പാക് ഭീകര പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം വ്യോമാക്രമണം നടത്തിയ ഇടങ്ങളിലൊന്നായ ബഹവല്‍പൂരിന് സമീപം ഇന്ത്യന്‍ റഫേല്‍ യുദ്ധ വിമാനം പാകിസ്ഥാന്‍ വെടിവച്ചിട്ടതായാണ് പാക് അനുകൂല എക്സ് ഹാന്‍ഡിലുകളുടെ വ്യാജ പ്രചാരണം
ദില്ലി: ഇരുപത്തിയാറ് പേരുടെ ജീവന്‍ അവഹരിച്ച പഹല്‍ഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെ വ്യാജ പ്രചാരണവുമായി പാക് അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍. ബഹവല്‍പൂരിനടുത്ത് ഇന്ത്യയുടെ റഫേല്‍ യുദ്ധ വിമാനം പാകിസ്ഥാന്‍ വെടിവെച്ചിട്ടതായാണ് ഒരു തെറ്റായ ചിത്രം സഹിതം പാകിസ്ഥാന്‍റെ വ്യാജ പ്രചാരണം. എന്നാല്‍ ഈ പ്രചാരണത്തിന്‍റെ വസ്‌തുത വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി.
പ്രചാരണം
'ബഹവല്‍പൂരിന് സമീപം ഇന്ത്യയുടെ റഫേല്‍ യുദ്ധ വിമാനം വെടിവച്ചിട്ടതായി പാകിസ്ഥാന്‍'- എന്ന തലക്കെട്ടിലാണ് ഒരു വിമാനത്തിന് തീപ്പിടിച്ചതിന്‍റെ ചിത്രം എക്‌സില്‍ പാക് അനുകൂല ഹാന്‍ഡിലുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അത്തരത്തിലുള്ള എക്സ് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ.

വസ്‌തുത
എന്നാല്‍ ഏറെ പഴയ ഒരു വിമാന ദുരന്തത്തിന്‍റെ ചിത്രം സഹിതമാണ് പാക് എക്‌സ് ഹാന്‍ഡിലുകള്‍ ഇപ്പോള്‍ വ്യാജ പ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുന്നത് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. മാത്രമല്ല, ആ പഴയ വിമാനാപകടത്തിന്‍റെ വീഡിയോ റിപ്പോര്‍ട്ട് കണ്ടാല്‍ ഇപ്പോഴത്തെ പാക് സോഷ്യല്‍ മീഡിയ പ്രചാരണങ്ങളുടെ നിജസ്ഥിതി കൂടുതല്‍ വ്യക്തമാവുകയും ചെയ്യും.
പിഐബിയുടെ ട്വീറ്റ് ചുവടെ കാണാം
ഇപ്പോള്‍ എക്‌സില്‍ കാണുന്ന പാക് അവകാശവാദങ്ങളില്‍ നല്‍കിയിരിക്കുന്ന വിമാനാപകടത്തെ കുറിച്ചുള്ള യഥാര്‍ഥ വാര്‍ത്ത വീഡിയോ സഹിതം വിശദമായി ഡിഡി ന്യൂസ് 2024 സെപ്റ്റംബര്‍ 2ന് പ്രസിദ്ധീകരിച്ചിരുന്നത് ചുവടെ ചേര്‍ക്കുന്നു. ബര്‍മര്‍ സെക്ടറില്‍ നടന്ന രാത്രി പറക്കല്‍ പരിശീലന ദൗത്യത്തിനിടെ ഇന്ത്യന്‍ വായുസേനയുടെ മിഗ്-29 വിമാനം ഗുരുതരമായ സാങ്കേതിക തകരാര്‍ കാരണം അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ നിന്ന് പൈലറ്റ് രക്ഷപ്പെട്ടിരുന്നു. മറ്റ് നാശനഷ്ടങ്ങളും ഈ അപകടത്തിലുണ്ടായിരുന്നില്ല എന്നും 2024ലെ വാര്‍ത്തയില്‍ വിശദീകരിക്കുന്നു.
ഡിഡി ന്യൂസിന്‍റെ 2024-ലെ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്

2024-ലെ ആ വിമാനാപകടത്തിന്‍റെ ദൃശ്യങ്ങളാണ്, ഇന്ന് പുലര്‍ച്ചെ ഇന്ത്യ പാകിസ്ഥാനിലെ ഭീകര താവളങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്‍ വെടിവച്ചിട്ട ഇന്ത്യന്‍ യുദ്ധവിമാനത്തിന്‍റെ കാഴ്ച എന്ന അവകാശവാദത്തോടെ പാക് അനുകൂല എക്സ് ഹാന്‍ഡിലുകള്‍ വ്യാജമായി പ്രചരിപ്പിക്കുന്നത്.
നിഗമനം
പാകിസ്ഥാന്‍ ഇന്ത്യയുടെ റഫേല്‍ ജെറ്റ് വിമാനം ബഹവല്‍പൂരിന് സമീപം വെടിവെച്ചിട്ടതായി പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഒരു വിമാനാപകടത്തിന്‍റെ ദൃശ്യമാണ് ഇപ്പോള്‍ പാക് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ തെറ്റായി പ്രചരിപ്പിക്കുന്നത്.


