ബസ്സിൽ ലൈംഗികാതിക്രമം ആരോപിച്ച് യുവതി വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രേണു സുധി പ്രതികരിച്ചു. കൃത്യമായ തെളിവുകളില്ലാതെ ആരുടെയും ജീവിതം നശിപ്പിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.
ബസില്‍ ലൈംഗിക അതിക്രമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതി വീഡിയോ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ദീപക്ക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് രേണു സുധി. സ്ത്രീകൾ ആവശ്യമില്ലാത്ത കാര്യത്തിനു വേണ്ടി പ്രതികരിച്ച് വേറുതേ വിഷയമുണ്ടാക്കാതെ കൃത്യമായ കാര്യങ്ങൾക്കു വേണ്ടി പ്രതികരിക്കണമെന്ന് രേണു പറയുന്നു. തെറ്റു ചെയ്യാത്തതു കൊണ്ടാകാം ദീപക് ആത്മഹത്യ ചെയ്തതെന്നും രേണു കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ കെഎസ്പുരം സുധീർ എന്നയാളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രേണു.
''ഇതിനു മുൻപും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവരാരും ആത്മഹത്യ ചെയ്തിട്ടില്ല. ഇദ്ദേഹത്തെ സംബന്ധിച്ച് പറയുകയാണെങ്കിൽ അദ്ദേഹം അങ്ങനെയൊന്നും ചെയ്തിട്ടില്ലായിരിക്കും. അതുകൊണ്ടാകാം ആത്മഹത്യ ചെയ്തത്. തിരക്കുള്ള ബസിൽ മുട്ടുകയൊക്കെ ചെയ്യാറുണ്ടല്ലോ. അറിയാതെയായിരിക്കാം അത് ചെയ്തത്. ഞാൻ കണ്ടതും കേട്ടതും വെച്ച് ആ പുള്ളിക്കാരി വൈറലാകാൻ വേണ്ടിത്തന്നെ അങ്ങനെ ചെയ്തതാണ്. അത് വളരെ മോശമായിപ്പോയി. പ്രതികരിക്കേണ്ട കാര്യങ്ങളിൽ മാത്രം പ്രതികരിക്കുക. വെറുതേ ആവശ്യമില്ലാതെ തെറ്റിദ്ധാരണയുടെ പുറത്ത് അങ്ങനെ ചെയ്തത് തെറ്റായിപ്പോയി. അദ്ദേഹം മരിച്ചുപോയതിൽ വിഷമമുണ്ട്.
വീഡിയോ പോലീസിന് കൈമാറുകയാണ് ചെയ്യേണ്ടിയിരുന്നത്. അങ്ങനെ ചെയ്താൽ വൈറലാകില്ലല്ലോ. സിനിമാ നടി ആകുന്നതിനേക്കാൾ വൈറലാകാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കുറേപ്പേരുണ്ട് അങ്ങനെ. ആ മകനെ ആശ്രിയിച്ചു കഴിയുന്ന അമ്മക്ക് വിഷമമായി. അങ്ങനെ എത്രയോ പേർ. ഇത് ചെറിയ കാര്യമല്ല, വലിയ കാര്യം തന്നെയാണ്. നമ്മൾ സൂക്ഷിക്കണം. ആ ജീവൻ പൊലിഞ്ഞത് വലിയൊരു ദുഃഖം തന്നെയാണ്. ഒരാൾക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ കൃത്യമായ തെളിവുകൾ വേണം. ആരുടെയും ജീവിതം നശിപ്പിക്കരുത്'', രേണു സുധി പറഞ്ഞു. അതെസമയം, കുറ്റാരോപിതയായ ഷിംജിതയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.



