മീരയുടെ വരവ് സിനിമയ്ക്ക് വലിയ മുതൽക്കൂട്ടായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യൻ അന്തിക്കാട് ഒരുക്കിയ മികച്ച ചിത്രങ്ങളിൽ ഒന്നാണ് വിനോദയാത്ര. മീര ജാസ്മിൻ, മുരളി, മുകേഷ്, പാർവതി തിരുവോത്ത് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലേക്ക് മീര ജാസ്മിനെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. അനുപമ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മീര ജാസ്മിൻ എത്തിയത്.
ചിത്രത്തിൽ ആദ്യം നായികയായി പുതുമുഖത്തെയാണ് നിശ്ചയിച്ചിരുന്നതെന്നും എന്നാൽ പുതുമുഖങ്ങൾക്കൊന്നും മറ്റുള്ളവർക്കൊപ്പം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ലെന്നും അങ്ങനെയാണ് മീര ജാസ്മിനിലേക്ക് എത്തിയതെന്നും സത്യൻ അന്തിക്കാട് പറയുന്നു.
"നായികയായി പുതിയ പെണ്‍കുട്ടി ചെയ്യട്ടെ എന്നായിരുന്നു. അനുപമയാകാന്‍ പുതിയ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കുറേ നടത്തി. ഒന്ന് രണ്ട് കുട്ടികളെ ഓഡിഷന്‍ ചെയ്തു നോക്കി. ഇതിനിടെ ഷൂട്ടിങ് തുടങ്ങുകയും ചെയ്തു. കൊണ്ടു വന്ന പുതുമുഖങ്ങള്‍ക്കൊന്നും മറ്റുള്ളവര്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനാകുന്നില്ല." സത്യൻ അന്തിക്കാട് പറയുന്നു.
"ആ സമയത്ത് മീര ജാസ്മിന് ഡേറ്റേയില്ല. ഏതൊക്കയോ തമിഴ് സിനിമകള്‍ ചെയ്യുകയാണ്. എനിക്ക് മീര ജാസ്മിനുമായി വളരെ അടുത്ത ബന്ധമുണ്ട്. രസതന്ത്രവും അച്ചുവിന്റെ അമ്മയുമൊക്കെ ചെയ്ത ബന്ധമുണ്ട്. ഞാന്‍ നേരെ മീരയെ വിളിച്ചു. എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം എന്ന് പറഞ്ഞു. മീര ഏതോ തമിഴ് സിനിമയുടെ ഷൂട്ടിലാണ്. ഷൂട്ടിങ് തുടങ്ങി, മീര എങ്ങനെയെങ്കിലും വന്നേ പറ്റൂവെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ മീര വന്നു. നമ്മളോടുള്ള സ്‌നേഹം കൊണ്ടാണത്. കുറച്ച് ഭാരമുള്ള വേഷമാണ് അനുപമയുടേത്. പക്ഷെ മീര വന്നതോടെ അത് ഭയങ്കരമായ കോമ്പിനേഷനായി മാറി. ചില സിനിമകള്‍ അങ്ങനെയാണ്." സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു. കലാസംഘം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യൻ അന്തിക്കാടിന്റെ പ്രതികരണം.



