സോഷ്യൽ മീഡിയയുടെ നിയന്ത്രണത്തിൽ നിന്ന് മുക്തയാകാനും സർഗ്ഗാത്മകത വീണ്ടെടുക്കാനുമായി ഐശ്വര്യ ലക്ഷ്മി സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നു.
സോഷ്യൽ മീഡിയ ഒഴിവാക്കുകയാണെന്ന് പ്രഖ്യാപിച്ച് ഐശ്വര്യ ലക്ഷമി. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് സഹായകമാവുമെന്ന തോന്നലിലാണ് സോഷ്യൽ മീഡിയ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണെന്ന ആശയത്തെ താൻ അംഗീകരിച്ചതെന്നും, പക്ഷെ സഹായിക്കാൻ വേണ്ടി തുടങ്ങിയ ഒരു കാര്യം തന്നെ നിയന്ത്രിക്കുന്ന ഒന്നായി മാറിയിരിക്കുന്നുവെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി.
"സമൂഹ മാധ്യമങ്ങൾ ജോലിയെയും ഗവേഷണത്തെയും പൂർണമായും വഴിതിരിച്ചുവിട്ടു. എന്റെ എല്ലാ സ്വാഭാവിക ചിന്തകളെയും അത് കവർന്നെടുത്തു, എന്റെ ഭാഷയെയും വാക്കുകളെയും അത് ദോഷകരമായി ബാധിച്ചു. ഒപ്പം എന്റെ എല്ലാ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളെയും അത് ഇല്ലാതാക്കി. ഒരു സ്ത്രീ എന്ന നിലയിൽ ഒരുപാട് പരിശ്രമിച്ചാണ് സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കിയതും ഇത് എന്നെ കൺട്രോൾ ചെയ്യുന്നത് തടയാൻ പരിശീലിക്കുകയും ചെയ്തത്." ഐശ്വര്യ ലക്ഷ്മി കുറിച്ചു.
സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നത് കുറേ കാലമായി ആലോചിക്കുന്ന ഒരു കാര്യമാണെന്നും, ഇന്നത്തെ കാലത്ത് ഇൻസ്റ്റഗ്രാമിൽ ഇല്ലാത്തവരെ ആളുകൾ പതിയെ മറക്കും എന്നറിയാമെങ്കിലും ആ റിസ്ക് ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. "അതുകൊണ്ട്, എന്നിലെ കലാകാരിയെയും എന്നിലെ കൊച്ചു പെൺകുട്ടിയെയും അവളുടെ നിഷ്കളങ്കതയോടും മൗലികതയോടും നിലനിർത്താൻ പൂർണമായും ഇന്റർനെറ്റിൽ നിന്ന് വിട്ടുനിൽക്കുക എന്ന ശരിയായ കാര്യം ചെയ്യാൻ ഞാൻ തീരുമാനമെടുക്കുകയാണ്. ഇതിലൂടെ എനിക്ക് കൂടുതൽ അർഥവത്തായ ബന്ധങ്ങളും സിനിമയും ജീവിതത്തിൽ ഉണ്ടാക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ നല്ല സിനിമകൾ ചെയ്യുകയാണെങ്കിൽ എനിക്ക് ഇനിയും പഴയതുപോലെ സ്നേഹം തരാൻ മറക്കരുത്." ഐശ്വര്യ ലക്ഷ്മി കുറിച്ചു.

മായാനദിയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി
അതേസമയം കമൽഹാസൻ മണിരത്നം കൂട്ടുകെട്ടിൽ പുറത്തറിങ്ങിയ 'തഗ് ലൈഫ്' ആയിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും ഒടുവിലെത്തിയ ചിത്രം. മലയാളത്തിൽ ഷറഫുദ്ധീനൊപ്പം എത്തിയ ഫാന്റസി ചിത്രം 'ഹലോ മമ്മി'യായിരുന്നു ഒടുവിൽ പുറത്തറിങ്ങിയ ചിത്രം. അൽതാഫ് സലിം സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി അരങ്ങേറ്റം കുറിക്കുന്നത്. തൊട്ടടുത്ത വർഷം ആഷിക് അബു സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രം 'മായാനദി'യിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിക്കാൻ ഐശ്വര്യ ലക്ഷ്മിക്കായി. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ പാർട്ട് 1 &2 ഐശ്വര്യ ലക്ഷ്മിയുടെ കരിയറിലെ പ്രധാനപ്പെട്ട ചിത്രങ്ങളാണ്.


