മസിന് എത്തുമെന്നാണ് കരുതപ്പെടുന്നത്", എന്നാണ് മിഥുൻ മാനുവൽ തോമസ് പറഞ്ഞത്.

"വീണ്ടും ഷാജി പാപ്പൻ ആകാൻ പോകുന്നതിന്റെ ആകാംക്ഷ എനിക്കുമുണ്ട്. എന്റെ 107-ാമത്തെ സിനിമയാണ് ഇത്. എത്രയൊക്കെ നല്ല സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും എവിടെ പോയാലും ആളുകൾ ഷാജി പാപ്പാ എന്ന് വിളിക്കും. അതൊരു വല്ലാത്ത സന്തോഷമാണ്. ഒരു സിനിമ വരിക, അത് ഫ്ലോപ്പാവുക, അതിന്റെ രണ്ടാം ഭാ​ഗം ചിന്തിക്കുകയെന്നത് ഇന്ത്യൻ സിനിമയിൽ വേറൊരു പടമുണ്ടോന്ന് എനിക്കറിയില്ല. ആളുകളുടെ നിർദ്ദേശ പ്രകാരം വീണ്ടും ചിന്തിപ്പിച്ച ഒരേയൊരു സിനിമ ആട് 2 ആയിരിക്കും", എന്നാണ് ജയസൂര്യ പറഞ്ഞത്.

അതേ സമയം മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിച്ച കാവ്യ ഫിലിംസ്. 2018, മാളികപ്പുറം, രേഖചിത്രം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ പ്രൊഡക്ഷന്‍ കമ്പനിയാണ്.