ദില്ലി: രാജ്യത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ പലായനം ചെയ്യുകയാണ് തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍. ഇങ്ങനെ സ്വദേശങ്ങളിലേക്ക് മടങ്ങുന്ന നിരവധിയാളുകളുടെ ഉള്ളുലയ്‌ക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. കൈക്കുഞ്ഞുമായി റെയില്‍വേ ബോഗികള്‍ക്കിടയിലെ ഇടനാഴിയില്‍ ഇരുന്ന് യാത്ര ചെയ്യുന്ന അമ്മയുടെ വീഡിയോ ഇത്തരത്തില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വീഡിയോയ്‌ക്ക് പിന്നിലെ വസ്‌തുത ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. 

പ്രചാരണം

 

ട്രെയിന്‍ ബോഗിക്കിടയില്‍ ഇരുന്ന് യാത്ര ചെയ്യുന്ന അമ്മയുടെയും കുഞ്ഞിന്‍റെയും ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. എന്താണ് ഈ രാജ്യത്തിന്‍റെ അവസ്ഥ എന്ന ചോദ്യത്തോടെ ഒരാള്‍ ഫേസ്‌ബുക്കില്‍ വീഡിയോ ഷെയര്‍ ചെയ്തു. 600ലേറെ തവണയാണ് ഈ വീഡിയോ വീണ്ടും ഷെയര്‍ ചെയ്യപ്പെട്ടത്. വീഡിയോ പങ്കുവെച്ചവരെല്ലാം പറഞ്ഞത് ഈ ദൃശ്യം ഇന്ത്യയില്‍ നിന്നുള്ളതാണ് എന്നായിരുന്നു. 

വസ്‌തുത

എന്നാല്‍, ഈ വീഡിയോ 2016 മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണ്. ഇന്ത്യയില്‍ നിന്നുള്ള വീഡിയോ അല്ല, നിലവിലെ ലോക്ക് ഡൗണുമായി ഇതിന് ബന്ധമൊന്നുമില്ല. 

Read more: 'രണ്ട് വര്‍ഷം വിദേശയാത്ര വേണ്ട'; ലോക്ക് ഡൗണിന് ശേഷം പാലിക്കേണ്ട 21 കാര്യങ്ങള്‍; അറിയിപ്പ് സത്യമോ?

വസ്‌തുതാ പരിശോധനാ രീതി

 

കൗശിക് (Kaushik) എന്ന യൂട്യൂബ് ചാനലില്‍ 2016 സെപ്റ്റംബര്‍ 13ന് ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിരുന്നു. 'ബംഗ്ലാദേശി അമ്മയുടെയും കുഞ്ഞിന്‍റെയും ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ ട്രെയിന്‍ യാത്ര(2016)' എന്നായിരുന്നു വീഡിയോയുടെ തലക്കെട്ട്. 

മറ്റ് പല തലക്കെട്ടുകളിലും ഈ വീഡിയോ മുമ്പ് പ്രചരിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന അമ്മയെ പ്രകീര്‍ത്തിച്ച് മാതൃദിനത്തില്‍ ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന രീതിയില്‍ ഡെയ്‌ലി മെയില്‍ 2018ല്‍ ഈ വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു. 

Read more: പുരുഷ ബീജം കൊവിഡിനെ തടയാനുള്ള മരുന്നോ? പ്രചരിക്കുന്ന വീഡിയോയ്‌ക്ക് പിന്നിലെ വസ്‌തുത

നിഗമനം

ഇന്ത്യയിലേത് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ ബംഗ്ലാദേശില്‍ നിന്നുള്ളതാണ് എന്ന് തെളിഞ്ഞിരിക്കുന്നു. വീഡിയോയ്‌ക്ക് നിലവിലെ ലോക്ക് ഡൗണുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല എന്ന് ആള്‍ട്ട് ന്യൂസിന്‍റെ വസ്‌തുതാ പരിശോധനയില്‍ തെളിഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​