അമൃത്‌സറില്‍ പാകിസ്ഥാന്‍ സേന ഇന്ത്യയുടെ സൈനിക ക്യാംപ് ആക്രമിച്ചു എന്ന തലക്കെട്ടില്‍ പാക് അനുകൂല എക്‌സ് ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നത് 2024ലെ ഒരു കാട്ടുതീയുടെ ദൃശ്യങ്ങള്‍!
ദില്ലി: പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും 9 ഭീകര താവളങ്ങള്‍ ആക്രമിച്ചുള്ള ഇന്ത്യന്‍ സൈന്യത്തിന്‍റെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന്‍റെ വ്യാജ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അവസാനിക്കുന്നില്ല. അമൃത്‌സറിലെ ഇന്ത്യന്‍ സൈനിക ക്യാംപ് പാകിസ്ഥാന്‍ സൈന്യം ആക്രമിച്ചു എന്നാണ് പാക് അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ പുതിയ വ്യാജ പ്രചാരണം. എന്നാല്‍ ഈ കള്ളത്തിന്‍റെ സത്യം തുറന്നുകാട്ടി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം രംഗത്തെത്തി.
പ്രചാരണം
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ അടിസ്ഥാനരഹിതമായ മറ്റൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് മാധ്യമങ്ങളും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും. പഞ്ചാബിലെ അമൃത്‌സറിലുള്ള ഇന്ത്യന്‍ സൈനിക താവളം പാകിസ്ഥാന്‍ ആക്രമിച്ചുവെന്നും, നിരവധി ഇന്ത്യന്‍ സൈനികര്‍ക്ക് സാരമായി പരിക്കേറ്റു എന്നുമാണ് ഇവരുടെ അവകാശവാദം. തീപ്പിടുത്തത്തിന്‍റെ ഒരു വീഡിയോ സഹിതമാണ് എക്‌സില്‍ പാക് അനുകൂല ഹാന്‍ഡിലുകളുടെ പ്രചാരണം.

വസ്‌തുത
എന്നാല്‍, അമൃത്‌സറില്‍ ഇന്ത്യന്‍ സൈനിക ക്യാംപ് പാകിസ്ഥാന്‍ ആക്രമിച്ചു എന്ന പാക് സോഷ്യല്‍ മീഡിയ പ്രചാരണം വെറും പ്രചാരവേല മാത്രമാണ്. എക്‌സ് പോസ്റ്റുകളില്‍ കാണുന്ന വീഡിയോയ്ക്ക് മിലിട്ടറി ആക്ഷനുകളുമായി യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ഥ്യം. 2024ലെ ഒരു കാട്ടുതീയുടെ ദൃശ്യങ്ങളാണ്, അമൃത്‌സറില്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ സൈനിക ക്യാംപ് ആക്രമിച്ചു എന്ന തലക്കെട്ടില്‍ പാക് അനുകൂല എക്‌സ് ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുനില്‍ക്കണം എന്ന് പിഐബി ആവശ്യപ്പെട്ടു.
നിഗമനം
അമൃത്‌സറിലെ ഇന്ത്യയുടെ സൈനിക ക്യാംപ് പാക് സൈന്യം ആക്രമിച്ചു എന്ന പാക് അനുകൂല എക്‌സ് ഹാന്‍ഡിലുകളുടെ വീഡിയോ പ്രചാരണം വസ്‌തുതാവിരുദ്ധമാണ്. ഇന്നലെയും സമാനമായി ഏറെ വ്യാജ പ്രചാരണങ്ങള്‍ പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ നടത്തിയിരുന്നു.


