സാന്ത്വനം സീരിയൽ താരം കാർത്തിക കണ്ണൻ തന്‍റെ അഭിനയ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെക്കുന്നു.
മലയാളികൾക്ക് സുപരിചിതയായ നടിയാണ് കാർത്തിക കണ്ണൻ. സിനിമയിലൂടെ വന്ന് സീരിയലുകളില്‍ നെഗറ്റീവ് വേഷങ്ങളിലൂടയും സ്വഭാവ വേഷങ്ങളിലൂടെയുമാണ് കാർത്തിക കൂടുതലും ശ്രദ്ധ നേടിയത്. നിരവധി സൂപ്പര്‍ഹിറ്റ് സീരിയലുകളില്‍ ഭാഗമായിട്ടുള്ള നടി ഏഷ്യാനെറ്റിലെ സാന്ത്വനം സീരിയലിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. പുതിയ അഭിമുഖത്തിൽ സീരിയൽ മേഖലയെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് കാർത്തിക.
''നായികയായിട്ടാണ് അഭിനയം ആരംഭിച്ചത്. എന്നാൽ പിന്നീട് എനിക്ക് കൂടുതലും ലഭിച്ചത് വില്ലത്തിയുടെയും കുശുമ്പത്തിയുടെയും വേഷങ്ങളാണ്. അത്തരം വേഷങ്ങളിലൂടെയാണ് ഞാൻ ശ്രദ്ധിക്കപ്പെട്ടത്. ഒരു ദിവസം അമ്പലത്തിലെത്തിയപ്പോൾ ഒരു അമ്മ വന്ന് വഴക്ക് പറഞ്ഞു, ഞാൻ ഗുണം പിടിക്കില്ല എന്നൊക്കെ പറഞ്ഞു. അതൊക്കെ അഭിനയിക്കുന്നതല്ലേ എന്ന് ഞാൻ ഉത്തരം നൽകി. പണ്ടൊക്കെ ഒരുപാട് കഷ്ടപ്പെട്ടാണ് ലൊക്കേഷനുകളിലേക്ക് വന്നിരുന്നത്. ആദ്യമായി നായികയായി അഭിനയിക്കുന്ന സമയത്ത് നമുക്ക് ട്രെയിനും ഫ്‌ളൈറ്റും ഒന്നുമില്ല. ട്രാൻസ്‌പോർട്ട് ബസിൽ യാത്ര ചെയ്യാനുള്ള പൈസയാണ് പ്രൊഡക്ഷന്റെ ഭാഗത്ത് നിന്ന് തരുന്നത്. ഇന്ന് പുതിയ ആളുകൾ വരെ ബെൻസിൽ വന്നിറങ്ങുന്ന കാലമാണ്. ഞങ്ങളൊക്കെ ഒരുപാട് കഷ്ടപ്പെട്ട് വന്നവരാണ്. അതിന്റെ ഗുണം നമുക്കുണ്ട്'', കാർത്തിക അഭിമുഖത്തിൽ പറഞ്ഞു.
തന്റെ ട്രേഡ്മാർക്കായ വലിയ പൊട്ടിനെക്കുറിച്ചും കാർത്തിക സംസാരിച്ചു. ''സീരിയലിലും അല്ലാത്തപ്പോഴും വലിയ പൊട്ടാണ് അണിയുന്നത്. ചെറുപ്പത്തിലേ അമ്മ എനിക്ക് തൊട്ടുതന്നിരുന്നത് വലിയ കറുത്ത പൊട്ടാണ്. പിന്നെ അത് ഇല്ലാതിരിക്കുമ്പോൾ എന്തോപോലെയായി. പിന്നീട് അത് ഒരു ട്രേഡ് മാർക്കായി'', കാർത്തിക പറഞ്ഞു. തന്റെ പ്രതിഫലത്തെക്കുറിച്ചുള്ള വാർത്തകൾ കേട്ട് അതിശയിച്ചുപോയിട്ടുണ്ടെന്നും കാർത്തിക പറയുന്നു. ''അതൊക്കെ വെറുതേ പറയുന്നതാണ്. ഒരുദിവസം ഞാൻ എന്റെ പ്രതിഫലം കേട്ട് അതിശയിച്ചുപോയി. നമ്മുടെ അക്കൗണ്ടിലേക്ക് എത്ര രൂപയാണ് വരുന്നതെന്ന് അവർ എങ്ങനെ അറിയാനാണ്?'', എന്നും കാർത്തിക ചോദിക്കുന്നു.



