'നിങ്ങള്‍ക്ക് പണക്കൊഴുപ്പും അധികാരവും ലോകകപ്പ് കിരീടം സമ്മാനിക്കില്ല, എന്തൊരു നാണക്കേട്' എന്നും റിക്കി പോണ്ടിംഗ് പറഞ്ഞതായാണ് ട്വീറ്റ്

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ടീം ഇന്ത്യയെ തോല്‍പിച്ച് ആറാം തവണയും ഓസ്ട്രേലിയ കിരീടം നേടിയതിന് പിന്നാലെ അവരുടെ ഇതിഹാസ താരം റിക്കി പോണ്ടിംഗിന്‍റെ പേരിലൊരു പ്രതികരണം സാമൂഹ്യമാധ്യമങ്ങളില്‍ തകൃതിയായി നടക്കുന്നുണ്ട്. ബിസിസിഐയെയും ടീം ഇന്ത്യയെയും ക്രിക്കറ്റ് മാഫിയ എന്ന് പോണ്ടിംഗ് വിശേഷിപ്പിച്ചതായാണ് ട്വീറ്റുകളില്‍ പറയുന്നത്. എന്നാല്‍ ഇത്തരമൊരു പ്രസ്‌താവന ഓസീസ് മുന്‍ നായകന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. 

പ്രചാരണം

ബ്രോഡ്‌കാസ്റ്റര്‍മാരായ ഫോക്‌സ് ക്രിക്കറ്റിനോടാണ് റിക്കി പോണ്ടിംഗിന്‍റെ വാക്കുകള്‍ എന്നാണ് ASG എന്ന യൂസര്‍ 2023 നവംബര്‍ 19-ാം തിയതി ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ക്രിക്കറ്റ് മാഫിയക്കെതിരായ വിജയമാണിത്. 'നിങ്ങള്‍ക്ക് പണക്കൊഴുപ്പും അധികാരവും ലോകകപ്പ് കിരീടം സമ്മാനിക്കില്ല. എന്തൊരു നാണക്കേട്' എന്നും പോണ്ടിംഗ് ഫോക്‌സ് ക്രിക്കറ്റില്‍ പറഞ്ഞതായാണ് എഎസ്‌ജിയുടെ ട്വീറ്റില്‍ കൊടുത്തിരിക്കുന്നത്. മറ്റ് നിരവധി പേരും സാമൂഹ്യമാധ്യമങ്ങളില്‍ ഇതേ കാര്യം പോണ്ടിംഗ് പറഞ്ഞതായി പോസ്റ്റ് ചെയ്‌തിരിക്കുന്നത് കാണാം. ലിങ്ക് 1, 2

Scroll to load tweet…

ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുതാ പരിശോധന

റിക്കി പോണ്ടിംഗ് ഇങ്ങനെയൊരു പ്രസ്‌താവന നടത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ കീവേഡുകള്‍ ഉപയോഗിച്ച് പരിശോധിക്കുകയാണ് ആദ്യം ചെയ്‌തത്. എന്നാല്‍ പോണ്ടിംഗിന്‍റെ ഭാഗത്ത് നിന്ന് ഇത്തരമൊരു പ്രസ്‌താവ വന്നതായി ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്‌തതായി കണ്ടെത്താനായില്ല. ഏറെ വിവാദമായേക്കാവുന്ന പ്രസ്‌താവന സത്യമെങ്കില്‍ അത് വലിയ പ്രാധാന്യത്തോടെ ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു. ഇതിന് ശേഷം ഫോക്‌സ് ക്രിക്കറ്റിന്‍റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പരിശോധിച്ചുവെങ്കിലും പോണ്ടിംഗിന്‍റെ വിവാദ പ്രസ്‌താവന അവിടെയും കാണാനായില്ല. 

നിഗമനം

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ടീം ഇന്ത്യക്കേറ്റ തോല്‍വി ബിസിസിഐയുടെ ക്രിക്കറ്റ് മാഫിയക്ക് ഏറ്റ തിരിച്ചടിയാണ് എന്ന് റിക്കി പോണ്ടിംഗ് ഒരിടത്തും പറഞ്ഞിട്ടില്ല. 

Read more: 'മൂരാട് പാലത്തിൽ കര്‍ശന ഗതാഗത നിയന്ത്രണം'; കോഴിക്കോട് കലക്‌ടറുടെ പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം