ദിലീപിന്‍റെ രാജി അങ്ങോട്ട് ചോദിച്ച് വാങ്ങിയതാണെന്ന് മോഹൻലാൽ. ദിലീപ് ഇങ്ങോട്ട് രാജി സന്നദ്ധത അറിയിക്കുകയായിരുന്നെന്ന സിദ്ധിഖിന്‍റെ പ്രസ്താവന തെറ്റെന്ന് തെളിയിക്കുന്നതാണ് മോഹൻലാലിന്‍റെ സ്ഥിരീകരണം. പ്രശ്നത്തിൽ തനിയ്ക്ക് നേരെയാണ് ആക്രമണമെന്ന് മോഹൻലാൽ പറഞ്ഞു. തനിയ്ക്ക് ഇതിൽ അതൃപ്തിയുണ്ട്. ഇതിലൊന്നും ചീത്ത കേള്‍ക്കേണ്ട ആളല്ല താനെന്നും മോഹൻലാൽ.
കൊച്ചി: സിനിമ മേഖലയിലെ സ്ത്രീ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഉന്നയിച്ച വിഷയങ്ങളില്‍ ആരോപണങ്ങള്‍ പ്രചരിക്കുന്നത് തന്‍റെ പേരിലെന്ന് മോഹന്‍ലാല്‍. 'അമ്മ'യുടെ പേരിലല്ല, ഇപ്പോള്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയുടെ പേരിലാണ് വിമര്‍ശനങ്ങള്‍ വരുന്നത്. ഞാൻ ഒരു വ്യക്തി മാത്രമാണ്. എല്ലാവർക്കും എന്നെ വേണമെങ്കിൽ ഞാൻ തുടരും എന്ന് മാത്രമേ അന്നും ഇന്നും പറഞ്ഞിട്ടുള്ളൂ.' മോഹൻലാൽ പറയുന്നു.
'ദിലീപ് ഇങ്ങോട്ട് രാജിസന്നദ്ധത അറിയിക്കുകയായിരുന്നെന്ന റിപ്പോർട്ടുകൾ തെറ്റാണ്. കേസുകളും ആരോപണങ്ങളും വന്നപ്പോൾ 'അമ്മ' അങ്ങോട്ട് രാജി ആവശ്യപ്പെടുകയായിരുന്നു. ദിലീപ് രാജി തന്നു. അത് അംഗീകരിച്ചു.' മോഹൻലാൽ സ്ഥിരീകരിച്ചു.
'എന്തിനാണ് ഇതെല്ലാം തന്‍റേ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നതെന്ന് മനസിലാകുന്നില്ല. കേരളത്തിന് പുറത്ത് പോലും പ്രശ്നങ്ങളെല്ലാം മോഹന്‍ലാലിന്‍റെ പേരിലാണ്. മോഹന്‍ലാലാണ് ഇതിനെല്ലാം കാരണമെന്നുള്ള പ്രചാരണങ്ങള്‍ ശരിയല്ല. ഡബ്ല്യൂസിസിയും മോഹന്‍ലാലും നേര്‍ക്കുനേര്‍ എന്ന് വരുന്നു. ഞാൻ എന്തിനാണ് അടി കൊള്ളുന്നത്? ഇതെല്ലാം തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ഞാൻ ഇക്കാര്യങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ല. ഇതിലൊന്നും ചീത്ത കേള്‍ക്കേണ്ട ആളല്ല താനെന്ന് വിശ്വസിക്കുന്നു.' മോഹൻലാൽ പറയുന്നു.
