ഭർത്താവിന്റെയും അമ്മയുടെയും പിന്തുണയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷനിലേക്ക് പോകാതെ തുണയായതെന്നും, ഇപ്പോൾ ജീവിതം കുഞ്ഞിനെ ചുറ്റിപ്പറ്റിയാണെന്നും ഗ്രീഷ്മ വ്യക്തമാക്കി.
ഇന്‍സ്റ്റഗ്രാമില്‍ പ്രശസ്തയായ കണ്ടന്റ് ക്രിയേറ്ററാണ് ഗ്രീഷ്മ ബോസ്. കാലിക പ്രസക്തിയുള്ള കാര്യങ്ങളും ആളുകള്‍ക്ക് കൂടുതല്‍ റിലേറ്റ് ചെയ്യാനാവുന്ന കാര്യങ്ങളും വിഷയമാക്കി കോമഡി റീല്‍ ചെയ്യുന്നത് കൊണ്ട് തന്നെ ഗ്രീഷ്മയുടെ വീഡിയോ വളരെ പെട്ടന്ന് ശ്രദ്ധ നേടാറുണ്ട്. സമീപകാലത്തായി സിനിമാ പ്രമോഷനുകളിലും ഗ്രീഷ്മ സജീവമാണ്. ഏറെക്കാലം സുഹൃത്തായ അഖിലിനെയാണ് ഗ്രീഷ്മ വിവാഹം ചെയ്തത്. അടുത്തിടെ ഇരുവർക്കും കുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. കുഞ്ഞ് വന്നശേഷമുള്ള ജീവിതത്തെക്കുറിച്ചാണ് 'ഐ ആം വിത്ത് ധന്യ വർമ' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗ്രീഷ്മയും അഖിലും സംസാരിക്കുന്നത്.
''കല്യാണം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ ഞാൻ ഗർഭിണിയായി. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മിക്സഡ് ഫീലിങ്ങായിരുന്നു. ഒട്ടും തയ്യാറായിരുന്നില്ല. പ്രസവിക്കുക എന്നത് എനിക്ക് പേടിയുള്ള കാര്യമായിരുന്നു. അക്കാരണം കൊണ്ട് ഒന്നുരണ്ട് കല്യാണാലോചനകൾ ഞാൻ വേണ്ടെന്നു പോലും വെച്ചിട്ടുണ്ട്. എന്റെ നേച്വർ മദർ ഹുഡ്ഡിന് പറ്റിയതാണോയെന്നും എനിക്ക് അറിയില്ലായിരുന്നു. പക്ഷേ, കുഞ്ഞ് വന്നശേഷം ഞാൻ ആകെ മാറി. ഗർഭിണിയായിരുന്ന സമയത്ത് അമ്മ ഫീലിങ് ഒന്നും എനിക്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കുഞ്ഞ് വന്നാൽ അതിനെ സ്നേഹിക്കാൻ പറ്റുമോ എന്നൊക്കെ തോന്നലുണ്ടായിരുന്നു. എന്നാൽ എന്റെ ലൈഫിപ്പോൾ കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ്. വീഡിയോസ് ചെയ്യാൻ പോലും പറ്റാറില്ല. ചിലപ്പോഴൊക്കെ വിഷമം വരും.
ഞാനിപ്പോൾ കണ്ണാടി നോക്കാറില്ല. ഞാനല്ല ആ നിൽക്കുന്നതെന്ന തോന്നൽ വരും. ഡെലിവറി കഴിഞ്ഞിട്ട് വയർ ചുരുങ്ങിയിട്ടില്ല. സ്ട്രെച്ച് മാർക്ക്സുണ്ട്. മൊത്തത്തിൽ ഞാൻ ഞാനല്ലാത്ത അവസ്ഥയിലാണ് നിൽക്കുന്നത്. മോന്റെ ചിരിയാണ് ഇപ്പോൾ എനിക്കുള്ള ഹാപ്പിനെസ്. പോസ്റ്റ്പാർട്ടം ഡിപ്രഷനിലേക്ക് പോകാത്തത് അമ്മയും അഖിലും സപ്പോർട്ടായി ഒപ്പമുള്ളതുകൊണ്ടാണ്'', ഗ്രീഷ്മ അഭിമുഖത്തിൽ പറഞ്ഞു.



