നടൻ ശബരീനാഥിന്റെ അഞ്ചാം ഓർമദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് സുഹൃത്തും നടനുമായ സാജൻ സൂര്യ.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളായിരുന്നു ശബരീനാഥ്. നിലവിളക്കിലെ ആദിത്യനെയും അമലയിലെ ദേവനെയും സ്വാമി അയ്യപ്പനിലെ വാവരെയും മലയാളി പ്രേക്ഷകര്‍ മറന്നിരിക്കില്ല. അഞ്ചു വർഷങ്ങൾക്കു മുൻപായിരുന്നു അപ്രതീക്ഷിതമായി നടന്റെ വിയോഗം. തീര്‍ത്തും അപ്രതീക്ഷിതമായാണ് ശബരീനാഥ് സീരിയല്‍ രംഗത്തേക്കെത്തുന്നത്. മിന്നുകെട്ട് സീരിയലിന്റെ ലൊക്കേഷനില്‍ ചിത്രീകരണം കാണാനെത്തിയ ശബരീനാഥ്, ഒരു അഭിനേതാവിന്റെ അസാന്നിധ്യത്തില്‍ പകരക്കാരനാകുകയായിരുന്നു.

ഇപ്പോഴിതാ ശബരീനാഥിന്റെ ഓർമദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സുഹൃത്തും നടനുമായ സാജൻ സൂര്യ. ''കൂട്ടുകൂടാൻ നേരിൽ വരാഞ്ഞിട്ട് അ‍ഞ്ച് വർഷം. സ്വപ്നങ്ങളിൽ മാത്രമായി കൂട്ടുകൂടൽ'', എന്നാണ് ശബരീനാഥിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സാജൻ സൂര്യ കുറിച്ചത്. 'ഫ്രണ്ട്സ് ഫോർ എവർ' എന്നതടക്കമുള്ള ഹാഷ്ടാഗുകളും പോസ്റ്റിനൊപ്പം സാജൻ സൂര്യ ചേർത്തിരുന്നു. സീരിയൽ ലോകത്ത് സജീവമായി നിൽക്കുന്ന നിരവധി പേര്‍ സാജന്റെ പോസ്റ്റിന് താഴെ ശബരിനാഥിനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് എത്തിയിട്ടുണ്ട്.

തിരുവനന്തപുരം അരുവിക്കരയിലാണ് ശബരീനാഥ് ജനിച്ചത്. സീരിയല്‍ തനിക്ക് നല്ല സുഹൃത്തുക്കളെ തന്നുവെന്ന് പറയാറുള്ള ശബരീനാഥ് എപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരുന്നു. അഭിനയത്തിന്റെ ഇടവേളകളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം യാത്രപോകാന്‍ ഇഷ്ടപ്പെട്ടിരുന്ന ശബരീനാഥിന്റെ പ്രിയപ്പെട്ട സ്ഥലങ്ങളും കടലുകളും കായലുകളുമായിരുന്നു.ഒരു മുഴുനീള വക്കീല്‍ വേഷം അഭിനയിക്കണമെന്ന ആഗ്രഹം എപ്പോഴും മനസ്സില്‍ സൂക്ഷിച്ചിരുന്ന ശബരീനാഥ് തനിക്ക് ലഭിച്ച നായക, പ്രതിനായക വേഷങ്ങള്‍ തന്മയത്വത്തോടെ അഭിനയിച്ചു.

അഭിനയമല്ലായിരുന്നെങ്കില്‍ താനൊരു കംപ്യൂട്ടര്‍ എക്‌സ്‌പേര്‍ട്ട് ആകുമായിരുന്നെന്ന് ഒരു അഭിമുഖത്തില്‍ ശബരീനാഥ് പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കില്‍ ഒരു ഡേറ്റ എന്‍ട്രി സ്ഥാപനത്തിലാണ് സീരിയലിലെ്ത്തുമുമ്പ് അദ്ദേഹം ജോലി ചെയ്തിരുന്നത്. ബാഡ്‍മിന്റണും കളിക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ശബരീനാഥ് സ്റ്റേറ്റ് ലെവല്‍ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക