ഇന്ത്യയുടെ ഒരു ബ്രിഗേഡ് ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് പാകിസ്ഥാന്‍ തകര്‍ത്തതായുള്ള പാക് മാധ്യമങ്ങളുടെയും പാക് അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെയും പ്രചാരണം തള്ളി പിഐബി
ദില്ലി: പാക് ഭീകര പരിശീലന കേന്ദ്രങ്ങള്‍ ആക്രമിച്ച് തരിപ്പിണമാക്കിയ ഓപ്പറേഷന്‍ സിന്ദൂറിനുള്ള മറുപടിയായി ഇന്ത്യയുടെ ഒരു ബ്രിഗേഡ് ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് പാകിസ്ഥാന്‍ തകര്‍ത്തോ? തകര്‍ത്തെന്ന രീതിയിലുള്ള പാക് മാധ്യമങ്ങളുടെയും പാക് അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെയും പ്രചാരണത്തിന്‍റെ വസ്തുത എന്ത്? യാഥാര്‍ഥ്യം അറിയാം. പാക് മാധ്യമങ്ങളുടെയും പാക് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെയും പ്രചാരണങ്ങളുടെ യാഥാര്‍ഥ്യം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു.
പ്രചാരണം
'ഇന്ത്യയുടെ ബ്രിഗേഡ് ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് പാകിസ്ഥാന്‍ തകര്‍ത്തു'- എന്ന തലക്കെട്ടിലാണ് ദൃശ്യങ്ങള്‍ പാക് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ വ്യാപകമായിരിക്കുന്നത്. ഇവ ഷെയര്‍ ചെയ്തുകൊണ്ടുള്ള അനേകം എക്‌സ് പോസ്റ്റുകളില്‍ ചിലത് ചുവടെ കാണാം.



വസ്‌തുത
ബ്രിഗേഡ് ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് തകര്‍ത്തുവെന്ന പാക് എക്‌സ് ഹാന്‍ഡിലുകളുടെ പ്രചാരണം വ്യാജമാണ് എന്നതാണ് വസ്‌തുത. ഇക്കാര്യം അറിയിച്ച് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ട്വീറ്റ് ചെയ്തു. പിഐബി ഫാക്ട് ചെക്കിന്‍റെ എക്സ് പോസ്റ്റിലെ വിവരങ്ങള്‍ ഇങ്ങനെ. 'പാകിസ്ഥാന്‍ ഇന്ത്യന്‍ ബ്രിഗേഡ് ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് തകര്‍ത്തതായി സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകളില്‍ അവകാശപ്പെടുകയാണ്. ഈ അവകാശവാദം തെറ്റാണ്. തെറ്റായ പ്രചാരണങ്ങളില്‍ നിന്ന് എല്ലാവരും അകലം പാലിക്കുക. ശരിയായ വിവരങ്ങള്‍ക്കായി ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഔദ്യോഗിക അറിയിപ്പുകളെ ആശ്രയിക്കുക'- എന്നും പിഐബിയുടെ ട്വീറ്റില്‍ വിശദീകരിക്കുന്നു.

നിഗമനം
ഇന്ത്യയുടെ ബ്രിഗേഡ് ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് പാകിസ്ഥാന്‍ തകര്‍ത്തു എന്ന പാക് മാധ്യമങ്ങളുടെയും പാക് അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെയും അവകാശവാദം തെറ്റാണ്.


