ഏഷ്യാനെറ്റിലെ 'ചന്ദനമഴ' എന്ന സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടൻ സുബ്രഹ്‌മണ്യൻ ഗോപാലകൃഷ്ണൻ ബിഗ് ബോസ് മലയാളം സീസൺ എട്ടിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തുന്നു എന്ന വാർത്ത നിഷേധിച്ചു. ഇതൊരു വ്യാജ വാർത്തയാണെന്നും ചാനലിൽ നിന്ന് തനിക്ക് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി.
ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന ഒറ്റ സീരിയലിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് തമിഴ്നാട് സ്വദേശിയായ സുബ്രഹ്‌മണ്യൻ ഗോപാലകൃഷ്ണൻ. അർജുൻ ദേശായി എന്ന് പറയുമ്പോഴാകും ഒരുപക്ഷേ പ്രേക്ഷകർക്ക് പെട്ടെന്ന് മനസിലാകുക. ദേശായി കുടുംബത്തിലെ മൂത്തമകനായി തിളങ്ങിയ അർജുനെ കഴിഞ്ഞ കുറെ നാളായി മലയാളികൾ മിനി സ്ക്രീനിൽ കണ്ടിട്ടില്ല. ഇതിനിടെ, 'ദ ഗോട്ട്' എന്ന വിജയ് ചിത്രത്തിലെ സുബ്രഹ്മണ്യന്റെ കാമിയോ റോൾ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ മലയാളം ബിഗ് ബോസ് സീസൺ 8 ൽ താൻ വൈൽഡ് കാർഡ് എൻട്രിയായി എത്തുകയാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സുബ്രമണ്യൻ.
''സോറി ഗയ്സ്, അതൊരു വ്യാജ വാർത്തയാണ്. എനിക്ക് അങ്ങനെയൊരു വിളി ചാനലിൽ നിന്നും വന്നിട്ടില്ല. എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ ഞാൻ ഔദ്യോഗികമായിത്തന്നെ അറിയിക്കാം. അല്ലെങ്കിൽ ചാനൽ അറിയിക്കും. എല്ലാവരുടെയും സ്നേഹത്തിന് നന്ദി'', എന്നാണ് സുബ്രമണ്യൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിരവധിയാളുകൾ പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നുണ്ട്. ''മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു കഥാപാത്രത്തെയാണ് താങ്കൾ അവതരിപ്പിച്ചത്. താങ്കൾ വൈൽഡ് കാർഡ് എൻട്രിയായി എത്തുകയാണെന്ന വാർത്ത കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നിയിരുന്നു. താങ്കളെ വീണ്ടും ഏഷ്യാനെറ്റിൽ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു, 7 വയസുള്ളപ്പോൾ ഞാൻ കാണുന്നയാളാണ്'', എന്നാണ് സുബ്രഹ്‌മണ്യന്റെ പോസ്റ്റിനു താഴെ ആരാധകരിൽ ഒരാളുടെ കമന്റ്.
അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ എത്തിയ ആളാണ് സുബ്രഹ്‌മണ്യൻ. ശേഷമാണ് സീരിയലുകളിൽ അഭിനയിക്കുന്നത്. തമിഴിൽ ഒട്ടനവധി സീരിയലുകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 2014ൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയൽ ആണ് ചന്ദനമഴ. അമൃത എന്ന നായിക വേഷത്തിൽ എത്തിയത് മേഘ്ന വിൻസെന്റ് ആയിരുന്നു. സീരിയലിലെ പല രംഗങ്ങളും ഇപ്പോഴും ട്രോൾ പേജുകളിലും മീമുകളിലും നിറഞ്ഞു നിൽക്കാറുണ്ട്.



